ജനുവരി 6ലെ യുജിസി കരട് റെഗുലേഷനുകൾ സംബന്ധിച്ച് സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നാളെ തിരുവനന്തപുരത്ത് ദേശീയ കൺവെൻഷൻ നടക്കും. സംസ്ഥാനത്തിന്റേതടക്കം രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ കനത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന കരട് റെഗുലേഷനാണ് യുജിസി മുന്നോട്ടുവെച്ചിരിക്കുന്നത്. സംസ്ഥാനസർക്കാരുകളുടെ അധികാരങ്ങളും സർവകലാശാലകളുടെ സ്വയംഭരണാവകാശവും ഇല്ലാതാക്കുന്നതും ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനവുമായ റെഗുലേഷനുകൾക്കെതിരെയാണ് കൺവെൻഷൻ നടക്കുകയെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു. രാവിലെ 10.30ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ മന്ത്രി ഡോ. ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. പ്രഭാത് പട്നായിക് പ്രഭാഷണം നടത്തും.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാർ കൺവൻഷനിൽ പങ്കെടുക്കും. കർണാടക ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. എം സി സുധാകർ, തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ഗോവി ചെഴിയാൻ, പഞ്ചാബ് ഉന്നതവിദ്യാഭ്യാസ മന്ത്രി ഹർജോത് സിംഗ് ബെയ്‌ൻസ് എന്നിവരും തെലങ്കാന ഐടി വകുപ്പ് മന്ത്രി ഡി ശ്രീധർ ബാബുവും കൺവെൻഷനിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും. മറ്റു സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും കൺവെഷനിൽ പങ്കെടുക്കും.റവന്യൂ മന്ത്രി കെ രാജൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ കൺവൻഷനിൽ മുഖ്യപ്രഭാഷണം നിർവഹിക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ ബി ഗണേഷ് കുമാർ, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, ഉന്നതവിദ്യാഭ്യാസ കൌൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ എന്നിവർ പ്രഭാഷണം നടത്തും.
ഭരണ‑പ്രതിപക്ഷ എംഎൽഎമാരും ചീഫ് സെക്രട്ടറി ഉൾപ്പടെ വിവിധ വകുപ്പുകളിലെ സെക്രട്ടറിമാരും ഉന്നത വിദ്യാഭ്യാസവകുപ്പിലെ വിവിധ ഏജൻസികളുടെ മേധാവികളും വിവിധ സർവ്വകലാശാലാ നേതൃത്വങ്ങളും അധ്യാപകരും ഗവേഷകരും വിദ്യാർത്ഥികളും അനധ്യാപക ജീവനക്കാരും ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും കൺവൻഷനിൽ പ്രതിനിധികൾ ഉണ്ടാകും.ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഏറ്റവും കൂടുതൽ പണം മുടക്കുന്ന സംസ്ഥാനമെന്നാണ് കേരളത്തെക്കുറിച്ച് കേന്ദ്ര ഏജൻസിയായ നീതി ആയോഗ് വിലയിരുത്തിയിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ദേശീയ ശരാശരിയെക്കാൾ മികച്ച പ്രവേശന അനുപാതം, ലിംഗസമത്വ സൂചികയിലെ മികച്ച സ്ഥാനം, പ്രവേശനം നേടുന്ന പെൺകുട്ടികളുടെ കാര്യത്തിലുള്ള വർദ്ധിച്ച നിരക്ക് തുടങ്ങിയവയിൽ കേരളം ആർജ്ജിച്ച മികവിനെ നീതി ആയോഗ് പ്രശംസിച്ചിരിക്കുകയാണിപ്പോൾ.
സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര നികുതി വിഹിതം 32 ശതമാനത്തിൽ നിന്നും 42 ശതമാനമായി ഉയർത്തിയിട്ടും ഉന്നതവിദ്യാഭ്യാസ മേഖലയിലെ കേന്ദ്ര മുതൽ മുടക്കിൽ ആനുപാതികമായ വർദ്ധന ഉണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാണിച്ചിരിക്കുന്നത് കേന്ദ്ര ഏജൻസി തന്നെയാണെന്നത് ശ്രദ്ധേയമാണെന്ന് മന്ത്രി പറഞ്ഞു.സംസ്ഥാനങ്ങളെ വെറും കാഴ്ചക്കാരാക്കി ഉന്നതവിദ്യാഭ്യാസരംഗത്തെ നശിപ്പിക്കാനുള്ള കേന്ദ്രസർക്കാരിൻ്റെ നയപരിപാടികൾക്കെതിരെ യുജിസി രേഖയുടെ പശ്ചാത്തലത്തിൽ രാജ്യത്താകെ തന്നെ ശക്തമായ പ്രതിഷേധമാണ് ഉയർന്നുവന്നിരിക്കുന്നത്. ഈ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപ്തി നേടുന്നതിൻ്റെ ഭാഗമാണ് ഫെബ്രുവരി 20ന് കേരളം ഒരുക്കുന്ന കൺവൻഷനെന്നും മന്ത്രി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.