സ്‌ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും അന്തസ്സും അഭിമാനവുമുണ്ടെന്ന് ഹൈക്കോടതി. ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ പരാമർശം. രാജ്യം പത്മശ്രീ നൽകി ആദരിച്ച 40 ലേറെ സിനിമകൾ ചെയ്ത അറിയപ്പെടുന്ന സംവിധായകനാണ് ബാലചന്ദ്രമേനോനെന്നും കോടതി ഉത്തരവിൽ പറയുന്നു. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ബാലചന്ദ്ര മേനോന് നേരത്തേ ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
പരാതിക്കടിസ്ഥാനമായ സംഭവങ്ങളുണ്ടായത് 2007ലാണെന്നും പരാതി സമർപ്പിച്ചത് 17 വർഷത്തിനു ശേഷമാണെന്നതും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ 2007 ജനുവരി ഒന്നിനും 21നും ബാലചന്ദ്ര മേനോൻ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. തുടർന്ന് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തു. ഇതിനെതിരെ ബാലചന്ദ്ര മേനോൻ മുന്‍കൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയും ജസ്റ്റിസ് സി എസ്. ഡയസിന്റെ ബെഞ്ച് ഇടക്കാല മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തു. നടൻ സിദ്ദിഖുമായി ബന്ധപ്പെട്ട കേസില്‍ പരാതി നല്‍കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി മുൻകൂർ ജാമ്യം അനുവദിച്ച സുപ്രീം കോടതി ഉത്തരവ് മുൻനിർത്തിയായിരുന്നു ഇത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ, നടന്മാരായ മുകേഷ്, ജയസൂര്യ, ഇടവേള ബാബു എന്നിവർക്കെതിരെയും നടി പരാതി നൽകിയിരുന്നു. എന്നാൽ നടിയുടെ ആരോപണം വാസ്തവവിരുദ്ധമാണെന്നായിരുന്നു ബാലചന്ദ്ര മേനോന്റെ പ്രതികരണം. 2024 സെപ്റ്റംബർ 13ന് തന്നെയും ഭാര്യയെയും നടിയുടെ അഭിഭാഷകൻ എന്നു പരിചയപ്പെടുത്തിയ വ്യക്തി പല തവണ ഫോണിൽ വിളിച്ച് പരാതി നൽകുമെന്നു ഭീഷണിപ്പെടുത്തി. പണം തട്ടാനുള്ള ശ്രമമാണെന്നു മനസിലായി. ചിത്രത്തില്‍ നടിക്ക് വളരെ ചെറിയ റോൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവസാന എഡിറ്റിങ്ങിൽ ചിത്രത്തിന്റെ നിർമാതാവ് ഈ രംഗങ്ങളും നീക്കിയെന്നും ബാലചന്ദ്ര മേനോൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ നടിക്കെതിരെ പരാതിയും നൽകിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.