മക്കളെ കഷ്ടപ്പെട്ടു വളർത്തുന്ന പിതാവിനെ വാർധക്യത്തിൽ സംരക്ഷിക്കാൻ ആൺമക്കൾ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി. ധാർമിക ചുമതല എന്നതിലുപരി നിയമപരമായ ഉത്തരവാദിത്വവുമാണിത്. വയോധികനായ പിതാവിനെ അവഗണിക്കുന്നത് സമൂഹത്തിന്റെ അടിത്തറയെ ദുർബലപ്പെടുത്തുമെന്നും ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് പറഞ്ഞു. മലപ്പുറം വളാഞ്ചേരി എടയൂരിലെ 74‑കാരന് ആൺമക്കൾ മാസം തോറും 20,000 രൂപ നൽകണമെന്ന ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പിതാവിന് സ്വന്തം നിലയ്ക്ക് ജീവിക്കാനാകുമെന്ന മക്കളുടെ വാദം അംഗീകരിച്ച് തിരൂർ കുടുംബക്കോടതി ഹർജി തള്ളിയതിനെ തുടർന്നാണ് ഹർജിക്കാരൻ ഹൈക്കോടതിയിൽ എത്തിയത്. വിശുദ്ധ ഗ്രന്ഥങ്ങളടക്കം ഉദ്ധരിച്ചാണ് കോടതി ഉത്തരവ്. വേദോപനിഷത്തുകളിലടക്കം പിതാവ് ഈശ്വരനു തുല്യമെന്നാണ് പറയുന്നത്. മാതാപിതാക്കളോട് കരുണ കാട്ടണമെന്നാണ് ഖുർആനും ബൈബിളും പഠിപ്പിക്കുന്നത്.
വയോധികരായ അച്ഛനും അമ്മയ്ക്കും ബന്ധുക്കളോ സുഹൃത്തുക്കളോ സാമ്പത്തികസഹായം നൽകുന്നത് മക്കളുടെ ഉത്തരവാദിത്വം ഇല്ലാതാക്കുന്നില്ലെന്നും പറഞ്ഞു. ആദ്യവിവാഹത്തിലുണ്ടായ മൂന്ന് ആൺമക്കളിൽനിന്ന് സഹായം തേടിയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. പ്രായാധിക്യം മൂലം ജോലി ചെയ്യാനാവുന്നില്ലെന്നും കുവൈത്തിൽ നല്ല രീതിയിൽ ജീവിക്കുന്ന മക്കളിൽനിന്ന് സഹായം വേണമെന്നുമായിരുന്നു ആവശ്യം. 2013‑ൽ ആദ്യഭാര്യയെ തലാഖ് ചൊല്ലിയ ഇദ്ദേഹം രണ്ടാം ഭാര്യക്കൊപ്പമാണ് താമസം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.