സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ അതിതീവ്ര മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ഇന്നും നാളെയും മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കാണ് സാധ്യതയുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് ആണ്. കണ്ണൂരും കാസര്‍കോടും ഒഴികെ ബാക്കി എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്.
തെക്കൻ തമിഴ്‌നാടിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു. തെക്കൻ ഛത്തീസ്ഗഢിൽ നിന്ന് തെക്കൻ കർണാടക വരെ ന്യൂനമർദപ്പാത്തി രൂപപ്പെട്ടിട്ടുണ്ട്. മറ്റൊരു ന്യൂനമർദപ്പാത്തി മറാത്തവാഡയിൽ നിന്ന് തെക്കൻ തമിഴ്‌നാട് വഴി ചക്രവാതച്ചുഴിയിലേക്ക് നീണ്ടുനിൽക്കുന്നു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ബുധനാഴ്ചയോടെ സീസണിലെ ആദ്യ ന്യൂനമർദം രൂപപ്പെടാനും വടക്കുകിഴക്കൻ ദിശയിൽ സഞ്ചരിച്ച് മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. 22 വരെ ശക്തമായ പടിഞ്ഞാറൻ / തെക്ക് പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ കൂടുതല്‍ കരുത്താര്‍ജിക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം മഴയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
ശക്തമായ കാറ്റ്, മിന്നല്‍, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതകളെല്ലാം നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ അതീവജാഗ്രത വേണമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയായതിനാല്‍ മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങള്‍ക്കും സാധ്യതയുണ്ട്. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്.
ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം. ദുരിതാശ്വാസ ക്യാമ്പുകള്‍ മുന്‍കൂറായി തയ്യാറാക്കണമെന്നും നിര്‍ദേശം നല്‍കി.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്‍ട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
കാലവര്‍ഷം 31ന് എത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 31 ഓടെ കാലവര്‍ഷം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
നാളെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയുള്ള കാലവര്‍ഷമാണ് കേരളത്തിലേക്കെത്തുന്നത്.
മത്സ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യത്തൊഴിലാളികള്‍ കേരള തീരത്ത് നിന്നും കടലിൽ പോകാൻ പാടില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.
മുന്നറിയിപ്പ് കർശനമായി പാലിക്കണമെന്നും അറിയിപ്പുണ്ട്.
English Summary: Heavy rain: High alert
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.