
എംപിമാർക്കും എംഎൽഎമാർക്കും എതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതിയുടെ മുൻകൂർ അനുമതി നിർബന്ധമാണെന്ന് സുപ്രീം കോടതി ആവർത്തിച്ചു. മുൻ ലോക്‌സഭാ എംപി ബാൽ കുമാർ പട്ടേലിനെതിരായ ആയുധ നിയമ കേസ് റദ്ദാക്കണമെന്നാവശ്യം തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്. ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എൻ കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ജനപ്രതിനിധികൾക്കെതിരായ കേസുകൾ പിൻവലിക്കുന്നത് സംബന്ധിച്ച് 2021‑ൽ അശ്വിനി കുമാർ ഉപാധ്യായയും യൂണിയൻ ഓഫ് ഇന്ത്യയും തമ്മിലുള്ള കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച മാർഗരേഖയാണ് ഇവിടെ അടിസ്ഥാനമായത്. ഈ വിധിപ്രകാരം ജനപ്രതിനിധികൾ ഉൾപ്പെട്ട കേസുകൾ പിൻവലിക്കാന്‍ ഹൈക്കോടതിയുടെ അനുമതി വാങ്ങേണ്ടത് അനിവാര്യമാണ്. എന്നാൽ ബാൽ കുമാർ പട്ടേലിന്റെ കേസിൽ ഈ നടപടിക്രമം പാലിച്ചിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ ഇടപെടൽ.
മുൻ എംപിക്കെതിരായ മൂന്ന് ആയുധ നിയമ കേസുകൾ പിൻവലിക്കാൻ 2014 ഓഗസ്റ്റ് 6‑ന് ഉത്തർപ്രദേശ് സർക്കാർ ഉത്തരവിട്ടിരുന്നു. കേസ് പിൻവലിക്കാനുള്ള അപേക്ഷ സമർപ്പിക്കാൻ ഗവർണർ അനുമതിയും നൽകി. എന്നാൽ അശ്വിനി കുമാർ ഉപാധ്യായ കേസിലെ വിധി നിലനിൽക്കുന്നതിനാൽ, കേസ് പിൻവലിക്കാൻ ഹൈക്കോടതിയുടെ അനുമതി തേടാൻ വിചാരണ കോടതി സംസ്ഥാന സർക്കാരിന് 30 ദിവസത്തെ സമയം അനുവദിച്ചു. എന്നാൽ സർക്കാർ ഇതിന് തയ്യാറായില്ല. തുടർന്ന് തനിക്കെതിരായ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബാൽ കുമാർ പട്ടേൽ സിആർപിസി സെക്ഷൻ 482 പ്രകാരം ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഈ ആവശ്യം നിരസിച്ചതോടെയാണ് അദ്ദേഹം സുപ്രീം കോടതിയിലെത്തിയത്. നിർബന്ധിത നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ അപ്പീൽ തള്ളിയ സുപ്രീം കോടതി, കേസ് പിൻവലിക്കാൻ ഹൈക്കോടതിയെ സമീപിക്കാൻ പ്രോസിക്യൂഷന് അനുമതി നൽകി.
കേസുകൾ പിൻവലിക്കുന്നതിൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ ഉത്തരവാദിത്തത്തെക്കുറിച്ചും കോടതി ഓർമ്മിപ്പിച്ചു. സർക്കാർ പറയുന്നത് കേട്ട് മാത്രം പ്രവർത്തിക്കാതെ, സ്വതന്ത്രമായ അഭിപ്രായം രൂപീകരിക്കാൻ പ്രോസിക്യൂട്ടർമാർക്ക് കഴിയണം. കേസ് പിൻവലിക്കുന്നത് നിയമവിരുദ്ധമായ കാരണങ്ങൾ കൊണ്ടല്ലെന്നും, നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാനല്ലെന്നും ഉറപ്പാക്കാൻ കോടതികൾ ജാഗ്രത പാലിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. വിചാരണ കോടതികൾ ഇക്കാര്യത്തിൽ കേവലം കാഴ്ചക്കാരാകരുതെന്നും കോടതി നിരീക്ഷിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.