
ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള വിദ്വേഷ പ്രസംഗങ്ങളിൽ കഴിഞ്ഞ വർഷം വൻ വർധന. വാഷിങ്ടൺ ആസ്ഥാനമായ സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഓർഗനൈസ്ഡ് ഹേറ്റിന്റെ ഭാഗമായ ഹേറ്റ് ലാബ് പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം 2025ൽ രാജ്യം 1,318 വിദ്വേഷ പ്രസംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഇത് 2024നെ അപേക്ഷിച്ച് 13 ശതമാനവും 2023നെ അപേക്ഷിച്ച് 97 ശതമാനവും വർധനവാണ്. മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചാണ് ഭൂരിഭാഗം വിദ്വേഷ പ്രസംഗങ്ങളും നടന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മുസ്ലിങ്ങൾക്കെതിരെയുള്ള വിദ്വേഷ പ്രചാരണങ്ങളിൽ 2023 മുതൽ 97% വർധനവുണ്ടായി. ക്രിസ്ത്യൻ വിരുദ്ധ പ്രസംഗങ്ങളുടെ എണ്ണത്തിൽ 2025ൽ മാത്രം 41% വർധനവാണ് രേഖപ്പെടുത്തിയത്. പ്രതിദിനം ശരാശരി നാല് വിദ്വേഷ പ്രസംഗങ്ങൾ രാജ്യത്ത് നടക്കുന്നുണ്ടെന്നാണ് കണക്ക്. വിദ്വേഷ പ്രസംഗങ്ങളിൽ 88 ശതമാനവും നടന്നത് ബിജെപിയോ സഖ്യകക്ഷികളോ അധികാരത്തിലുള്ള സംസ്ഥാനങ്ങളിലാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ഉത്തർപ്രദേശിലാണ് (266 കേസുകൾ). മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. ഈ അഞ്ചിടങ്ങളിലായി രാജ്യത്തെ മൊത്തം കേസുകളുടെ മൂന്നിൽ രണ്ട് ഭാഗവും രേഖപ്പെടുത്തി.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി, അന്താരാഷ്ട്ര ഹിന്ദു പരിഷത് അധ്യക്ഷൻ പ്രവീൺ തൊഗാഡിയ തുടങ്ങിയവരാണ് വിദ്വേഷ പ്രസംഗം നടത്തിയവരിൽ മുൻപന്തിയിലുള്ളത്. രാഷ്ട്രീയ റാലികൾ, മതപരമായ ചടങ്ങുകൾ, ദേശീയവാദ സമ്മേളനങ്ങൾ എന്നിവയിലാണ് വിദ്വേഷ പ്രസംഗങ്ങൾ കൂടുതലായി നടന്നത്. വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്‌ദൾ തുടങ്ങിയ സംഘടനകളാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിൽ പ്രധാനികൾ. ലൗ ജിഹാദ്, ലാൻഡ് ജിഹാദ് തുടങ്ങിയ ഗൂഢാലോചനാ സിദ്ധാന്തങ്ങൾ ഉയർത്തിക്കാട്ടി ന്യൂനപക്ഷങ്ങൾക്കെതിരെ ജനങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയാണ് പലയിടത്തും ഉണ്ടായത്. പല പ്രസംഗങ്ങളും ആരാധനാലയങ്ങൾ തകർക്കാനും സാമ്പത്തിക ബഹിഷ്കരണത്തിനും ആഹ്വാനം ചെയ്യുന്നവയായിരുന്നുവെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.