
ആഗോള കത്തോലിക്കാസഭയുടെ ആത്മീയാചര്യൻ ഫ്രാൻസിസ് മാർപാപ്പ വിടവാങ്ങിയെന്ന വാർത്ത വലിയ വേദനയോടെയാണ് ശ്രവിച്ചത്. മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ചതു മുതൽ എല്ലാ കാര്യങ്ങളിലും ദരിദ്രരുടെ പക്ഷംചേർന്നുനിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. 2013ൽ മാർപാപ്പയായ അർജന്റീനൻ കർദിനാൾ ജോർജ് മരിയോ ബെർഗോഗ്ലിയോ ഏതുപേരാണ് സ്വീകരിക്കുക എന്നത് എല്ലാവരുടെയും ജിജ്ഞാസയായിരുന്നു. ഈശോസഭയിലെ അംഗമായിരുന്ന അദ്ദേഹം സ്വാഭാവികമായും ഇഗ്നേഷ്യസ് ലയോളയുടെയോ മറ്റോ പേരായിരിക്കും സ്വീകരിക്കുക എന്നാണ് ലോകമാധ്യമങ്ങൾ പോലും കരുതിയത്. എന്നാൽ, എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ്, സമ്പത്തും ആഡംബരവും ഉപേക്ഷിച്ച് ദാരിദ്ര്യത്തിൽ ജീവിതത്തിന്റെ പ്രകാശം ഉണ്ടെന്ന് കണ്ടെത്തിയ അസീസിയയിലെ ‘ഫ്രാൻസിസി‘ന്റെ പേര് സ്വീകരിച്ചത്. ഇത് പാർശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളോടുള്ള വലിയ ഇടയന്റെ ശ്രേഷ്ഠമായ ഐക്യമായിരുന്നു. അങ്ങനെ കത്തോലിക്കാസഭയുടെ ചരിത്രത്തിൽ ആദ്യമായി യൂറോപ്പിന് പുറത്തുനിന്നുള്ള ഒരാൾ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെടുകയും ഫ്രാൻസിസ് എന്ന പേര് സ്വീകരിക്കുകയും ചെയ്തു.
ഫ്രാൻസിസ് മാർപാപ്പ രചിച്ച ചാക്രികലേഖനങ്ങൾ പരിശോധിച്ചാൽ ആ സോഷ്യലിസ്റ്റ് മനസ് നമുക്ക് വായിച്ചെടുക്കാം. അതിൽ സുവിശേഷത്തിന്റെ ആനന്ദം എന്ന ലേഖനം ഏറെ സവിശേഷമാണെന്ന് ഞാൻ കരുതുന്നു. അസമത്വം വർധമാനമായ അളവിൽ പ്രകടമാണെന്ന ആശങ്ക അതിൽ മാർപാപ്പ പങ്കുവയ്ക്കുന്നു. കാറൽ മാർക്സ് മുന്നോട്ടുവയ്ക്കുന്ന വർഗസമരത്തിന്റെ പുതിയ രീതിശാസ്ത്രം റോമിൽ നിന്ന് ലോകത്തിന് മുന്നിൽ അനാവൃതമാകുന്നു. അന്തസോടെ ജീവിക്കാനുള്ള പോരാട്ടമാണ് വേണ്ടത് എന്ന് അദ്ദേഹം ഊന്നിപ്പറയുന്നു. സമ്പന്നൻ കൂടുതൽക്കൂടുതൽ സമ്പന്നനാവുകയും ദരിദ്രൻ പരമദരിദ്രനായി ജീവിക്കേണ്ടിവരികയും ചെയ്യുന്ന നവസാമ്പത്തിക ലോകക്രമത്തെ തള്ളിപ്പറയാൻ മാർപാപ്പ ചങ്കൂറ്റം കാണിച്ചു. അളവറ്റ സമ്പത്തിന്റെ മടിത്തട്ടിൽ മയങ്ങുന്നവരുടെ ഇടയിൽ എഴുന്നേറ്റുനിന്ന്, ഒഴിവാക്കലിന്റെയും അസമത്വത്തിന്റെയും ഒരു പുത്തൻ സമ്പദ്‌വ്യവസ്ഥയോട് കലഹിക്കാൻ അദ്ദേഹം സദാസന്നദ്ധനായിരുന്നു. മാത്രവുമല്ല, ഇത്തരം ആപല്‍ക്കരമായ സമ്പദ്ഘടനയോട് അരുത് എന്ന് പറയാനും പോപ്പ് ആഹ്വാനം ചെയ്തു. നിറഞ്ഞിരിക്കുന്ന വലിയൊരു കോപ്പയിൽ പിടിച്ച് കുലുക്കുമ്പോൾ അതിൽ നിന്നും ഇറ്റിറ്റുവീഴുന്ന ഏതാനും തുള്ളികളല്ല പാവങ്ങളുടെ ഓഹരി. ദരിദ്രരും സമ്പന്നരും തമ്മിലുള്ള അന്തരം ഇല്ലാതാക്കുമ്പോഴാണ് സ്വർഗരാജ്യം സൃഷ്ടിക്കപ്പെടുക എന്നും അദ്ദേഹം ഉറച്ചുവിശ്വസിച്ചു.
മതാന്തര സംവാദങ്ങളും രാഷ്ട്രീയനേതാക്കളുമായുള്ള കൂടിക്കാഴ്ചകളുംനിരന്തരം നടത്തി. ലോകമാകെ കീഴടക്കിക്കൊണ്ട് മുന്നേറുന്ന കമ്പോള സിദ്ധാന്തത്തെ എതിർക്കുന്നതിന് അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ ഗൗരവതരമാണ്. ‘ഒഴിവാക്കൽ എന്നത് ആത്യന്തികമായി, നാം ജീവിക്കുന്ന സമൂഹത്തിന്റെ ഒരു ഭാഗമായിരിക്കുക എന്നതിന്റെ അർത്ഥം എന്താണെന്നതിനോട് ബന്ധപ്പെട്ടിരിക്കുന്നു. ഒഴിവാക്കപ്പെടുന്നവർ ഇനി മുതൽ സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരോ അതിന്റെ പാർശ്വങ്ങളിലുള്ളവരോ പൗരാവകാശം ഇല്ലാത്തവരോ അല്ല. അവർ ഇനി മുതൽ അതിന്റെ ഭാഗം പോലുമല്ല. ഒഴിവാക്കപ്പെടുന്നവർ ചൂഷിതരല്ല ബഹിഷ്കൃതരാണ്, അവശിഷ്ടങ്ങളാണ്. അതുകൊണ്ട് ഈ അവശിഷ്ടങ്ങൾക്കുവേണ്ടിയാണ് ഇനി നമ്മൾ പോരാട്ടം ശക്തമാക്കേണ്ടത്’ എന്നാണ് അദ്ദേഹം പറഞ്ഞത്. ദരിദ്രർക്കുവേണ്ടി, കറുത്തവർക്കുവേണ്ടി, സ്ത്രീകൾക്കും ട്രാൻസ്ജെന്‍ഡർ വ്യക്തികൾക്കു വേണ്ടി, സമാധാനത്തിനും സാമ്പത്തിക സമത്വത്തിനുവേണ്ടിയെല്ലാം തെളിമയുള്ള നിലപാടുകളായിരുന്നു അദ്ദേഹത്തിന്റേത്. വത്തിക്കാൻ എന്ന തീരെ ചെറിയ ഒരു രാഷ്ട്രത്തിന്റെ തലവനായിരുന്ന അദ്ദേഹത്തെ കേൾക്കാൻ ലോകമാകെ എപ്പോഴും കാതുകൂർപ്പിച്ചിരുന്നു.
മഹാത്മാഗാന്ധിയുടെയും ശ്രീനാരായണ ഗുരുവിന്റെയും ദർശനങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയിരുന്നതായി കാണാം. കമ്മ്യൂണിസത്തിനും കത്തോലിക്കാസഭയ്ക്കും പൊതുവായതും യോജിക്കാവുന്നതുമായ ഇടങ്ങളുണ്ടെന്നും സംവാദങ്ങളുടെ വാതിൽ തുറന്നിടുകയാണ് വേണ്ടതെന്നും അദ്ദേഹം വാദിച്ചു. കർക്കശമായ രീതികൾക്ക് പകരം സ്നേഹത്തിലും പരസ്പരാശ്രിതത്വത്തിലും ഉറച്ചുനിന്നുകൊണ്ടുള്ള നിലപാടുകളാണ് നല്ലതെന്നും അദ്ദേഹത്തിന് വ്യക്തതയുണ്ടായിരുന്നു. ആധുനിക കാലഘട്ടത്തിൽ സഭയിലും വിശ്വാസികളിലും ഉണ്ടാകേണ്ട നവീകരണം സംബന്ധിച്ച് മാർപാപ്പ നടത്തിയ പുരോഗമനപരമായ ഇടപെടൽ ശ്രദ്ധേയമാണ്.
ഹിംസയുടെ എല്ലാ രൂപങ്ങളെയും അദ്ദേഹം തുറന്നെതിർത്തു. ലോകരാഷ്ട്രങ്ങൾ തമ്മിലുണ്ടാകുന്ന സ്പർധയും കലഹങ്ങളും യുദ്ധങ്ങളുമെല്ലാം ആത്യന്തികമായി മാനവരാശിയുടെ നിത്യനാശത്തിൽ കൊണ്ടെത്തിക്കുമെന്ന് നിരന്തരം ഓർമ്മപ്പെടുത്തുന്ന ജാഗ്രതയുടെ മനുഷ്യപക്ഷത്തായിരുന്നു ഫ്രാൻസിസ് മാർപാപ്പ നിലയുറപ്പിച്ചത്. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ക്യൂബ — അമേരിക്ക ശീതയുദ്ധത്തിന് അയവുവരുത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. ലോകരാഷ്ട്രങ്ങൾ മുഴുവൻ പ്രകീർത്തിച്ച വസ്തുതയാണത്. യൂറോപ്പിന്റെ അഭയാർത്ഥിവിരുദ്ധ നിലപാടുകളെ വിമർശിച്ച അദ്ദേഹം എല്ലാക്കാലത്തും കുടിയേറ്റക്കാർക്കുവേണ്ടി വാദിച്ചു. ഏറ്റവുമൊടുക്കം ഉക്രെയ്ൻ — റഷ്യ യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിലും പലസ്തീൻ ജനതയ്ക്കുമീതെ ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യക്കെതിരെയും തുറന്നുപറഞ്ഞു. സമാധാനത്തിന്റെ പാത തുറക്കണമെന്നും യുദ്ധങ്ങൾ അവസാനിപ്പിക്കണമെന്നും ലോകരാഷ്ട്രങ്ങളോട് അദ്ദേഹം നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ലോകമനഃസാക്ഷിയുടെയും ജാഗ്രതയുടെയും ശബ്ദമാണ് നിലച്ചുപോയത്.
പൊതുവിൽ യാഥാസ്ഥിതികമെന്ന കരുതപ്പെടുന്ന സഭാസംവിധാനത്തെ വികേന്ദ്രീകരിച്ച് ജനകീയമാക്കിയ പുരോഗമന മനസായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടേത്. സഭാഭരണത്തിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകിയതും ഭിന്ന ലൈംഗിക വിഭാഗങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കുന്നതിന് കാണിച്ച ചരിത്രപരമായ ഇടപെടലുകളും വധശിക്ഷയ്ക്കെതിരെ സ്വീകരിച്ച നിലപാടുമെല്ലാം ഇതിന് ഉദാഹരണമാണ്. മുതലാളിത്തത്തിനെതിരെ ലാറ്റിനമേരിക്കൻ ബെൽറ്റിൽ അലയടിച്ചുയരുന്ന സോഷ്യലിസ്റ്റ് ആശയങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് ദാരിദ്ര്യവും അസമത്വങ്ങളും ഇല്ലാത്ത ഒരു നവലോകനിർമ്മിതി സ്വപ്നം കാണുകയും ആ മഹത്തായ സ്വപ്നത്തിലേക്ക് ലോകത്തെയാകെ കൈപിടിച്ച് കൊണ്ടുപോവുകയും ചെയ്തു എന്നതാണ് ഫ്രാൻസിസ് മാർപാപ്പയെ വ്യത്യസ്തനാക്കുന്നത്. ലോകത്തെയാകെ സ്വാധീനിച്ച നേരിന്റെ ശബ്ദം നിലച്ചിരിക്കുന്നു. ഇതുപോലെയൊരാൾ ഇനിയുണ്ടാകുമോ എന്ന് സംശയമാണ്. അതിയായ വേദനയോടെ ഫ്രാൻസിസ് മാർപ്പാപ്പയുടെ ഓർമ്മകൾക്കുമുന്നിൽ പ്രണാമമർപ്പിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.