
വടക്കേ ഇന്ത്യയിൽ തുടരുന്ന കനത്ത മൂടൽമഞ്ഞ് വ്യോമഗതാഗതത്തെ താറുമാറാക്കി. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദൃശ്യപരത കുറഞ്ഞതിനെ തുടർന്ന് 97 വിമാനങ്ങൾ റദ്ദാക്കി.
വിമാനത്താവളത്തിലേക്ക് എത്തേണ്ട 48 സർവീസുകളും ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ട 49 സർവീസുകളുമാണ് റദ്ദാക്കിയത്. ഇതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. പല വിമാനങ്ങളും പത്ത് മണിക്കൂറിലധികം വൈകിയാണ് സർവീസ് നടത്തുന്നത്. സർവീസുകൾ റദ്ദാക്കിയ വിവരം വൈകി അറിയിച്ചതിനെ തുടർന്ന് യാത്രക്കാരും വിമാനക്കമ്പനി അധികൃതരും തമ്മിൽ വാഗ്വാദങ്ങളും ഉണ്ടായി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡൽഹിയിൽ വ്യോമഗതാഗതം സമാനമായ പ്രതിസന്ധി നേരിടുകയാണ്. കഴിഞ്ഞ 17-ാം തീയതി എണ്ണൂറിലധികം വിമാനങ്ങൾ വൈകുകയും ഇരുന്നൂറോളം എണ്ണം റദ്ദാക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച നാല് അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടെ 177 വിമാനങ്ങളാണ് റദ്ദാക്കിയത്. മൂടൽമഞ്ഞ് റെയിൽ ഗതാഗതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. ഡൽഹിയിലേക്കുള്ള നിരവധി ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയാണ് ഓടുന്നത്.
വരും ദിവസങ്ങളിലും പുലർച്ചെ കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സമയക്രമം ഉറപ്പുവരുത്തണമെന്ന് എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ യാത്രക്കാർക്ക് നിര്‍ദേശം നൽകി. ദൃശ്യപരത 50 മീറ്ററിൽ താഴെയാകുന്നത് ലാൻഡിംഗിനെയും ടേക്ക് ഓഫിനെയും ഒരേപോലെ ബാധിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.