
വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ ബിജെപി നേതാവ് പി സി ജോർജിനെതിരെ കേസെടുക്കാൻ തൊടുപുഴ പൊലീസിന് കോടതി നിർദേശം നല്‍കി. കേരളത്തിൽ ‘മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികൾ നമുക്ക് നഷ്ടമായി’ എന്ന് പി സി ജോർജ് പാലായിൽ നടന്ന ലഹരി വിരുദ്ധ സമ്മേളനത്തില്‍ പ്രസംഗിച്ചതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്‍റ് ബിലാൽ സമദ് പരാതി നൽകിയത്.
വർഗീയ പരാമർശങ്ങൾ നടത്തി രണ്ട് കേസുകളിൽ കോടതി അലക്ഷ്യം നേരിടുന്നതിനിടെയാണ് പി സി ജോർജ് വീണ്ടും വർഗീയ പരാമർശം നടത്തിയത്. കേരളത്തിൽ ഒരു കേസ് പോലും ലൗ ജിഹാദിന്റെ പേരിൽ രജിസ്റ്റർ ചെയ്യാത്തിടത്താണ് പി സി ജോർജ് കള്ളം മനഃപൂർവം പ്രചരിപ്പിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് പറഞ്ഞു.
എല്ലാ മതസ്ഥരും ഐക്യത്തോടെ കഴിയുന്ന കേരളത്തിലെ സാമൂഹിക അന്തരീക്ഷം തകർക്കുകയും മനപൂർവം കലാപം സൃഷ്ടിക്കുകയും ഒരു മതവിഭാഗത്തെ കള്ള പ്രചരണങ്ങളിലൂടെ ഒറ്റപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും ശ്രമിക്കുന്ന ജോർജിനെതിരെ 153എ, 295എ, 298 & 505 വകുപ്പുകൾ ചേർത്ത് കേസെടുക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.
നേതാക്കളായ ഫസൽ സുലൈമാൻ, ജോസിൻ തോമസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. മീനച്ചിൽ താലൂക്കിൽ മാത്രം നാനൂറോളം പെൺകുട്ടികളെ ലൗ ജിഹാദിൽ നഷ്ടപ്പെട്ടുവെന്നാണ് പിസി ജോർജ് പറഞ്ഞത്. അതിൽ 41 പേരെ മാത്രമാണ് തിരിച്ചു കിട്ടിയത്. യാഥാർഥ്യം മനസിലാക്കി രക്ഷിതാക്കൾ പെൺകുട്ടികളെ 24 വയസിന് മുമ്പ് കെട്ടിച്ചയക്കണമെന്നും പിസി ജോർജ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.