8 January 2025, Wednesday
KSFE Galaxy Chits Banner 2

കിസിന്‍ജർ: മരണം വിശുദ്ധനാക്കാത്ത സാമ്രാജ്യവാദി

ബേബി കാസ്ട്രോ
December 2, 2023 4:45 am

തന്റെ നൂറാമത്തെ വയസിൽ ഹെൻട്രി കിസിന്‍ജർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞപ്പോൾ ലോകമാധ്യമങ്ങൾ അദ്ദേഹത്തെ പ്രശംസകൾകൊണ്ട് മൂടി. അമേരിക്കൻ ഐക്യനാടുകളുടെ ദേശീയ താല്പര്യങ്ങൾക്ക് വേണ്ടി വിശ്വവേദികളിൽ ഉയർന്ന ഘനഗംഭീരശബ്ദം, കഴിഞ്ഞ ശതാബ്ദം കണ്ട ഉന്നതശീർഷനായ നയതന്ത്രജ്ഞൻ, റിച്ചാർഡ് നിക്സന്റെയും (1969–74) ജെറാൾഡ് ഫോർഡിന്റെയും (1974–77) പ്രസിഡൻസിക്കാലങ്ങളിൽ വിദേശകാര്യ സെക്രട്ടറിയും സുരക്ഷാ ഉപദേഷ്ടാവും, വിയറ്റ്നാം യുദ്ധം അവസാനിപ്പിച്ച സമാധാന നൊബേൽ ജേതാവ്, ജനകീയ ചൈനയുമായി ബന്ധം ഉറപ്പിച്ച പ്രായോഗികവാദി. നയതന്ത്രമെന്നാൽ ലോകമെമ്പാടും കിസിന്‍ജർ എന്നതിന്റെ മറുവാക്കായി മാറിയ പഴയ കാലങ്ങൾ ഈ മരണത്തിലൂടെ എല്ലാവരും ഓർമ്മിപ്പിക്കപ്പെട്ടു. ദാക്ഷിണ്യരഹിതനായ ആ സാമ്രാജ്യവാദിയുടെ കയ്യിൽ പുരണ്ട നിസഹായരായ മനുഷ്യലക്ഷങ്ങളുടെ രക്തത്തെപ്പറ്റി അധികം വാക്കുകൾ എവിടെയും പ്രത്യക്ഷപ്പെട്ടില്ല. മരണം ആരെയും വിശുദ്ധനാക്കുകയില്ല എന്ന് ഏറ്റവും ഉച്ചത്തിൽ പറയേണ്ട സന്ദർഭമാണ് കിസിന്‍ജറുടെ ഈ മരണദിനം എന്ന് ഓർമ്മിക്കാതിരിക്കുന്നതെങ്ങനെ? 1959 മുതൽ 1975 വരെ നീണ്ടുനിന്ന വിയറ്റ്നാമിന്റെ ദേശീയ വിമോചന പോരാട്ടത്തെയും അതിനെ ചോരയിൽമുക്കി കൊല്ലാൻ ശ്രമിച്ച നവകൊളോണിയൽ മേധാവികളുടെ ഇടപെടലിനെയും വിയറ്റ്നാംയുദ്ധം എന്ന ഓമനപ്പേരിൽ ‘നിഷ്പക്ഷ’ ചരിത്രകാരന്മാർ വിളിച്ചുപോരുന്നു. നിസ്വരായ വിയറ്റ്നാം ജനതയുടെ ദേശാഭിമാനത്തിനുമുന്നിൽ തോറ്റു മടങ്ങും മുമ്പെ അമേരിക്ക മയിലായിയിൽ നടത്തിയ കൂട്ടക്കൊല പത്രപ്രവർത്തകനായ സെയ്മൂർ ഹർഷാണ് പുറത്തുകൊണ്ടുവന്നത്.

യുദ്ധം കൊടുമ്പിരി കൊള്ളുമ്പോൾ 1969ൽ കമ്പോഡിയയിലും ലാവോസിലും ക്ലസ്റ്റർ ബോംബിങ്ങിന് ഉത്തരവിട്ടത് കിസിന്‍ജറായിരുന്നു. 5,40,000 ബോംബുകൾ കൊന്നൊടുക്കിയത് നാല് ലക്ഷത്തോളം സിവിലിയന്മാരെയാണ്. ഹെൻട്രി കമ്പോഡിയയിൽ ചെയ്തുകൂട്ടിയത് ലോകം അറിഞ്ഞിരുന്നെങ്കിൽ ഹേഗിലെ അന്താരാഷ്ട്ര കോടതിയുടെ പ്രതിക്കൂട്ടിൽ മുൻ സെർബിയൻ പ്രസിഡന്റ് മിലോസവിച്ചിനൊപ്പം അയാളെ കാണാത്തതെന്ത് എന്ന് നിങ്ങൾ അമ്പരക്കും എ‌ന്നുപറഞ്ഞത് അമേരിക്കൻ എഴുത്തുകാരൻ ആന്റണി ബോർഡയിൻ. 1973ൽ പാരിസ് ഉടമ്പടിയിലൂടെ വിയറ്റ്നാം ‘യുദ്ധം അവസാനിപ്പിച്ചതിന്’ ഇദ്ദേഹത്തിന് സമാധാന നൊബേൽ പുരസ്കാരം നൽകി സ്വീഡിഷ് അക്കാദമി പരിഹാസ്യരായി എന്നതും ചരിത്രം. ലാറ്റിൻ അമേരിക്കൻ നാടുകളിൽ ഉയർന്നുവന്ന ദേശീയ പ്രസ്ഥാനങ്ങളെയും നേതാക്കളെയും അടിച്ചമർത്താൻ തന്റെ ബുദ്ധിയും ശേഷിയും കിസിന്‍ജർ കലവറയില്ലാതെ ഉപയോഗിച്ചു. അർജന്റീന, ചിലി ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ സ്വേച്ഛാധിപതികൾക്ക് മറയില്ലാതെ നൽകിയ അധാർമ്മിക സഹായങ്ങൾക്ക് പിന്നിലും മറ്റാരുമായിരുന്നില്ല.


ഇതുകൂടി വായിക്കൂ: സൃഷ്ടിയുടെ അൽഗോരിതം കണ്ടെത്തിയോ ആൾട്ട്മാനും കൂട്ടരും?


ചിലിയിലെ സാൽവദോർ അലൻഡെയുടെ ജനാധിപത്യ സർക്കാരിനെ അട്ടിമറിക്കുകയും അദ്ദേഹത്തെ വധിക്കുകയും ചെയ്ത പട്ടാള മേധാവി പിനോഷെയ്ക്ക് പിന്നിലും അതുപോലെ എണ്ണമറ്റ കുടില ഗൂഢാലോചനകൾക്ക് പിന്നിലും കിസിന്‍ജർ സൂത്രധാരനായി. വിശ്വവിഖ്യാതനായ കവിയും ചിലിയിലെ കമ്മ്യൂണിസ്റ്റ് നേതാവുമായ പാബ്ലോ നെരൂദയുടെ മരണത്തിന് കാരണമായ ചിലിയിലെ അട്ടിമറി കിസിന്‍ജറുടെ ഉപദേശപ്രകാരം സിഐഎ ആസൂത്രണം ചെയ്തതാണെന്ന് പിൽക്കാലത്ത് മറകൂടാതെ വെളിവാക്കപ്പെട്ടു. ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ ഇന്ത്യക്കും ബംഗ്ലാ ജനതയ്ക്കുമെതിരെയുള്ള കൂട്ടക്കൊലകളും മാനഭംഗങ്ങളുമടക്കമുള്ള പാകിസ്ഥാന്റെ നിഷ്ഠൂര പ്രവൃത്തികളെയും മനഃസാക്ഷിയില്ലാതെ പിന്തുണയ്ക്കാൻ ഈ നയതന്ത്രജ്ഞന് മടിയുണ്ടായില്ല.  ആധുനിക ലോകത്തിലെ മനുഷ്യാവകാശങ്ങളോ ധാർമ്മികതകളോ പോകട്ടെ, ജോർജ് വാഷിങ്ടണും തോമസ് ജഫേഴ്സണും എബ്രഹാം ലിങ്കണും അടിത്തറയിട്ട അമേരിക്കൻ ഐക്യനാടുകളുടെ ചിരപ്രതിഷ്ഠമായ രാഷ്ട്രമൂല്യങ്ങളും അദ്ദേഹത്തെ അതിൽനിന്നും തടഞ്ഞില്ല. തനിക്ക് പ്രധാനം തന്റെ രാഷ്ട്രത്തിന്റെ താല്പര്യങ്ങൾ മാത്രമാണ് എന്ന ന്യായം മാത്രം മതിയായിരുന്നു കിസിന്‍ജറിന്.

യുഎസിന് സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഉണ്ടായിരുന്നില്ല. സ്ഥിരം താല്പര്യങ്ങൾ മാത്രം. കിസിന്‍ജറിനും അത്രമാത്രം. അമേരിക്കയുടെ താല്പര്യങ്ങൾ എന്നാൽ അതിനെ ഭരിക്കുന്ന ആയുധവ്യവസായ ലോബിയുടെ താല്പര്യങ്ങൾ. ആഗോള മൂലധനത്തിന്റെ താല്പര്യങ്ങൾ. രാഷ്ട്രാതിർത്തികളെ വകവയ്ക്കാത്ത ലാഭത്തിന്റെ താല്പര്യങ്ങൾ. ആഫ്രിക്കൻ അടിമകളുടെ രക്തത്തിലും വിയർപ്പിലും പടുത്തുയർത്തിയ മഹാ സിംഹാസനങ്ങൾ നിലനിർത്താൻ ഭൂഗോളത്തിന്റെ എല്ലാ മൂലകളിലും തന്റെ കണ്ണും കാതും ബുദ്ധിയും കൂർപ്പിച്ച് ഓടിയെത്തി അദ്ദേഹം. സാമവും ദാനവും ഭേദവും മാത്രമല്ല ദണ്ഡവും ലോഭമില്ലാതെ പ്രയോഗിച്ചു. ഇല്ലാത്ത രാസായുധത്തിന്റെ പേരിൽ ഇറാഖിലെ കുഞ്ഞുങ്ങളെ കൂട്ടക്കുരുതി ചെയ്യുകയും ദേശമില്ലാത്ത പലസ്തീൻ ജനതയെ വംശഹത്യയ്ക്ക് വിധേയമാക്കുകയും ലോകത്തിന്റെ നിലനില്പിനെക്കാൾ മീതെയാണ് യുഎസിന്റെ സാമ്പത്തിക താല്പര്യങ്ങളെന്ന് പ്രഖ്യാപിക്കപ്പെടുകയും ചെയ്യുന്ന കാലങ്ങൾ താണ്ടിയാണ് നൂറാം വയസിൽ ഹെൻട്രി കിസിന്‍ജർ അവസാനിക്കുന്നത്. സാമ്രാജ്യത്വവും യുദ്ധക്കൊതിയും മരിക്കാത്തിടത്തോളം കിസിന്‍ജർമാർക്കും മരണമില്ല. മർദിത ജനതകളുടെ ചെറുത്തുനില്പിനും മരണമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.