18 November 2024, Monday
KSFE Galaxy Chits Banner 2

ഉയർന്ന പെൻഷൻ: ഉത്തരവിൽ സര്‍വത്ര ആശയക്കുഴപ്പം

ബേബി ആലുവ
കൊച്ചി
February 22, 2023 10:32 pm

ഉയർന്ന പെൻഷനു വേണ്ടി സംയുക്ത ഓപ്ഷൻ നൽകുന്നത് സംബന്ധിച്ച ഇപിഎഫ്ഒ ഉത്തരവിൽ സർവത്ര അവ്യക്തതയെന്ന പരാതിയുമായി പെൻഷൻകാർ. ഓപ്ഷൻ നൽകാൻ പുതിയ ഫോമുണ്ടോ, ഇല്ലെങ്കിൽ ഇപിഎഫ്ഒ വെബ് സൈറ്റിൽ ലിങ്ക് ലഭ്യമാക്കുമോ തുടങ്ങിയ കാര്യങ്ങൾക്കൊന്നും സർക്കുലറിൽ വ്യക്തതയില്ലെന്നാണ് പരാതി. ഉയർന്ന പെൻഷനു വേണ്ടി ജീവനക്കാരും സ്ഥാപനങ്ങളും സംയുക്ത ഓപ്ഷൻ നൽകാനുള്ള അവസാന തീയതി നിശ്ചയിച്ച് സുപ്രീം കോടതി വിധി വന്ന് നൂറിലധികം ദിവസങ്ങൾ കഴിഞ്ഞാണ് ഇത് സംബന്ധിച്ച ഇപിഎഫ്ഒ ഉത്തരവ് ഇറങ്ങുന്നത് എന്നതുതന്നെ ഇക്കാര്യത്തിലുള്ള അധികൃതരുടെ അനാസ്ഥയാണ് പ്രകടമാകുന്നതെന്നാണ് പിഎഫ് വരിക്കാരുടെ കുറ്റപ്പെടുത്തൽ. 

മാര്‍ച്ച് നാലാണ് ഓപ്ഷൻ നൽകാനുള്ള സമയ പരിധിയായി കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഈ തീയതിയിലേക്കെത്താൻ 11 ദിവസം മാത്രം ബാക്കി നിൽക്കെ 20നാണ് ഇപിഎഫ്ഒ സർക്കുലർ ഇറങ്ങിയത്. വ്യവസ്ഥകളെയും മറ്റും സംബന്ധിച്ച ആവശ്യമായ അന്വേഷണങ്ങൾക്കൊന്നും സാവകാശമില്ലെന്ന് ചുരുക്കം.
ആർസി ഗുപ്ത കേസിൽ, ഉയർന്ന പെൻഷൻ അപേക്ഷ നിരസിക്കപ്പെട്ടവർക്ക് ഓപ്ഷൻ നൽകാൻ 2016ൽ സുപ്രീം കോടതി വിധി വന്ന അവസരത്തിലും കോടതി അനുവദിച്ച സമയത്തിന് തൊട്ടു മുൻപാണ് ഇക്കാര്യത്തിൽ ഇപിഎഫ്ഒ ഉത്തരവ് ഇറങ്ങിയതെന്ന കാര്യവും വരിക്കാർ ചൂണ്ടിക്കാട്ടുന്നു. 

വർഷങ്ങളുടെ നിയമ പോരാട്ടത്തിന് ഒടുവിൽ, ഉയർന്ന പെൻഷൻ ലഭിക്കാൻ പി എഫ് അംഗങ്ങൾ സുപ്രീം കോടതിയിൽ നിന്ന് നേടിയെടുത്തതാണ് അനുകൂല വിധി. അതിൽ സ്വീകരിക്കേണ്ട തുടർ നടപടികളാണ് ഈ 20 വരെ ഇപിഎഫ്ഒ വച്ച് താമസിപ്പിച്ചത്. എന്നാൽ, വിധി മറ്റൊരു തരത്തിൽ വ്യാഖ്യാനിച്ച്, വരിക്കാരുടെ അക്കൗണ്ടുകളിലേക്ക് പോയ പെൻഷൻ തിരിച്ചു പിടിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുകയും ചെയ്തു. ഉയർന്ന പെൻഷനു വേണ്ടി യഥാർത്ഥ ശമ്പളത്തെ അടിസ്ഥാനമാക്കിയുള്ള കൂടിയ വിഹിതം പിടിച്ചു കൊള്ളാൻ ജീവനക്കാരും സ്ഥാപനമുടമകളും സംയുക്തമായി നൽകുന്ന സമ്മത പത്രമാണ് ഓപ്ഷൻ. 

Eng­lish Summary;Higher pen­sion: Con­fu­sion all over the mandate

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.