30 December 2025, Tuesday

രാം നാരായണിന്റെ കുടുംബത്തിന് സഹായം ഉറപ്പാക്കും: റവന്യു മന്ത്രി

Janayugom Webdesk
തൃശൂർ
December 22, 2025 10:24 pm

വാളയാറിലെ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട രാം നാരായൺ ബഗേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മന്ത്രി കെ രാജൻ. മൃതദേഹം ഏറ്റെടുത്ത് ഛത്തീസ്ഗഡിലേക്ക് കൊണ്ടുപോകുമെന്ന് കുടുംബാംഗങ്ങളും സമരസമിതിയും അറിയിച്ചു. കുടുംബവും റവന്യു മന്ത്രി കെ രാജനും തമ്മിൽ നടത്തിയ ചർച്ചയിൽ നഷ്ടപരിഹാരം ഉറപ്പുനൽകിയ സാഹചര്യത്തിലാണ് തീരുമാനം. പഴുതടച്ച അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും. 10 ലക്ഷം രൂപയിൽ കുറയാത്ത സഹായം വേണമെന്ന ബന്ധപ്പെട്ടവരുടെ അഭിപ്രായം ഗൗരവമായി കാണുമെന്നും അക്കാര്യം അതേ ഗൗരവത്തിൽ മന്ത്രിസഭയില്‍ അവതരിപ്പിച്ച് ആവശ്യമായ സഹായം ലഭ്യമാക്കുമെന്ന് അവർക്ക് ഉറപ്പ് നൽകിയതായും മന്ത്രി പറഞ്ഞു. 

മലയാളക്കരയ്ക്കു തന്നെ അപമാനകരമായ സംഭവമാണ് ഉണ്ടായതെന്നും ബഗേലിന്റെ മരണം അത്യന്തം ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും ചർച്ചയ്ക്ക് ശേഷം മന്ത്രി പറഞ്ഞു. എസ്ഐടി വളരെ കൃത്യമായ അന്വേഷണം നടത്തും. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഒരാളെയും വെറുതെ വിടില്ല. അന്യസംസ്ഥാന തൊഴിലാളികളെ അതിഥിത്തൊഴിലാളികളായി കാണുന്ന സർക്കാരാണിത്. തദ്ദേശീയരായ തൊഴിലാളികൾക്ക് ലഭിക്കുന്ന എല്ലാ പരിരക്ഷയും അവര്‍ക്കും നൽകണമെന്ന് നിലപാടെടുത്ത സർക്കാര്‍, എല്ലാ പരിരക്ഷയും കുടുംബത്തിന് ഉറപ്പ് നൽകിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. മൃതദേഹം കൊണ്ടുപോകുന്നതിനുള്ള ചെലവുകൾ വഹിക്കുന്നതടക്കം നടപടിക്രമങ്ങൾ സ്വീകരിക്കാനും അതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപ്പെടാനും ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.
സർക്കാരുമായുള്ള ചർച്ച ഫലപ്രദമായിരുന്നുവെന്ന് സമരസമിതിയും വ്യക്തമാക്കി. ആൾക്കൂട്ട കൊലപാതകത്തിലെ പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചേർക്കും. എസ്‌സിഎസ്ടി വകുപ്പ് ഉൾപ്പെടെ ചുമത്തി എഫ്ഐആർ പുതുക്കുമെന്ന് എസ്‌പി വ്യക്തമാക്കി. ഛത്തീസ്ഗഢം സർക്കാരിന്റെയും കേരള സർക്കാരിന്റെയും പ്രതിനിധികൾ ബഗേലിന്റെ കുടുംബവുമായി സംസാരിച്ചു. 

തൃശൂർ കളക്ടറേറ്റിൽ നടന്ന ചർച്ചയിൽ ജില്ലാ കളക്ടറും ആക്ഷൻ കൗൺസിൽ അംഗങ്ങളും പങ്കെടുത്തു. സർക്കാർ പ്രഖ്യാപിച്ച സഹായങ്ങൾ രേഖാമൂലം ഉറപ്പു നൽകാത്തതിനാലാണ് ഞായറാഴ്ച രാത്രി തങ്ങൾ പ്രതിഷേധം തുടർന്നതെന്ന് സമരസമിതി പറഞ്ഞിരുന്നു. കേരള സർക്കാരിനും ജില്ലാ ഭരണകൂടങ്ങൾക്കും, പിന്തുണച്ച മാധ്യമങ്ങൾ ഉൾപ്പെടെ എല്ലാവർക്കും കുടുംബം നന്ദി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.