
അനുമതിയില്ലാതെ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപാളി ഇളക്കി മാറ്റിയത് അനുചിതമെന്ന് ഹൈക്കോടതി. സ്പെഷ്യല്‍ കമ്മീഷണറുടെ മുന്‍കൂര്‍ അനുമതി വേണമെന്ന് ഉത്തരവുകള്‍ നിലനില്‍ക്കുന്നുണ്ട്. അപ്പോഴെങ്ങിനെയാണ് ദേവസ്വം ബോര്‍ഡിന് ഇത്തരമൊരു തീരുമാനമെടുക്കാനാകുക. ഹൈക്കോടതിയുടെ ഉത്തരവ് അനിവാര്യമായിരുന്നുവെന്നും ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടി. ഹൈക്കോടതി ദേവസ്വം ബെഞ്ചിനെ അറിയിക്കാതെയുള്ള നടപടി ഉചിതമായില്ല. പ്രധാനപ്പെട്ട തീരുമാനമെടുക്കുംമുമ്പ് കോടതിയില്‍ നിന്ന് അനുമതി തേടാന്‍ ആവശ്യത്തിന് സമയമുണ്ടായിരുന്നല്ലോ?. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് അതിന് ശ്രമിച്ചില്ല എന്നും ഹൈക്കോടതി ചോദിച്ചു.
വിഷയത്തില്‍ വെള്ളിയാഴ്ച മറുപടി റിപ്പോര്‍ട്ട് നല്‍കാന്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണം പൂശിയ പാളികള്‍ നന്നാക്കാന്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ട ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. കോടതി അനുമതിയില്ലാതെ സ്വര്‍ണ്ണപാളി ഇളക്കിയെന്ന് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വര്‍ണ്ണപ്പണികള്‍ നടത്താന്‍ പാടുള്ളുവെന്ന ഹൈക്കോടതി നിര്‍ദേശം പാലിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് വ്യക്തമാക്കി കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.
ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണപാളി ഇളക്കി മാറ്റി അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്കാണ് കൊണ്ടുപോയത്. ഈ നടപടിയില്‍ വീഴ്ചയില്ലെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അഭിപ്രായപ്പെട്ടിരുന്നത്. സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് യാന്ത്രികമാണ്. വിഷയത്തില്‍ തന്ത്രിയുടെ അഭിപ്രായം തേടിയിരുന്നു. ശബരിമലയിലെ ആഭരണങ്ങളുടെ അധികാരിയായ തിരുവാഭരണ കമ്മീഷണറുടെ അനുമതിയോടെയാണ് നടപടി. ദേവസ്വം പൊലീസ് മഹസര്‍ തയ്യാറാക്കിയ ശേഷമാണ് ഇത് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത്. തങ്ങള്‍ക്കിടയിലെ ചിലരാണ് അനാവശ്യ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നതെന്നും പി എസ് പ്രശാന്ത് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.