3 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 3, 2025
April 3, 2025
April 3, 2025
April 3, 2025
April 3, 2025
April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 2, 2025

കേന്ദ്രസര്‍ക്കാരിന്റെ വിള പരിരക്ഷാ പദ്ധതിക്ക് ഉയര്‍ന്ന പ്രീമിയം തിരിച്ചടി

Janayugom Webdesk
ന്യൂഡല്‍ഹി
March 31, 2025 10:52 pm

കേന്ദ്രസര്‍ക്കാരിന്റെ വിള പരിരക്ഷാ പദ്ധതിക്ക് ഉയര്‍ന്ന പ്രീമിയം തിരിച്ചടിയാകുന്നുവെന്ന് വിദഗ്ധര്‍. ലോകത്തെ ഏറ്റവും വലിയ കാര്‍ഷിക വിള പരിരക്ഷ പദ്ധതിയാണ് രാജ്യത്തുള്ളതെങ്കിലും മധ്യപ്രദേശിലെ മന്ദ്സൗര്‍ പോലെ മോശം കാലാവസ്ഥ തുടരുന്ന പ്രദേശത്തെ കര്‍ഷകര്‍ ഉയര്‍ന്ന പ്രീമിയം അടയ്ക്കേണ്ടിവരുന്നെന്നും മികച്ച കാലാവസ്ഥയുള്ള കര്‍ഷകരെ അപേക്ഷിച്ച് ഇവര്‍ക്ക് ഇന്‍ഷുറന്‍സ് തുക കുറവാണ് ലഭിക്കുന്നതെന്നും സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റിന്റെ (സിഎസ്ഇ) വിശകലനത്തില്‍ പറയുന്നു. ഇത് ഫസല്‍ ബീമ യോജന പദ്ധതിയുടെ ഉദ്ദേശ്യത്തെ തകര്‍ക്കുന്നതാണെന്നും സിഎസ്ഇ വ്യക്തമാക്കുന്നു. 

കാലാവസ്ഥാ വ്യതിയാനം രാജ്യത്തെ വിളകളെ കൂടുതല്‍ ബാധിച്ചുകൊണ്ടിരിക്കുകയാണ്. 2024ല്‍ നാല് ദശലക്ഷം ഹെക്ടറിലധികം പ്രദേശത്തെ അതിശക്തമായ കാലാവസ്ഥാ വ്യതിയാനം ബാധിച്ചു. ഇത് 2023നെ അപേക്ഷിച്ച് ഇരട്ടിയാണെന്ന് സിഎസ്ഇയുടെ നേതൃത്വത്തിലുള്ള അറ്റ്ലസ് ഓഫ് ഡിസാസ്റ്റേഴ്സ് പറയുന്നു. രാജ്യത്തെ 1.4 ബില്യണ്‍ ജനങ്ങളില്‍ 46 ശതമാനവും കാര്‍ഷിക മേഖലയിലാണ് ജോലി ചെയ്യുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കണക്കനുസരിച്ച് 70 ശതമാനം ഗ്രാമീണ കുടുംബങ്ങള്‍ കഴിയുന്നത് കാര്‍ഷിക മേഖലയെ ആശ്രയിച്ചാണ്. അതുപോലെ ജിഡിപിയുടെ 16 ശതമാനം കാര്‍ഷിക മേഖലയാണ് സംഭാവന ചെയ്യുന്നത്. 

2016ല്‍ ആരംഭിച്ച കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതി 2020-ഓടെ എല്ലാ കാര്‍ഷിക ഭൂമിയുടെയും 50 ശതമാനം ഇന്‍ഷുര്‍ ചെയ്യാന്‍ ലക്ഷ്യമിട്ടു. ഇതിലൂടെ കര്‍ഷകരുടെ വരുമാനം സംരക്ഷിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച് 2021ല്‍ 30 ശതമാനം കര്‍ഷകര്‍ മാത്രമേ ഇന്‍ഷുര്‍ ചെയ്തിട്ടുള്ളൂ. കാലാവസ്ഥാ വ്യതിയാനം കാരണം പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് കേന്ദ്ര വിള ഇന്‍ഷുറന്‍സ് പദ്ധതി വലിയ താങ്ങാണെന്ന് സിഎസ്ഇ പ്രോഗ്രാം ഡയറക്ടര്‍ അമിത് ഖുറാന പറഞ്ഞു. എന്നാല്‍ മികച്ച പരിരക്ഷ ലഭിക്കണമെങ്കില്‍ പ്രീമിയം തുക കുറച്ചധികം നല്‍കേണ്ടിവരും.

കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ സാധ്യതയുള്ള കാര്‍ഷിക ജില്ലകളിലെ 21.5 ദശലക്ഷം കര്‍ഷകരുടെ 2023ലെ മണ്‍സൂണ്‍ വിള ഇന്‍ഷുറന്‍സ് ഡാറ്റാ വിശകലനം ചെയ്തപ്പോള്‍, കാലാവസ്ഥാ പ്രശ്നം കൂടുതലുള്ള ജില്ലകളിലെ കര്‍ഷകര്‍ മറ്റ് ജില്ലകളിലെ കര്‍ഷകരെ അപേക്ഷിച്ച് 60 മുതല്‍ 70 ശതമാനം കൂടുതല്‍ പ്രീമിയം അടയ്ക്കുന്നതായി കണ്ടെത്തി. ഇത്രയും ഉയര്‍ന്ന തുക പ്രീമിയം അടച്ചിട്ടും 20 ശതമാനം കുറവാണ് ഇന്‍ഷുറന്‍സ് തുക ലഭിച്ചതെന്നും പറയുന്നു.
സുതാര്യതയില്ലാത്തതാണ് ഈ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രധാന പോരായ്മയെന്ന് തെലങ്കാനയിലെ പൊതുനയ വിദഗ്ധന്‍ ദോന്തി നരസിംഹ റെഡ്ഡി ആരോപിച്ചു. പ്രീമിയങ്ങളുടെ സാമ്പത്തിക ബാധ്യത സര്‍ക്കാരുകള്‍ പങ്കിടണമെന്നും കാര്‍ഷികമേഖലയില്‍ പുത്തന്‍ സാങ്കേതികവിദ്യ പിന്തുടരണമെന്നും ആവശ്യപ്പെട്ടു. വിളവ് മനസിലാക്കുന്നതിന് ഉപഗ്രഹവും മറ്റ് സാങ്കേതികവിദ്യയും ഉപയോഗിച്ച് 2018ല്‍ രാജ്യത്ത് ആദ്യമായി ഡിജിറ്റല്‍ വിള സര്‍വേ നടത്തിയ ആന്ധ്രാപ്രദേശിനെ ചൂണ്ടിക്കാണിച്ചു കൊണ്ട് സിഎസ്ഇ പറഞ്ഞു. 

ഉയര്‍ന്ന നിലവാരമുള്ള വിളവ് ഡാറ്റയും ശക്തമായ കാലാവസ്ഥാ ഡാറ്റയും സംയോജിപ്പിച്ചതോടെ സര്‍ക്കാരിലുള്ള സുതാര്യതയും വിശ്വാസവും വര്‍ധിച്ചതായി ആന്ധ്രാ വിള ഇന്‍ഷുറന്‍സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡി വേണുഗോപാല്‍ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.