24 February 2026, Tuesday

Related news

February 24, 2026
February 8, 2026
February 7, 2026
February 5, 2026
January 28, 2026
January 23, 2026
January 21, 2026
January 21, 2026
January 18, 2026
January 14, 2026

ബിനാലെയിൽ അസുലഭ കാഴ്ചകളൊരുക്കി ഹിമാൻഷു ജാമോദ്

Janayugom Webdesk
കൊച്ചി
January 4, 2026 7:01 pm

റ്റനോട്ടത്തിൽ കടുംനിറത്തിൽ വലിയൊരു കെട്ടിടമാണ് വലിയ കാൻവാസിലുള്ള ഹിമാൻഷു ജാമോദിന്റെ ചിത്രം കാണുമ്പോൾ മനസിലേക്കെത്തുന്നത്. എന്നാൽ ഏതാനും നിമിഷങ്ങൾ കൊണ്ട് മാത്രമേ അതൊരു നെടുകെ പിളർന്ന കപ്പലിന്റെ ചിത്രമാണെന്ന ബോധം വരികയുള്ളൂ. കുട്ടിക്കാലം മുതൽ എല്ലാവരും വരച്ചും കടലാസിൽ മെനഞ്ഞെടുത്തും പരിചിതമായ കപ്പലിന്റെ അന്ത്യയാത്രയാണ് ഭാവ്നഗർ സ്വദേശിയായ ഈ ആർട്ടിസ്റ്റ് ഭീമാകാരമായ കാൻവാസിൽ നിറങ്ങളിൽ ചാലിച്ചെടുത്തിരിക്കുന്നത്.

കൊച്ചി മുസിരിസ് ബിനാലെ ആറാം പതിപ്പിന്റെ വേദികളിലൊന്നായ വെല്ലിംഗ്ടൺ ഐലൻഡ് വെയർഹൗസിലാണ് ഈ കലാപ്രതിഷ്ഠ പ്രദർശിപ്പിച്ചിട്ടുള്ളത്. ഗുജറാത്തിലെ അലാംഗ് പൊതുവെ കപ്പലുകളുടെ ശവപ്പറമ്പായാണ് അറിയപ്പെടുന്നത്. പഴയതും പുനരുപയോഗിക്കാൻ കഴിയാത്തതുമായ നൂറുകണക്കിന് കപ്പലുകൾ ഇവിടെ പൊളിക്കാനായി എത്തിക്കും. ഹിമാൻഷുവിന്റെ കുടുംബം ഈ ബിസിനസ് ചെയ്യുന്നവരാണ്. കുട്ടിക്കാലം മുതൽക്ക് തന്നെ അദ്ദേഹത്തിന്റെ കാഴ്ചകളാണ് കപ്പലുകളുടെ പൊളിക്കൽ. നെടുകെ മുറിച്ച കപ്പൽ എങ്ങിനെയിരിക്കുമെന്ന് ആരും ചിന്തിക്കുന്നു പോലുമില്ലെന്ന് ഹിമാൻഷു പറഞ്ഞു. അത് ഒരു ബഹുനിലക്കെട്ടിടത്തിന്റെ രൂപത്തിലാണ്. ഇന്ത്യയൊട്ടാകെ അനേകം കുടുംബങ്ങൾക്ക് പാർപ്പിടവും ജീവിതവും നൽകുന്ന ഒന്നാണ് ഈ വ്യവസായമെന്ന് ഹിമാൻഷു പറഞ്ഞു. ഈ മാനുഷികവശമാണ് തന്റെ കലാപ്രതിഷ്ഠയിലൂടെ അദ്ദേഹം ലോകത്തിന് മുന്നിൽ വയ്ക്കുന്നത്.

അലാംഗിലുള്ള കപ്പൽ പൊളിക്കൽ കേന്ദ്രം എല്ലായ്പോഴും പരിസ്ഥിതിയുമായി ബന്ധപ്പെട്ട വാർത്തകളിലാണ് ഇടം പിടിക്കാറുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ ആരും ഇതിന്റെ മറുവശം കാണുന്നില്ല. തന്റെ കുടുംബവും ബന്ധുക്കളുമെല്ലാം ഈ തൊഴിലെടുത്താണ് ജീവിക്കുന്നത്. കേവലം ഗുജറാത്തികൾ മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള തൊഴിലാളികൾ ഇവിടെയെത്തി ജീവിതം കരുപ്പിടിപ്പിക്കുന്നു. ഇത് അതിജീവനത്തിന്റെ അനിവാര്യതെയാണ് കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊളിക്കുന്ന സാധനങ്ങൾ പുനരുപയോഗിക്കാനായി കൊണ്ടു പോകുന്നു. മികച്ച നിലവാരമുള്ള ഉരുക്ക് നാട്ടിൽ വിലകുറഞ്ഞ് ലഭിക്കും. ഇത് ലോഹമാലിന്യങ്ങളുടെ ചാക്രിക പുനരുപയോഗമാണെന്നും ഹിമാൻഷു ചൂണ്ടിക്കാട്ടി.

നിത്യേന കാണുന്ന കാഴ്ചകളുടെ വലുപ്പം തന്നെയാണ് തന്റെ ചിത്രങ്ങളുടെ വലുപ്പത്തിന് കാരണമെന്ന് ഹിമാൻഷു പറഞ്ഞു. നിറങ്ങളും അങ്ങിനെ തന്നെയാണ്. കടുത്ത നിറങ്ങൾ ഈ ചിത്രങ്ങളുടെ വലുപ്പത്തിനൊത്ത് അതിന്റെ പ്രമേയത്തിന്റെ പ്രാധാന്യം വെളിവാക്കുന്നു. മഞ്ഞ, സമുദ്രപ്പച്ച, ചുവപ്പ്, നീല തുടങ്ങിയ നിറങ്ങളാണ് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്.
2016 മുതൽ അദ്ദേഹം പരമ്പരയായി വരച്ച് വരുന്ന റിട്രീവ്(വീണ്ടെടുപ്പ്), സീഡ് ബെഡ് എന്നീ ചിത്രസമാഹാരങ്ങളാണ് ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ളത്. താത്കാലികമായ പാർപ്പിട സമുച്ചയമായാണ് ഹിമാൻഷു പൊളിച്ച കപ്പലിനെ അവതരിപ്പിക്കുന്നത്. ഒട്ടേറെ ജീവിതങ്ങൾക്ക് പ്രതീക്ഷ നൽകുന്ന ഈ പാർപ്പിച സമുച്ചയം അതിജീവനം ആഗ്രഹിക്കുന്ന ജനതയ്ക്ക് മേൽക്കൂര പോലെ സുരക്ഷിതത്വം നൽകുന്നുവെന്നും അദ്ദേഹം തന്റെ സൃഷ്ടികളിലൂടെ പറഞ്ഞു വയ്ക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.