
കോണ്‍ഗ്രസ് എംപിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിക്കെതിരായ ഇരട്ട പൗരത്വം സംബന്ധിച്ച പൊതുതാല്പര്യ ഹര്‍ജി തള്ളി കോടതി. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് ആണ് രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയുടെയും യു കെയുടെയും ഇരട്ട പൗരത്വമുണ്ടെന്ന് ആരോപിച്ച് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളിയത്. രാഹുലിനെ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയിലും ബ്രിട്ടനിലും ഒരുപോലെ പൗരത്വമുണ്ടെന്നും അതിനാല്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 84 (എ) പ്രകാരം തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ അദ്ദേഹം അയോഗ്യനാണെന്നും അവകാശപ്പെട്ട് കര്‍ണാടകയില്‍ നിന്നുള്ള ബിജെപി പ്രവര്‍ത്തകന്‍ എസ് വിഘ്നേഷ് ശിശിര്‍ ആണ് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. വാദം കേള്‍ക്കുന്നതിനിടെ കേസില്‍ ഇതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.
2019 ല്‍, അന്നത്തെ രാജ്യസഭാ എം പി സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ പരാതിയെ തുടര്‍ന്ന്, രാഹുല്‍ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച് വ്യക്തമാക്കണം എന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തിന് നോട്ടീസ് നല്‍കിയിരുന്നു. 2003‑ല്‍ യുകെയില്‍ ബാക്കോപ്‌സ് ലിമിറ്റഡ് എന്ന പേരില്‍ ഒരു കമ്പനി രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും രാഹുല്‍ ഗാന്ധി കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളും സെക്രട്ടറിമാരില്‍ ഒരാളുമായിരുന്നുവെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി ആരോപിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.