
‘ദു ഷ്ടചാരിണിയായ കൈകേയി നിനക്കായി രാജ്യം നേടി വച്ചിരിക്കുന്നു; ധർമ്മാത്മാവായ രാമൻ സീതാ — ലക്ഷ്മണ സഹിതം കാട്ടിലേക്ക് തള്ളപ്പെട്ടിരിക്കുന്നു’ എന്ന് ദീനരോദനം ചെയ്യുന്ന കൗസല്യയോട് ഭരതൻ പറയുന്ന വാക്കുകൾ പ്രത്യേക പഠനം അർഹിക്കുന്നു (അയോധ്യാകാണ്ഡം; സർഗം 75; ശ്ലോകങ്ങൾ 21 മുതൽ 51 വരെ). ഈ ശ്ലോകങ്ങളിൽ, രാമായണം രചിക്കപ്പെട്ട കാലത്ത് നിലനിന്നിരുന്ന സദാചാരസംഹിതകളുടെ എല്ലാം സാരസന്ദേശങ്ങളെയും ഉള്ളടക്കം ചെയ്തുവച്ചിട്ടുണ്ട്. ഇപ്പോഴും പ്രസക്തി കുറഞ്ഞു പോയിട്ടില്ലാത്തതെന്ന് തീർച്ചയായും പറയാവുന്ന ചില സദാചാര വൃത്തികളെ സംബന്ധിച്ചാണ് ഇവിടെ ചിന്തനം ചെയ്യുന്നത്.
‘രാമനെ കാട്ടിലേക്ക് അയയ്ക്കുവാൻ ആരാണോ കാരണഭൂതരായത് അവരെ സദാചാരങ്ങൾ തെറ്റി നടന്നവരെ പ്രാപിക്കുന്ന പാപം ഗ്രസിക്കാൻ ഇടവരട്ടെ’ എന്നിങ്ങനെയുള്ള ശാപോക്തികളുടെ രൂപത്തിലാണ് വാല്മീകി മഹർഷി ഭരതനിലൂടെ അക്കാലത്തെ സദാചാര തത്വങ്ങൾ അവതരിപ്പിക്കുന്നത്. രാമനെ കാട്ടിലേക്ക് തള്ളുവാൻ ഞാൻ കാരണഭൂതനാണെങ്കിൽ എന്നെയും സദാചാരം ലംഘിക്കുന്നവരുടെ പാപം ഗ്രസിക്കട്ടെ എന്ന ഒരു ഉൾധ്വനിയും ഭരതോക്തിയിലുണ്ട്. രാമനെ കാട്ടിലേക്ക് പറഞ്ഞുവിട്ടതിൽ താനൊരു പ്രകാരത്തിലും പങ്കാളിയായിട്ടില്ല എന്ന നല്ല ഉറപ്പ് ഭരതനുള്ളതിനാലാണ് കൗസല്യയുടെയും സുമിത്രയുടെയും സമക്ഷത്തിൽ ഈ ശാപോക്തി പ്രഖ്യാപനങ്ങൾ ഭരതൻ നടത്തുന്നതെന്നും മനസിലാക്കണം. എന്തായാലും ഈ ശാപോക്തിയിലൂടെ രാമായണം മുന്നോട്ടുവയ്ക്കുന്ന സദാചാരസംഹിതയെ സംബന്ധിച്ച് ഏകദേശ ധാരണ ഉണ്ടാക്കാനാവും എന്നത് തീർച്ചയാണ്. എന്താണ് ആ സദാചാരസംഹിത എന്ന് ഒതുക്കത്തിലൊന്നു നോക്കിപ്പോകാം.
‘പരിപാലയമാനസ്യ രാജ്ഞോ ഭൂതാനി പുത്രവത്
തതസ്തു ദ്രുഹ്യതാം പാപം യസ്യാര്യോആനുമതേ ഗതാഃ’ (അയോധ്യാകാണ്ഡം; സർഗം 75; 24). ‘വേലക്കാരനെ വല്ലാതെ പണിയെടുപ്പിച്ചിട്ട് യാതൊരു കൂലിയും നൽകാത്ത യജമാനനെ പ്രാപിക്കുന്ന പാപം രാമനെ കാട്ടിലയച്ചവർക്കുണ്ടാവട്ടെ’ എന്നതാണ് ശ്ലോകത്തിന്റെ സാരാർത്ഥ താല്പര്യം. ഇതിൽ നിന്ന്, കൂലി കൊടുക്കാതെ പണിയെടുപ്പിക്കുന്നത് മഹാപാപമുണ്ടാക്കുന്ന സദാചാര വിരുദ്ധ നടപടിയായി രാമായണം കാണുന്നതായി വിലയിരുത്താം. അതുകൊണ്ട് വേലയ്ക്ക് മതിയായ വേതനം ഉറപ്പാക്കാനുള്ള ഏതൊരു തൊഴിലാളി സമരവും രാമായണത്തിന്റെ സദാചാരസംഹിതയനുസരിച്ച് സാധുവാണെന്നുപറയാം.
‘വേല ചെയ്തവന്റെ വിയർപ്പാറും മുമ്പേ വേതനം നൽകണം’ എന്നുപദേശിച്ച മുഹമ്മദ് നബിയുടെ വചനത്തോട് മേല്പറഞ്ഞ വചനത്തിനുള്ള സാര സമാനത ചിന്തനീയമാണ്. മുഹമ്മദിനുമുമ്പാണ് മഹർഷി വാല്മീകി രാമായണം രചിച്ചത് എന്നും ഓർക്കണം. പണിയെടുക്കുന്നവന് കൂലി ഉറപ്പാക്കാൻ ആഗോള തൊഴിലാളി വർഗം നടത്തിയ എല്ലാ പോരാട്ടങ്ങൾക്കും പ്രത്യയശാസ്ത്ര പ്രഭാവം നൽകിയ കാള്‍ മാർക്സിന്റെ സഹൃദയത്വവും മേലുദ്ധരിച്ച രാമായണ വാക്യത്തിലെ സന്ദേശത്തെ വായിച്ചിരുന്നെങ്കിൽ സാദരം അഭിവാദ്യം ചെയ്തേനെ. ചുരുക്കത്തിൽ അന്നും ഇന്നും എന്നും പ്രസക്തമായ ഒരു സദാചാര സന്ദേശമാണ് പണിയെടുക്കുന്നവന് വരമ്പത്തുതന്നെ കൂലി കൊടുക്കണം എന്നു ധ്വനിപ്പിക്കുന്ന ഭരതവാക്യം.
വേലയ്ക്ക് കൂലി കൊടുക്കണം എന്നത് സദാചാരസംഹിതയാണെങ്കിലും അതു നടപ്പാക്കാൻ തൊഴിലാളികൾക്ക് ഒരുപാടു സമരം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നതും, ഇപ്പോഴും സമരം ചെയ്യേണ്ടി വരുന്നുണ്ടെന്നതുമാണ് ആ സദാചാരസംഹിതയുടെ പ്രായോഗിക രാഷ്ട്രീയം. ഏതു രാമരാജ്യത്തെയും കാമരാജ്യത്തെയും പാപം ഗ്രസിക്കാതിരിക്കാൻ വേല ചെയ്യുന്നവർക്കെല്ലാം മതിയായ വേതനവും സുഖജീവിതവും ഉറപ്പാക്കുന്ന നടപടികൾ ഉണ്ടായേപറ്റൂ.
തുടർന്നു ഭരതൻ പറയുന്നത് ‘ആരുടെ താല്പര്യമാണോ രാമനെ കാട്ടിലേക്കയച്ചത് അയാളെ ജനങ്ങളുടെ വരുമാനത്തിന്റെ ആറിലൊരുഭാഗം കരമായി പിരിച്ചെടുത്തിട്ടും പ്രജാപരിപാലനം ചെയ്യാത്ത രാജാവിനെ പ്രാപിക്കുന്ന പാപം പ്രാപിക്കട്ടെ’ എന്നാണ്. ഇവിടെ രാജാവ് എന്ന വാക്കുമാറ്റി സർക്കാർ എന്നാക്കിയാൽ ഈ വാക്യം സാരാംശത്തിൽ ഇക്കാലത്തും പ്രസക്തമാകും. നികുതി അടയ്ക്കാത്തവരും നികുതിവെട്ടിപ്പ് നടത്തുന്നവരും ചെയ്യുന്നത് രാജ്യദ്രോഹമാണ്. നികുതി പിരിച്ചിട്ടും ജനപരിപാലനം മതിയായവിധത്തിൽ ചെയ്യാത്ത ഭരണകൂടം ചെയ്യുന്നത് ജനദ്രോഹവുമാണ്. രാജ്യദ്രോഹം ചെയ്യുന്ന ജനങ്ങൾ ജനദ്രോഹം ചെയ്യാത്ത സർക്കാറിനെ അർഹിക്കുന്നുമില്ല.
യഥാർത്ഥത്തിൽ ഏതുകാലത്തും ഏതുദേശത്തും ഒരു പൗരമാനവന് ചെയ്യാനാകുന്ന ഒരേയൊരു രാജ്യദ്രോഹ നടപടി നികുതി നൽകാതിരിക്കലും നികുതിവെട്ടിക്കലുമാണ്. ഈ രാജ്യദ്രോഹം ചെയ്യുന്നതും നികുതിപ്പണം വാങ്ങിയിട്ടും പ്രജാപരിപാലനം വേണ്ടവിധത്തിൽ ചെയ്യാതിരിക്കുന്നതും പാപമാണെന്ന് രാമായണ ഭാഷയിലും, അനീതിയാണെന്ന് പുതിയ ഭാഷയിലും പറയാം.
നികുതി എന്നത് പ്രജാപരിപാലനത്തിന് പ്രജകൾ സർക്കാറിനുകൊടുക്കുന്ന കൂലിയാണ്. ഈ കൂലി എക്കാലത്തും സാമൂഹിക ജീവിതത്തിൽ ഏർപ്പെടുന്ന ജനങ്ങൾ കൊടുക്കണം. അതുപോലെ ജനങ്ങൾ സർക്കാറിനാൽ പരിപാലിക്കപ്പെടുകയും വേണം. ഇതു ചെയ്യാതിരുന്നാൽ പാപം ഗ്രസിക്കും എന്നത് രാമായണത്തിന്റെയും പ്രഖ്യാപിത സദാചാര തത്വമാണ്. പാപം എന്നാൽ പതനം സംഭവിക്കലാണ്. നികുതി നൽകുന്ന നിലയ്ക്കും ജനജീവിത പരിപാലനത്തിനും വീഴ്ചയുണ്ടായാൽ രാഷ്ട്രത്തിന്റെ പതനം ഉറപ്പാണല്ലോ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.