കഴിഞ്ഞദിവസം രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിൽ നിന്ന് രണ്ട് നിർണായക പരാമർശങ്ങളുണ്ടായി. കേന്ദ്രം ഭരിക്കുന്ന സർക്കാരിനും അവരെ നിയന്ത്രിക്കുന്ന സംഘടനയുടെ തത്വശാസ്ത്രത്തിനും എതിരെയുള്ള ശക്തമായ താക്കീതുകളായിരുന്നു രണ്ടു പരാമർശങ്ങളും. ഒന്ന് വർഗീയതയുടെ രാഷ്ട്രീയവൽക്കരണത്തെക്കുറിച്ചായിരുന്നെങ്കിൽ മറ്റൊന്ന് നിയമത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിലെ അപകടത്തെക്കുറിച്ചായിരുന്നു. വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിൽ സംസ്ഥാനങ്ങളുടെ പങ്കിനെക്കുറിച്ച് പരാമർശിക്കവേ ജസ്റ്റിസുമാരായ കെ എം ജോസഫും ബി വി നാഗരത്നയും അടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചത് ‘രാഷ്ട്രീയവും മതവും തമ്മിൽ വേർപെടുത്തുകയും മതത്തെ ഉപയോഗിച്ചുള്ള രാഷ്ട്രീയപ്രവർത്തനം ഇല്ലാതാക്കുകയും ചെയ്താൽ വിദ്വേഷപ്രസംഗങ്ങൾ ഇല്ലാതാകു‘മെന്നാണ്. മതവിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നടപടിയില്ലെങ്കിൽ കോടതിയലക്ഷ്യനടപടി നേരിടേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പ് നല്കുകയും ചെയ്തു. ‘ഭരണഘടന വിഭാവനം ചെയ്ത സാമുദായികമൈത്രി നിലനിർത്തണമെങ്കിൽ വിദ്വേഷപ്രസംഗങ്ങൾ നടക്കുന്നില്ലെന്ന് ഭരണകൂടം ഉറപ്പുവരുത്തണം.
ഇവയ്ക്കെതിരെ സമയബന്ധിതമായി നടപടികൾ സ്വീകരിക്കാത്തത് ഗുരുതരമായി കാണുന്നു. വിഭജനവേളയിൽ ഇന്ത്യയെ സ്വന്തം രാജ്യമായി തെരഞ്ഞെടുത്തവരോടാണിപ്പോൾ പാകിസ്ഥാനിലേക്ക് പോകൂ എന്ന് ആക്രോശിക്കുന്ന’തെന്ന കടുത്തവിമർശനമാണ് ജസ്റ്റിസ് ജോസഫിൽ നിന്നുണ്ടായത്. ഓരോ ദിവസവും മറ്റുള്ളവരെ അപകീർത്തിപ്പെടുത്താൻ ടിവിയിലും പൊതുവേദിയിലും ഉൾപ്പെടെ വിവാദ പ്രസംഗങ്ങൾ നടത്തുമ്പോൾ എത്രപേർക്കെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുമെന്ന ആശ്ചര്യവും ബെഞ്ച് പ്രകടിപ്പിച്ചു. ‘രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഛിദ്രശക്തികൾ വിദ്വേഷപ്രസ്താവനകൾ നടത്തുന്നുവെന്നും അറിവിന്റെയും വിദ്യാഭ്യാസത്തിന്റെയും അഭാവമാണ് അസഹിഷ്ണുതയ്ക്ക് കാരണമെന്നു‘മാണ് ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടിയത്. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടാൽ പാർലമെന്റ് അംഗങ്ങളെ യാന്ത്രികമായി അയോഗ്യരാക്കുന്നത് കടുത്ത നടപടിയാണെന്ന രണ്ടാമത്തെ നിരീക്ഷണം കോടതി നടത്തിയത് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യംചെയ്ത് ലക്ഷദ്വീപ് ഭരണകൂടവും അയോഗ്യത റദ്ദാക്കാത്തത് ചോദ്യംചെയ്ത് മുഹമ്മദ് ഫൈസൽ സമർപ്പിച്ച ഹര്‍ജിയും പരിഗണിക്കവേയാണ്.
നിയമനിർമ്മാതാക്കളായ അംഗങ്ങളെ ശിക്ഷിക്കുമ്പോൾ കോടതികൾ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന മുന്നറിയിപ്പും കോടതിയിൽ നിന്നുണ്ടായി. രണ്ടുവർഷമോ അതിലധികമോ ശിക്ഷ ലഭിച്ചാൽ അയോഗ്യത നിലവിൽവരുമെന്ന ജനപ്രാതിനിധ്യ നിയമത്തിന്റെ 8 (3) വകുപ്പ് കടുത്തതാണെന്നും അതുകൊണ്ട് സൂക്ഷിച്ചുവേണം ഇത്തരം കേസുകൾ കൈകാര്യം ചെയ്യേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്ക് ഗുജറാത്തിലെ വിചാരണക്കോടതി നല്കിയ പരമാവധി ശിക്ഷയായ രണ്ടുവർഷം തടവ് വിവാദമായിരിക്കേ പരമോന്നതകോടതിയുടെ പരാമർശം ശ്രദ്ധേയമാണ്. വിധിച്ച കോടതി തന്നെ ശിക്ഷ മരവിപ്പിക്കുകയും മേൽക്കോടതിയെ സമീപിക്കാൻ അനുമതി നല്കുകയും ചെയ്തിട്ടും വിധിയുണ്ടായതിന്റെ പിറ്റേന്ന് തന്നെ രാഹുലിനെ എംപിസ്ഥാനത്തു നിന്ന് നീക്കുകയും ഔദ്യോഗിക വസതി ഒഴിയാൻ ആവശ്യപ്പെടുകയും ചെയ്ത ഭരണകൂട നടപടിക്ക് താക്കീതായി വേണം സുപ്രീം കോടതി നിരീക്ഷണത്തെ കാണാൻ. മാനനഷ്ടക്കേസിൽ രാഹുലിന് പരമാവധി ശിക്ഷ വിധിച്ച സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഹരീഷ് ഹസ്‍മുഖ് വർമ്മയ്ക്ക് ഒരാഴ്ച തികയും മുമ്പ് ജില്ലാ ജഡ്ജിയായി സ്ഥാനക്കയറ്റം കിട്ടയത് പക്ഷേ യാദൃച്ഛികമായിരിക്കാം.
മതത്തെ രാഷ്ട്രീയമായി ദുരുപയോഗിക്കുന്ന ഹിന്ദുത്വഭരണകൂടത്തോട് സുപ്രീം കോടതി ചോദ്യങ്ങൾ ഉന്നയിച്ച അതേദിവസം തന്നെയാണ് മധ്യപ്രദേശിലെ ഖാർഗോണിൽ ‘ജയ് ഹിന്ദു രാഷ്ട്ര’ എന്ന ബാനറുകളുയർന്നിരിക്കുന്നത്. കഴിഞ്ഞ വർഷം രാമനവമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംഘർഷം നടന്ന പ്രദേശമാണ് ഖാർഗോൺ. സംസ്ഥാനം ഭരിക്കുന്നത് ബിജെപി തന്നെയാണ്. കഴിഞ്ഞ വർഷം സംഘർഷങ്ങൾ ആദ്യം ഉടലെടുത്ത ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്ന തലാബ് ചൗക്കിലാണ് ബാനറുകൾ. സറാഫ ബസാറിലും ബാനറുകളുയർന്നിട്ടുണ്ട്. നേരത്തെ നടന്ന ആക്രമണങ്ങളിൽ ഇവിടുത്തെ ധാൻ മൻദി മസ്ജിദിന് ഹിന്ദുത്വവാദികൾ കേടുപാടുകൾ വരുത്തിയിരുന്നു. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലെ പാൽധി പട്ടണത്തില്‍ കഴിഞ്ഞദിവസം ഹിന്ദു-മുസ്ലിം സംഘര്‍ഷമുണ്ടായി. സമീപത്തെ പള്ളിയിൽ നമസ്കാരം നടക്കുന്നതിനിടെ ഹിന്ദുമത ഘോഷയാത്രയില്‍ ഉച്ചത്തിലുള്ള സംഗീതം മുഴക്കിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ഇവിടെയും ബിജെപി സഖ്യമാണ് ഭരിക്കുന്നത്. ‘രാഷ്ട്ര ശില്പികള്‍ അംഗീകരിച്ച ഭരണഘടന പ്രകാരം ന്യൂനപക്ഷങ്ങൾക്കും അവകാശങ്ങളുണ്ട്. മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം അന്തസാണ്; സമ്പത്തല്ല. ഇത് സ്ഥിരമായി തകര്‍ക്കുന്ന നടപടികളുണ്ടാകരുത്. നമുക്ക് ഒരു മഹാശക്തിയാകണമെങ്കിൽ, ആദ്യം വേണ്ടത് നിയമവാഴ്ചയാണ്. അത് സാഹോദര്യത്തില്‍ അധിഷ്ഠിതമാണ്’ എന്ന സുപ്രീം കോടതിയുടെ മുന്നറിയിപ്പ് ഭരണകൂടത്തിന്റെ ബധിര കര്‍ണങ്ങളില്‍ ശക്തമായി പതിയട്ടെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.