19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 12, 2024
December 7, 2024
December 6, 2024
December 6, 2024
December 4, 2024
November 22, 2024
November 14, 2024
October 25, 2024
October 21, 2024
October 14, 2024

ബോട്ടുകളിൽ ഓവർലോഡിങ് അനുവദിക്കരുതെന്നു ഹൈക്കോടതി

Janayugom Webdesk
കൊച്ചി
May 12, 2023 6:49 pm

സംസ്ഥാനത്ത് ഒരിടത്തും ബോട്ടുകളിൽ ഓവർലോഡിങ് അനുവദിക്കരുതെന്നു ഹൈക്കോടതി നിർദേശിച്ചു. താനൂർ ബോട്ട് ദുരന്തത്തെ തുടർന്നു സ്വമേധയാ എടുത്ത കേസാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. പരമാവധി കയറ്റാവുന്ന യാത്രക്കാരുടെ എണ്ണത്തിന്റെ വിവരം ബോട്ടിൽ കയറുന്ന, ഇറങ്ങുന്ന സ്ഥലങ്ങൾ, ക്യാബിനുകൾ, അപ്പർ, ലോവർ ‍ഡെക്കുകൾ എന്നിവിടങ്ങളിൽ ഇംഗ്ലിഷിലും മലയാളത്തിലും രേഖപ്പെടുത്തണം. ബോട്ടിലെ യാത്രക്കാരെ സംബന്ധിച്ചുള്ള റജിസ്റ്റർ സൂക്ഷിക്കണമെന്ന അമിക്കസ് ക്യൂറിയുടെ നിർദേശം പരിഗണിക്കണം. ഇതെങ്ങനെ നടപ്പാക്കാമെന്നു കോടതിയെ അറിയിക്കണം.

അനുവദനീയമായ പരിധിയിൽ യാത്രക്കാരെ കയറ്റുന്നതു സംബന്ധിച്ചു ബോട്ടിന്റെ ഡ്രൈവർ/ സ്രാങ്ക് /ലാസ്കർ/ മാസ്റ്റർ എന്നിവർക്കായിരിക്കും ഉത്തരവാദിത്തം. ഇക്കാര്യത്തിൽ അധികൃതർ നിയമലംഘനം കണ്ടെത്തിയാൽ ഇവർക്കായിരിക്കും ഉത്തരവാദിത്തം. അനുവദനീയമായ സ്ഥലത്തു മാത്രം യാത്രക്കാർക്ക് പ്രവേശനം അനുവദിക്കാവൂ. അല്ലാത്ത സ്ഥലങ്ങളിൽ ബാരിക്കേഡ് വയ്ക്കണമെന്നും കോടതി നിർദേശിച്ചു. എല്ലാ ബോട്ടുകൾക്കും തേർഡ് പാർട്ടി ഇൻഷുറൻസ് ഉറപ്പാക്കണം. അഡ്വക്കറ്റ് ശ്യാം കുമാറിനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു.

താനൂർ ബോട്ട് ദുരന്ത വിഷയത്തിൽ കോടതി സ്വമേധയാ കേസെടുത്തതിനെതിരെ സൈബർ ഇടങ്ങളിൽ വിമർശനം ഉയരുന്നുണ്ടെന്നും കോടതി ഇക്കാര്യങ്ങൾ പരിഗണിക്കുന്നില്ലെന്നും കോടതി പറഞ്ഞു. ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ നിർദേശത്തെ തുടർന്നാണു സ്വമേധയാ കേസെടുത്തത്. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ പുറത്തു കടക്കാനാകാതെ ബോട്ടിൽ കുടുങ്ങി മരിച്ച ദാരുണ സംഭവമാണ്. ഇതല്ലെങ്കിൽ പിന്നേതു വിഷയത്തിൽ സ്വമേധയാ കേസെടുക്കുമെന്നും കോടതി ചോദിച്ചു. ജനങ്ങൾക്കു വേണ്ടി സംസാരിക്കുമ്പോൾ സർക്കാർ വിരുദ്ധമാകുന്നതെങ്ങനെയെന്നും കോടതി ചോദിച്ചു.

താനൂര്‍ ബോട്ട് ദുരന്തത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. യാത്രയ്ക്ക് അനുമതിയുണ്ടായിരുന്നത് 22 പേര്‍ക്ക് മാത്രമെന്ന് റിപ്പോര്‍ട്ട്. യാത്ര ചെയ്തത് 37 പേരെന്നും മലപ്പുറം ജില്ലാ കലക്ടര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

eng­lish summary;

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.