വേനൽമഴയിൽ വിവിധ ഇടങ്ങളിൽ വ്യാപകനാശം. കാറ്റിൽ മരം വീണാണ് അപകടങ്ങൾ കൂടുതലും. മരംവീണ് ചിലയിടങ്ങളിൽ വൈദ്യുതിബന്ധം തടസ്സപ്പെട്ടു. വാഴ, കമുക് പച്ചക്കറി കൃഷി എന്നിവക്കും നാശനഷ്‌ടമുണ്ടായി. കണിയാമ്പറ്റയിൽ മഴയിലും കാറ്റിലും വീടിനുമുകളിൽ മരം വീണ് മേൽക്കൂര തകർന്നു. കൊഴിഞ്ഞങ്ങാട് കറപ്പിയുടെ വീടിന് മുകളിലാണ് കഴിഞ്ഞ ദിവസം പെയ്ത മഴയിലും ശക്തമായ കാറ്റിലും മരം കടപുഴകി വീണത്.
വീടിന്റെ പുറത്തേക്ക് കെട്ടിയ ഷെഡ് തകർന്നു. അപകടസമയത്ത് കറപ്പി വീടിനുള്ളിൽ ഉണ്ടായിരുന്നു. വീടിന്റെ ഒരുവശത്തേക്ക് ചേർന്ന് മരം വീണതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മാനന്തവാടി തലപ്പുഴയിൽ ശക്തമായ കാറ്റിൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെ മേൽക്കൂര തകർന്ന് തൊട്ടടുത്തുള്ള യുപി സ്‌കൂൾ കെട്ടിടത്തിൽ പതിച്ചു. ബത്തേരി നെന്മേനി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വേനൽമഴയ്‌ക്കൊപ്പം വീശിയടിച്ച കാറ്റിൽ വാഴകൃഷി നശിച്ചു.
അരിമാനി, ചിറ്റൂർകുന്ന്, നമ്പികൊല്ലി, നർമാട് പ്രദേശങ്ങളിലാണ് കൃഷിനാശം ഉണ്ടായത്. ചിറ്റൂർകുന്ന് മാച്ചിയുടെ നേന്ത്രവാഴയാണ് ഒടിഞ്ഞുവീണും കടപുഴകിയും നശിച്ചത്. നമ്പ്യാർകുന്ന് നർമാട് ഷൺമുഖൻ, ബാബുരാജ്, പ്രഭാകരൻ, സുനിൽകുമാർ എന്നിവർ കൃഷിചെയ്ത വാഴകളും നശിച്ചു. പ്രദേശത്ത് നാലായിരത്തോളം വാഴകൾ നശിച്ചതായി കർഷകർ പറഞ്ഞു. നമ്പികൊല്ലിയിലും കാറ്റിലും മഴയിലും വ്യാപക കൃഷിനാശം സംഭവിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.