24 February 2026, Tuesday

Related news

February 24, 2026
February 23, 2026
February 22, 2026
February 18, 2026
February 17, 2026
February 14, 2026
February 13, 2026
February 13, 2026
February 13, 2026
February 12, 2026

അമേരിക്കയുടെ കിഴക്കൻ തീരത്ത് കനത്ത മഞ്ഞുവീഴ്ച; 5,000 ത്തിലധികം വിമാന സർവീസുകൾ റദ്ദാക്കി

Janayugom Webdesk
കാലിഫോർണിയ
February 24, 2026 4:20 pm

അമേരിക്കയുടെ കിഴക്കൻ തീരത്ത് കനത്ത മഞ്ഞുവീഴ്ച്ച. തിങ്കളാഴ്ച ഉണ്ടായ ‘നോർ ഈസ്റ്റർ’ കൊടുങ്കാറ്റിനെ തുടര്‍ന്ന് പലയിടത്തും റെക്കോർഡ് മഞ്ഞുവീഴ്ചയാണ് രേഖപ്പെടുത്തിയത്. റോഡ് ഐലൻഡിന്റെയും മസാച്യുസെറ്റ്സിന്റെയും ചില ഭാഗങ്ങളിൽ ഏകദേശം 37 ഇഞ്ച് (94 സെന്റീമീറ്റർ) മഞ്ഞുവീഴ്ചയുണ്ടായതായി നാഷണൽ വെതർ സർവീസ് അറിയിച്ചു. റോഡ് ഐലൻഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണിത്. ന്യൂയോർക്കിലെ സെൻട്രൽ പാർക്കിലും പരിസരങ്ങളിലും 19 ഇഞ്ചിലധികം മഞ്ഞുവീഴ്ചയുണ്ടായതോടെ നഗരം വെള്ളപുതച്ച അവസ്ഥയിലായി. കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ആറ് ലക്ഷത്തിലധികം വീടുകളിൽ വൈദ്യുതി ബന്ധം നിലയ്ക്കുകയും ഗതാഗത സംവിധാനങ്ങൾ താറുമാറാവുകയും ചെയ്തു.

മഞ്ഞുവീഴ്ച അതീവ അപകടകരമായ സാഹചര്യത്തിലേക്ക് മാറിയതോടെ ന്യൂയോർക്ക്, മസാച്ചുസെറ്റ്സ്, റോഡ് ഐലൻഡ്, കണക്റ്റിക്കട്ട് എന്നിവിടങ്ങളിൽ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങുന്നതിന് അധികൃതർ വിലക്കേർപ്പെടുത്തി. കാഴ്ചാപരിധി ഗണ്യമായി കുറയുന്ന ‘വൈറ്റ്-ഔട്ട്’ സാഹചര്യം നിലനിൽക്കുന്നതിനാൽ വാഹനങ്ങൾ നിരത്തിലിറക്കുന്നത് അപകടമാണെന്ന് ഗവർണർമാർ മുന്നറിയിപ്പ് നൽകി. പ്രമുഖ അമേരിക്കൻ പത്രമായ ‘ബോസ്റ്റൺ ഗ്ലോബ്’ അതിന്റെ 153 വർഷത്തെ ചരിത്രത്തിൽ ആദ്യമായി അച്ചടി നിർത്തിവെച്ചു. മഞ്ഞ് കാരണം ജീവനക്കാർക്ക് പ്രസ്സിലെത്താൻ കഴിയാത്തതിനാലാണ് പത്രം പുറത്തിറക്കാൻ കഴിയാതെ വന്നത്.

വിമാന ഗതാഗതത്തെയും കൊടുങ്കാറ്റ് സാരമായി ബാധിച്ചു. അമേരിക്കയിലുടനീളം 5,700ലധികം വിമാന സർവീസുകളാണ് റദ്ദാക്കിയത്. ന്യൂയോർക്കിലെ പ്രധാന വിമാനത്താവളങ്ങളായ ലാ ഗ്വാർഡിയ, ജെ എഫ് കെ എന്നിവിടങ്ങളിൽ നിന്നുള്ള 90 ശതമാനത്തിലധികം സർവീസുകളും റദ്ദാക്കി. വടക്കൻ കരോലിന മുതൽ മെയ്ൻ വരെയും കാനഡയുടെ ചില ഭാഗങ്ങളിലും കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൊവ്വാഴ്ചയോടെ കൊടുങ്കാറ്റ് അമേരിക്കൻ തീരം വിട്ട് കാനഡയിലേക്ക് നീങ്ങുമെങ്കിലും അതിശക്തമായ കാറ്റും തണുപ്പും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar