28 January 2025, Tuesday
KSFE Galaxy Chits Banner 2

കുടിയൊഴിഞ്ഞ് പുനരധിവാസം തേടുന്നവരെ സഹായിക്കണം

Janayugom Webdesk
കത്തുകള്‍
May 8, 2023 4:12 am

സർക്കാർ ആവശ്യങ്ങൾക്കായി ഭൂമിയും വീടും വിട്ടുകൊടുത്തിട്ടു പുതിയ സങ്കേതങ്ങൾ തേടുമ്പോൾ അവരോടു സർക്കാർ കരുണകാണിക്കണം. സ്വന്തം വാസസ്ഥലം വിട്ടൊഴിയുവാൻ ബഹുഭൂരിപക്ഷത്തിനും പ്രയാസമുണ്ട്. സമാധാനത്തോടെ കഴിഞ്ഞുകൂടിയവരെ സ്വന്തം മണ്ണില്‍ നിന്ന് പറഞ്ഞു വിടുമ്പോൾ അവരുടെ മാനസികനില സർക്കാർ മനസിലാക്കണം. ഇപ്പോൾ ഈ ഒഴിപ്പിക്കപ്പെട്ടവര്‍ മറ്റിടങ്ങളിലെത്തുമ്പോള്‍ രണ്ടും നാലും ഇരട്ടി വില കൂട്ടിയാണു വില്പനക്കായി ഒരുങ്ങുന്നത്. അതുകാരണം സർക്കാർ നല്കുന്ന വില, മറ്റൊരു വസ്തു വാങ്ങി വീടുവെയ്ക്കാൻ പര്യാപ്തമാകുന്നില്ല. ഉപജീവനത്തിനായി പരക്കംപാഞ്ഞു നടക്കുന്നവരെയും, വാർധക്യം ബാധിച്ചവരെയും പൊടുന്നനെയുള്ള വീടുമാറ്റം ആശങ്കപ്പെടുത്തുകയും ചെയ്യുന്നു. പുതിയ അനുയോജ്യമായ താവളം കണ്ടെത്താൻ തന്നെ അവർക്കു ബുദ്ധിമുട്ടാവുകയാണ്. വളരെ അസ്വസ്ഥരായ കുറെ പാവം മനുഷ്യരെ ഞെട്ടിപ്പിക്കുന്ന വിധത്തിലാണ് പുതിയ വസ്തു വാങ്ങലും വീടുവയ്ക്കലും. സർക്കാർ രജിസ്ട്രേഷന് ഭീമമായ തുകയാണ് നല്കേണ്ടിവരുന്നത്. അഞ്ചുസെന്റ് വസ്തുവാങ്ങാൻ 50ലക്ഷം രൂപ വിലയും, അഞ്ചുലക്ഷം രൂപ രജിസ്ട്രേഷൻ ഫീസും, എഴുത്തുകൂലിയും മറ്റുമായി വീണ്ടും പണം മുടക്കേണ്ടിയും വരുന്നത് ദുസ്സഹമാകുന്നു. കുടിയൊഴിപ്പിക്കപ്പെടുന്നവരെ വീണ്ടും പിഴിഞ്ഞെടുക്കുന്നതു പരിതാപകരമാണ്. ഇത്തരക്കാര്‍ക്ക് രജിസ്ട്രേഷൻ ഫീസ് സൗജന്യമാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണം. അല്ലെങ്കില്‍ ഇളവ് നല്കുകയെങ്കിലും വേണം. കൂടാതെ അവർ കെട്ടിട ആവശ്യങ്ങൾക്കായി സാധനങ്ങൾ വാങ്ങുമ്പോൾ നല്കേണ്ടി വരുന്ന നികുതി ഒഴിവാക്കുവാനും ഇലക്ട്രിസിറ്റി വാട്ടർ ഫെസിലിറ്റികൾ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കാനും സര്‍ക്കാര്‍ സന്നദ്ധമാകണം

കെ ജി സോമൻ,
കംപറക്കൽ, മുടവൂർപ്പാറ,
ബാലരാമപുരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.