26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 6, 2025
March 27, 2025
March 1, 2025
February 2, 2025
June 19, 2024
June 2, 2024
June 2, 2024
May 31, 2024
May 26, 2024
May 24, 2024

കടലിലും ഉഷ്ണതരംഗം; ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ നശിക്കുന്നു

Janayugom Webdesk
കൊച്ചി
May 6, 2024 7:49 pm

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നതായി പഠനം. ദ്വീപ് മേഖലയിലെ പവിഴപ്പുറ്റ് ആവാസവ്യവസ്ഥയുടെ ഏറിയ പങ്കും ബ്ലീച്ചിംഗിന് വിധേയമായതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പഠനത്തിൽ കണ്ടെത്തി. 

സമുദ്രത്തിലെ താപനില അസാധാരണമാംവിധം ഏറെക്കാലം ഉയർന്നുനിൽക്കുന്ന അപൂർവ കാലാവസ്ഥാസ്ഥിതിയാണ് ഉഷ്ണതരംഗം. ഇത്തരം ഉഷ്ണതരംഗങ്ങൾ സമുദ്രത്തിലെ ജൈവവൈവിധ്യത്തിനും ആവാസവ്യവസ്ഥയുടെ സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത്. താപ സമ്മർദ്ദം അളക്കുന്ന ഡിഗ്രി ഹീറ്റിംഗ് വീക്ക് (ഡിഎച്ച്ഡബ്ല്യൂ) സൂചകം ലക്ഷദ്വീപിൽ നാല് ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. ഇതാണ് പവിഴപ്പുറ്റുകളുടെ നശീകരണത്തിനും അതുവഴി വൈവിധ്യമാർന്ന സമുദ്രജൈവസമ്പത്തിന്റെ തകർച്ചക്കും വഴിയൊരുക്കുന്നത്.
അമിതമായ താപസമ്മർദം കാരണം പവിഴപ്പുറ്റുകളിലെ സിംബയോട്ടിക് ആൽഗകൾ നശിക്കുന്നതാണ് ബ്ലീച്ചിംഗിന് കാരണമാകുന്നതെന്ന് സിഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. ഡി. എച്ച്. ഡബ്ല്യൂ 12 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയാണെങ്കിൽ ജൈവവൈവിധ്യ പ്രതിസന്ധിക്ക് കാരണമാകുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ സിഎംഎഫ്ആർഐയിലെ സീനിയർ സയന്റിസ്റ്റ് ഡോ കെ ആർ ശ്രീനാഥ് പറഞ്ഞു. 

അന്തരീക്ഷത്തിലെ അമിതമായ ചൂടും സമുദ്രപ്രവാഹത്തിലെ മാറ്റവുമാണ് കടലിലെ ഉഷ്ണതരംഗത്തിന്റെ പ്രധാന കാരണങ്ങളെന്ന് സിഎംഎഫ്ആർഐ സീനിയർ സയന്റിസ്റ്റ് ഡോ ഷൽട്ടൺ പാദുവ പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബർ 27 മുതൽ ലക്ഷദ്വീപിൽ ഈ സാഹചര്യമാണുള്ളത്.
പവിഴപ്പുറ്റ് പോലുള്ള സമുദ്രജൈവവൈവിധ്യങ്ങളുടെ തകർച്ച വിനോദസഞ്ചാരത്തെയും മത്സ്യബന്ധന മേഖലകളെയും ബാധിക്കും. ഇത് തീരദേശസമൂഹത്തിന് ഉപജീവനത്തിന് ഭീഷണിയാണ്. കടൽപ്പുല്ല് പോലെയുള്ള മറ്റ് സമുദ്രസമ്പത്തിനും ഉഷ്ണതരംഗം ഭീഷണി ഉയർത്തുന്നുണ്ട്. ഈ സാഹചര്യം കടൽ ഭക്ഷ്യശൃംഖലയെ സാരമായി ബാധിക്കും. മീനുകളുടെയും സസ്തനികളുടെയും നിലനിൽപ്പിനെ ഇത് അപകടത്തിലാക്കും. 

Eng­lish Sum­ma­ry: Heat wave at sea; Coral reefs in Lak­shad­weep are dying

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.