ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി. സെപ്റ്റംബര്‍ 10ന് കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദേശം. എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്നത് അടക്കം വിശദമായ സത്യവാങ്മൂലം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. റിപ്പോർട്ടിലെ ഉള്ളടക്കത്തിൽ സ്വകാര്യത ഉറപ്പാക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കേസില്‍ വനിതാ കമ്മിഷനെയും കക്ഷി ചേര്‍ത്തു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് കോടതിയുടെ നിര്‍ദേശം. ഹര്‍ജിയില്‍ സര്‍ക്കാരിന്റെ നിലപാട് കോടതി ആരാഞ്ഞു. ഹേമ കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പ്രശ്‌നങ്ങളല്ലേ? പൊലീസിന് നേരിട്ട് കേസെടുക്കാവുന്ന കുറ്റങ്ങളുണ്ടോ? മൊഴി നല്‍കിയവരുടെ പേരുകള്‍ സര്‍ക്കാരിന്റെ പക്കലുണ്ടോയെന്നും ഇങ്ങനെയൊരു റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍നടപടി സ്വീകരിക്കേണ്ടതല്ലേയെന്നും കോടതി ചോദിച്ചു.
മൊഴി നല്‍കിയവര്‍ തങ്ങളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ഇരകളില്‍ ആര്‍ക്കും പരാതിയുമായി നേരില്‍ വരാന്‍ താല്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ നിന്നും മനസിലാകുന്നത്. പരാതിയുമായി മുന്നോട്ടുവന്നാല്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. ഇരകളുടെ പേരുവിവരങ്ങള്‍ മറച്ചുപിടിക്കുമ്പോള്‍ തന്നെ, വേട്ടക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കേണ്ടതല്ലേയെന്നും അല്ലെങ്കില്‍ ഇങ്ങനെയൊരു കമ്മിറ്റിയെ നിയോഗിച്ചതു കൊണ്ട് എന്താണ് ഫലമെന്നും കോടതി ആരാഞ്ഞു.
റിപ്പോർട്ടിൽ കുറ്റകൃത്യങ്ങൾ ഉണ്ടെങ്കിൽ അത് കണ്ടില്ലെന്ന് വയ്ക്കാനാവില്ല. പുറത്തുവിട്ട റിപ്പോര്‍ട്ടിൽ ജാമ്യമില്ലാ കുറ്റമുണ്ടെങ്കില്‍ നടപടി വേണം. ഇത്തരം കുറ്റങ്ങള്‍ പോക്സോ കേസിലാണെങ്കിൽ നടപടിയെടുക്കാനാകുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അങ്ങനെയെങ്കില്‍ പരാതിയുമായി ഇരകൾ മുന്നോട്ടുവരേണ്ട ആവശ്യമില്ലെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. മൊഴി തന്നവരുടെ പേര് വിവരങ്ങൾ സർക്കാരിന്റെ പക്കലുണ്ടോയെന്ന ചോദ്യത്തിന് കോൺഫിഡൻഷ്യൽ ആണെന്നായിരുന്നു മറുപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.