തമിഴ് നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്. ചെന്നൈയില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ അതിശക്തമായ മഴ തുടരുമെന്നാണ് അറിയിപ്പ് . കാലാവസ്ഥാമുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ചെന്നൈ അടക്കം നാലു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നാളെ അവധി പ്രഖ്യാപിച്ചു.
ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളിലാണ് നാളെ അവധി നല്‍കിയിട്ടുള്ളത്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു. ഒക്ടോബര്‍ 15 മുതല്‍ 18 വരെ ഈ ജില്ലകളിലെ ഐടി കമ്പനികളിലെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കുന്നതിനുള്ള ഉപദേശം നല്‍കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ജനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കടല്‍ക്ഷോഭവും ശക്തമായ കാറ്റും ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഒക്ടോബര്‍ 17 വരെ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.വെള്ളപ്പൊക്ക സാഹചര്യമുണ്ടായാല്‍ നേരിടുന്നതിനായി 990 പമ്പുകളും പമ്പ് സെറ്റുകളുള്ള 57 ട്രാക്ടറുകളും സജ്ജമാണെന്ന് മുഖ്യമന്ത്രിയുടെ അവലോകന യോഗത്തില്‍ ചെന്നൈ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 59 ജെസിബി, 272 മരം മുറിക്കുന്ന യന്ത്രങ്ങള്‍, 176 വാട്ടര്‍ ഡ്രെയിനറുകള്‍, 130 ജനറേറ്ററുകള്‍, 115 ലോറികള്‍ എന്നിവ സജ്ജമാണെന്നും അറിയിച്ചു.തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയില്‍ ഇന്നലെ വൈകിട്ട് പെയ്ത കനത്ത മഴയില്‍ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളക്കെട്ടിലായി.
പൊന്നേരി റെയില്‍വേ സബ്വേ ഉള്‍പ്പെടെ പലയിടവും വെള്ളത്തില്‍ മുങ്ങി. കോയമ്പത്തൂരില്‍ കനത്ത മഴ തുടരുകയാണ്. സേലത്തും തിരുച്ചിറപ്പിള്ളിയിലും ശക്തമായ മഴ തുടരുകയാണ്. െ്രതക്കന്‍ നെല്ലായി, വിരുദുനഗര്‍ എന്നിവിടങ്ങളിലും മഴ പെയ്യുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളക്കെട്ടിനെത്തുടര്‍ന്ന് ഈ പ്രദേശങ്ങളില്‍ വാഹന ഗതാഗതം ദുഷ്‌കരമായിരിക്കുകയാണ്.
തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തമായി വടക്കുപടിഞ്ഞാറോട്ട് നീങ്ങിയേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. അടുത്ത രണ്ട് ദിവസങ്ങളില്‍ വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി, അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ആന്ധ്രാപ്രദേശ് തീരങ്ങളിലേക്ക് ന്യൂനമര്‍ദ്ദം സഞ്ചരിക്കും. ഇതിന്റെ ഭാഗമായി തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കല്‍ എന്നിവിടങ്ങളില്‍ തീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബര്‍ 14–16 മുതല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.