ഒടുവില്‍ ആരാധകര്‍ കാത്തിരുന്ന ധോണിയുടെ മികച്ച പ്രകടനത്തോടെ ചെന്നൈ സൂപ്പര്‍ കിങ്സ് വിജയവഴിയില്‍ തിരിച്ചെത്തി. ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ അഞ്ച് വിക്കറ്റ് വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ റിഷഭ് പന്തിന്റെ അര്‍ധസെഞ്ചുറി കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 19.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ വിജയലക്ഷ്യത്തിലെത്തി. 11 പന്തിൽ പുറത്താകാതെ 26 റൺസെടുത്ത ധോണിയുടെയും, 37 പന്തിൽ 43 റൺസുമായി ശിവം ദുബെയുടെയും മികവിലാണ് ചെന്നൈ ഇടവേളയ്ക്കു ശേഷം വിജയവഴിയിലെത്തിയത്.
ഡെവോണ്‍ കോണ്‍വെയെ ഒഴിവാക്കി ഷെയ്ക് റഷീദാണ് രചിന്‍ രവീന്ദ്രയ്ക്കൊപ്പം ഓപ്പണറായി ഇറങ്ങിയത്. 19 പന്തില്‍ 27 റണ്‍സെടുത്ത റഷീദിന്റെ വിക്കറ്റാണ് ചെന്നൈയ്ക്ക് ആദ്യം നഷ്ടമായത്. രചിനൊപ്പം ഓപ്പണിങ് വിക്കറ്റില്‍ 52 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് മടക്കം. രാഹുല്‍ ത്രിപാഠി (9), രവീന്ദ്ര ജഡേജ (7) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഒമ്പത് റണ്‍സ് നേടി വിജയ് ശങ്കറും നിരാശപ്പെടുത്തി. എന്നാല്‍ ധോണി — ദുബെ സഖ്യം ടീമിനെ വിജയത്തിലേക്ക് നയിച്ചു. 37 പന്തുകള്‍ നേരിട്ട ദുബെ രണ്ട് സിക്‌സും മൂന്ന് ഫോറും നേടി. ധോണിയുടെ അക്കൗണ്ടില്‍ ഒരു സിക്‌സും നാല് ഫോറുമുണ്ടായിരുന്നു. പിരിയാത്ത ആറാം വിക്കറ്റിൽ 27 പന്തിൽ 57 റൺസടിച്ചുകൂട്ടിയാണ് ധോണി – ദുബെ സഖ്യം ചെന്നൈയെ വിജയത്തിലെത്തിച്ചത്. ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ അവസാന ഓവറുകളിലെ വേഗമേറിയ ഇന്നിങ്‌സാണ് ചെന്നൈയ്ക്ക് ജയമൊരുക്കിയത്. ലഖ്‌നൗവിന് വേണ്ടി രവി ബിഷ്‌ണോയ് രണ്ട് വിക്കറ്റെടുത്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗവിനായി 49 പന്തില്‍ 63 റണ്‍സ് നേടിയ റിഷഭ് പന്താണ് ടോപ് സ്കോററായത്. ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം (6) ആദ്യ ഓവറില്‍ത്തന്നെ മടങ്ങി. മിച്ചല്‍ മാര്‍ഷ് (30), നിക്കോളാസ് പുരാന്‍ (8), ആയുഷ് ബദോനി എന്നിങ്ങനെയാണ് മറ്റു സ്കോറര്‍മാര്‍. ഷാര്‍ദുല്‍ താക്കൂര്‍ (6) അവസാന പന്തില്‍ പുറത്തായി. ഡേവിഡ് മില്ലര്‍ (0) പുറത്താവാതെ നിന്നു. ചെന്നൈയ്ക്കായി മതീഷ് പതിരണയും രവീന്ദ്ര ജഡേജയും രണ്ടുവീതം വീഴ്ത്തി.
വിജയിച്ചങ്കിലും പോയിന്റ് ടേബിളില്‍ ചെന്നൈയാണ് അവസാനസ്ഥാനത്ത്. ഏഴ് മത്സരങ്ങളില്‍ രണ്ട് വിജയം മാത്രമാണ് ചെന്നൈയ്ക്കുള്ളത്. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ചെന്നൈയ്ക്ക് ഇനി എല്ലാ മത്സരങ്ങളും വിജയിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.