
ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് 11 സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ (എന്‍എച്ച്ആര്‍സി). 2018 നും 2022 നും ഇടയില്‍ ഉഷ്ണതരംഗത്തിലും സൂര്യാഘാതത്തിലും ദുര്‍ബല ജനവിഭാഗത്തില്‍പ്പെടുന്ന 3,798 പേര്‍ മരിച്ചുവെന്ന നാഷണല്‍ ക്രൈം റെക്കേഡ്സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എന്‍എച്ച്ആര്‍സി മുന്നറിയിപ്പ് നല്‍കിയത്. ഉഷ്ണതരംഗത്തിന്റെ ആഘാതം ലഘുകരിക്കാനും പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍, പുറം ജോലിയില്‍ ഏര്‍പ്പെട്ടവര്‍, പ്രായമായവര്‍, കുട്ടികള്‍, ഭവനരഹിതര്‍ തുടങ്ങിയ ജനവിഭാഗങ്ങളെ സംരക്ഷിക്കാനുള്ള നടപടികള്‍ ഈ സംസ്ഥാനങ്ങള്‍ സ്വീകരിക്കണം. സൂര്യാഘാതം, ഉഷ്ണതരംഗം എന്നിവയില്‍ നിന്ന് ഇവരെ സംരക്ഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കണമെന്നും എന്‍എച്ച്ആര്‍സി സംസ്ഥാനങ്ങളോട് കത്തിലൂടെ ആവശ്യപ്പെട്ടു. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡിഷ, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് കമ്മിഷന്‍ കത്തയച്ചത്.
പാര്‍പ്പിട നിര്‍മ്മാണം, ആവശ്യവസ്തു വിതരണം എന്നീ മേഖലകളില്‍ ജോലി സമയ ക്രമീകരണം, ഉഷ്ണതരംഗ‑സൂര്യാഘാതം ചെറുക്കുന്നതിനുള്ള മുന്നൊരുക്കം എന്നീ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. ദേശീയ ദുരന്ത നിവാരണ മാര്‍ഗനിര്‍ദേശം അനുസരിച്ചുള്ള എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തണം. ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട ആരോഗ്യ വിഷയങ്ങള്‍ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കണം. ഫാന്‍, ശീതീകരണ സംവിധാനം, ഒആര്‍എസ് ലായനി എന്നിവ പാര്‍ശ്വവല്‍ക്കൃത വിഭാഗത്തില്‍പ്പെട്ട ജനങ്ങളില്‍ എത്തിക്കാനുള്ള സംവിധാനം സ്വീകരിക്കണം. ജോലി സമയം ക്രമീകരിക്കുകയും നിശ്ചിത ഇടവേളകളില്‍ വിശ്രമം അനുവദിക്കുകയും വേണം. ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ദേശീയ ദുരന്ത നിവാരണ അതോറിട്ടി മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും എന്‍എച്ച്ആര്‍സി കത്തില്‍ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.