
ആഗോള ഖനന കമ്പനിയായ വേദാന്ത സാമ്പത്തിക ക്രമക്കേട് നടത്തി പാപ്പരായെന്ന് റിപ്പോര്‍ട്ട്. കടുത്ത സാമ്പത്തിക ബാധ്യതയാണ് കമ്പനി നേരിടുന്നതെന്ന് അമേരിക്കന്‍ ഷോര്‍ട്ട് സെല്ലിങ് കമ്പനിയായ വൈസ്രോയി റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. വേദാന്ത റിസോഴ്സ് ലിമിറ്റഡിന് (വിആര്‍എല്‍) 2025 സാമ്പത്തിക വര്‍ഷത്തെ കണക്ക് അനുസരിച്ച് 4.9 ബില്യണ്‍ മൊത്ത പലിശ ബാധ്യതയുള്ളതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വെളിപ്പെടുത്തലിന് പിന്നാലെ വേദാന്ത ഓഹരികള്‍ കൂപ്പുകുത്തി. വിആര്‍എല്‍ ഓഹരി വില 8.7% ഇടിഞ്ഞ് 421 രൂപയിലേക്ക് വീണു. ഇതുകൂടാതെ ഹിന്ദുസ്ഥാന്‍ സിങ്ക് ഓഹരി വില അഞ്ച് ശതമാനം ഇടിഞ്ഞ് 415 ആയി.
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അഡാനി കമ്പനിക്കെതിരെ ഉന്നയിച്ച സമാന ആരോപണമാണ് ഇന്ത്യന്‍ ശതകോടീശ്വരന്‍ അനില്‍ അഗര്‍വാളിന്റെ വേദാന്തയ്ക്ക് നേരെ ഉയര്‍ന്നത്. അമേരിക്കയിലെ ഡെലവെയറില്‍ രജിസ്റ്റര്‍ ചെയ്ത ഷോര്‍ട്ട് സെല്ലിങ് സ്ഥാപനമാണ് വൈസ്രോയി റിസര്‍ച്ച്. വേദാന്ത ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമല്ലെന്നും കമ്പനി അടുത്തുതന്നെ പാപ്പരായേക്കാമെന്നും വൈസ്രോയി റിസര്‍ച്ച് സഹസ്ഥാപകനായ ഗബ്രിയേല്‍ ബെര്‍ണാഡ് പറഞ്ഞു.
കമ്പനി പ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ചകള്‍ കഴിഞ്ഞകാലങ്ങളില്‍ സംഭവിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. ഇതിന്റെ ഫലമായി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. വേദാന്ത റിസോഴ്സ് ലിമിറ്റഡ് യഥാര്‍ത്ഥത്തില്‍ പരാദ ഹോള്‍ഡിങ് കമ്പനിയായി മാറിയിരിക്കുന്നു. ഉപ കമ്പനിയായ വേദാന്ത ലിമിറ്റഡ് (വിഇഡിഎല്‍) കമ്പനിയില്‍ നിന്നും പണം കണ്ടെത്തിയാണ് ദൈനംദിനം പ്രവര്‍ത്തനം. കമ്പനിയുടെ കൈവശമുള്ള സ്വത്തുകളുടെ മൂല്യം പെരുപ്പിച്ചുകാട്ടിയിരിക്കുകയാണ്. വായ്പ നല്‍കിയ സ്ഥാപനങ്ങള്‍ അപകട സാധ്യതാ മുനമ്പിലാണെന്നും ഈമാസം ഒമ്പതിന് പുറത്തിറക്കിയ 87 പേജുള്ള റിപ്പോര്‍ട്ടില്‍ വിവരിക്കുന്നു.
എന്നാല്‍ വൈസ്രോയി റിപ്പോര്‍ട്ട് തളളി കമ്പനി രംഗത്തുവന്നു. തെരഞ്ഞെടുത്ത തെറ്റായ വിവരങ്ങളുടെയും അടിസ്ഥാനരഹിതമായ ആരോപണങ്ങളുാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് കമ്പനി പ്രതികരിച്ചു. കമ്പനിയുടെ വിശദീകരണം തേടാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും മാനേജ്മെന്റ് അറിയിച്ചു. ഛത്തീസ്ഗഢിലെ ദന്തേവാഡയില്‍ വേദാന്ത ഗ്രൂപ്പിന് ഇരുമ്പ് ഖനനം നടത്താന്‍ അനുമതി നല്‍കിയതിനെതിരെ സിപിഐ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും ആദിവാസി സംഘടനകളും വന്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.