ഇന്ത്യയിലെ 440 ജില്ലകളിലെ ഭൂഗര്‍ഭജലത്തില്‍ ഉയര്‍ന്ന നൈട്രേറ്റിന്റെ അളവ് കണ്ടെത്തിയതായി കേന്ദ്ര ഭൂഗര്‍ഭജല ബോര്‍ഡിന്റെ (സിജിഡബ്ല്യുബി) റിപ്പോര്‍ട്ട്. വിവിധ ഇടങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ 20 ശതമാനത്തിലും അനുവദനീയമായതിനേക്കാള്‍ കൂടുതല്‍ നൈട്രേറ്റ് സാന്ദ്രത കണ്ടെത്തി.
രാജസ്ഥാന്‍, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള 40 ശതമാനത്തിലധികം സാമ്പിളുകളിലും നൈട്രേറ്റ് സാന്ദ്രത പരിധിക്ക് മുകളിലാണ്. മഹാരാഷ്ട്രയില്‍ നിന്നുള്ള സാമ്പിളുകളില്‍ 35. 74 ശതമാനം, തെലങ്കാനയില്‍ 27. 48, ആന്ധ്രാപ്രദേശില്‍ 23.5 ശതമാനം, മധ്യപ്രദേശില്‍ 22.58 ശതമാനം എന്നിങ്ങനെ നൈട്രേറ്റ് സാന്ദ്രത രേഖപ്പെടുത്തി.
ഉത്തര്‍പ്രദേശ്, കേരളം, ഝാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളിലാണ് താരതമ്യേന കുറഞ്ഞ മലിനീകരണം റിപ്പോര്‍ട്ട് ചെയ്തത്. അരുണാചല്‍ പ്രദേശ്, അസം, ഗോവ, മേഘാലയ, മിസോറം, നാഗാലാന്‍ഡ് എന്നിവിടങ്ങളിലും എല്ലാ സാമ്പിളുകളും സുരക്ഷിത പരിധിക്കുള്ളിലായിരുന്നു. അതേസമയം രാജ്യത്തെ 15 ജില്ലകളിലെ ഭൂഗര്‍ഭജലത്തില്‍ ഉയര്‍ന്ന നൈട്രേറ്റ് അളവ് കണ്ടെത്തി. രാജസ്ഥാനിലെ ബാര്‍മര്‍, ജോധ്പൂര്‍, മഹാരാഷ്ട്രയിലെ വാര്‍ധ, ബുള്‍ദാന, അമരാവതി, നന്ദേഡ്, ബീഡ്, ജല്‍ഗാവ്, യവത്മാല്‍, തെലങ്കാനയിലെ രംഗറെഡ്ഡി, ആദിലാബാദ്, സിദ്ദിപേട്ട്, തമിഴ്‌നാട്ടിലെ വില്ലുപുരം, ആന്ധ്രാപ്രദേശിലെ പല്‍നാട്, പഞ്ചാബിലെ ഭട്ടിന്‍ഡ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
കാര്‍ഷിക മേഖലകളില്‍ നൈട്രജന്‍ അടിസ്ഥാനമാക്കിയുള്ള വളങ്ങളും മൃഗമാലിന്യവും ഉപയോഗിക്കുന്നത് മൂലം മലിനീകരണം ഉണ്ടാകുന്നുണ്ട്. ഉയര്‍ന്ന നൈട്രേറ്റിന്റെ അളവ് കുട്ടികളില്‍ ബ്രൂബേബി സിന്‍ഡ്രം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ ഉണ്ടാക്കും. നൈട്രേറ്റ് അടങ്ങിയ ജലം കുടിക്കുന്നതും അപകടമാണ്. വര്‍ധിച്ച് വരുന്ന നഗരവല്‍ക്കരണം ജനസംഖ്യാവര്‍ധനവ് കാര്‍ഷികമേഖലയിലെ ഉയര്‍ന്ന രാസവളഉപയോഗം മൃഗാവശിഷ്ടങ്ങള്‍ തുടങ്ങിയവയാണ് ഭൂഗര്‍ഭജലത്തില്‍ നൈട്രേറ്റിന്റെ അളവ് കൂടാനുള്ള കാരണങ്ങള്‍.
2024ലെ വാര്‍ഷിക ഭൂഗര്‍ഭജല ഗുണനിലവാര റിപ്പോര്‍ട്ട് പ്രകാരം 9.04 ശതമാനം സാമ്പിളുകളിലും സുരക്ഷിതമായതിനേക്കാള്‍ കൂടുതല്‍ ഫ്ലൂറൈഡ് അളവ് കണ്ടെത്തിയപ്പോള്‍ 3.55 ശതമാനം സാമ്പിളുകളില്‍ ആര്‍സെനിക് മലിനീകരണം കണ്ടെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.