22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

September 13, 2024
September 6, 2024
August 20, 2024
August 13, 2024
August 12, 2024
August 12, 2024
August 28, 2023
May 15, 2023
May 15, 2023
March 27, 2023

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്; അഡാനി ഓഹരികളില്‍ ഇടിവ്, മാധബി പുരി ബുച്ചിനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍

Janayugom Webdesk
മുംബൈ/ ന്യൂഡൽഹി
August 12, 2024 9:59 pm

സെബി അധ്യക്ഷ മാധബി പുരി ബുച്ചിനും അഡാനി ഗ്രൂപ്പിനുമെതിരായ ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തിനെത്തുടര്‍ന്ന് ഇന്ത്യന്‍ ഓഹരിവിപണികളില്‍ ഇടിവ്, രാവിലെ നഷ്ടത്തോടെ തുടങ്ങിയ സൂചികകള്‍ ഇടയ്ക്ക് നേട്ടത്തിലേക്ക് കയറിയെങ്കിലും വ്യാപാരാന്ത്യത്തില്‍ നഷ്ടത്തില്‍ത്തന്നെ കലാശിച്ചു. സെന്‍സെക്സ് 56.99 പോയിന്റ് (0.07 ശതമാനം) ഇടിഞ്ഞ് 79,648.92ലും നിഫ്റ്റി 20.50 പോയിന്റ് (0.09 ശതമാനം) താഴ്ന്ന് 24,347ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇടയ്ക്ക് ഒരുവേള സെന്‍സെക്സ് 79,226.13 വരെയും നിഫ്റ്റി 24,212.10 വരെയും താഴ്ന്നിരുന്നു. 2023 ജനുവരിയിലെ ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്നുണ്ടായ വിപണി തകർച്ചയെ അനുസ്മരിപ്പിക്കുന്നതായി ഓഹരികളിലെ ഇടിവ്.

ബിഎസ്ഇയിൽ അഡാനി ഗ്രീൻ എനർജി ഓഹരികൾ ഏഴ് ശതമാനം ഇടിഞ്ഞ് ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. അഡാനി ടോട്ടൽ ഗ്യാസ് ഓഹരികൾ അഞ്ച് ശതമാനവും അഡാനി പവർ നാല് ശതമാനവും അഡാനി വിൽമർ, അഡാനി എനർജി സൊല്യൂഷൻസ്, അഡാനി എന്റർപ്രൈസസ് എന്നിവ ഏകദേശം മൂന്ന് ശതമാനവും ഇടിവ് രേഖപ്പെടുത്തി. പല നിക്ഷേപകരും പിൻവാങ്ങിയതോടെ ഏഴ് ശതമാനം വരെ ഇടിവാണ് അഡാനി ഓഹരികളിലുണ്ടായത്. ഇതോടെ നിക്ഷേപകർക്ക് ഏകദേശം 53,000 കോടി രൂപ നഷ്ടപ്പെട്ടു, 10 അഡാനി ഗ്രൂപ്പ് ഓഹരികളുടെ മൊത്തം വിപണി മൂലധനം 16.7 ലക്ഷം കോടി രൂപയായി കുറഞ്ഞു.

ബെര്‍മുഡ, മൗറീഷ്യസ് രാജ്യങ്ങളിലെ അഡാനി ഗ്രൂപ്പിന്റെ വ്യാജ കമ്പനികളില്‍ സെബി മേധാവി മാധബി പുരി ബുച്ചിനും ഭര്‍ത്താവ് ധവല്‍ ബുച്ചിനും പങ്കാളിത്തമുണ്ടെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ആരോപണം മാധബി ബുച്ച് നിഷേധിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ വീണ്ടും പ്രതികരണവുമായി ഹിന്‍ഡന്‍ബര്‍ഗ് രംഗത്തെത്തി. ആരോപണം ശരിവയ്ക്കുന്നതാണ് മാധബി ബുച്ചിന്റെ വിശദീകരണമെന്ന് വ്യക്തമാക്കിയ ഹിന്‍ഡന്‍ബര്‍ഗ് ഇന്ത്യക്കകത്തും പുറത്തുമുള്ള നിക്ഷേപ വിവരങ്ങള്‍ പുറത്തുവിടുമോയെന്ന് ഇരുവരെയും വെല്ലുവിളിച്ചു. സെബി അധ്യക്ഷ സുതാര്യമായ പൊതു അന്വേഷണത്തെ നേരിടാന്‍ തയ്യാറാകുമോ എന്നും ഹിന്‍ഡന്‍ബര്‍ഗ് ചോദിച്ചു.

2015 ല്‍ ഇവര്‍ 83 കോടി രൂപ നിക്ഷേപിച്ചെന്നും 18 മാസം മുമ്പ് വന്ന ആദ്യ റിപ്പോര്‍ട്ടില്‍ അഡാനി ഗ്രൂപ്പിനെതിരെ നടപടിയെടുക്കാന്‍ സെബി മടിച്ചത് ഇതുകൊണ്ടാണെന്നും ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നു. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ നിക്ഷേപം താന്‍ സെബിയില്‍ വരുന്നതിന് മുമ്പ് സിംഗപ്പൂരില്‍ ജോലി ചെയ്ത സമയത്തേതാണെന്നും അനില്‍ അഹൂജ വഴി നടത്തിയതാണെന്നും അഡാനി ഫണ്ടുമായി ബന്ധമില്ലെന്നുമായിരുന്നു മാധബിയുടെ വിശദീകരണം. സിംഗപ്പൂരില്‍ സ്ഥാപിച്ച ബുച്ചിന്റെ കണ്‍സള്‍ട്ടിങ് കമ്പനികളുടെ സുതാര്യതയെയും ഹിന്‍ഡന്‍ബര്‍ഗ് ചോദ്യം ചെയ്യുന്നു. ഇവരുടെ കമ്പനികളിലൊന്നായ അഗോറ അഡൈ്വസറി ലിമിറ്റഡ് (ഇന്ത്യ) ഇപ്പോഴും 99 ശതമാനം ബുച്ചിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും, അവര്‍ അഡാനി ഗ്രൂപ്പിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുമ്പോള്‍ തന്നെ വരുമാനം ഉണ്ടാക്കുന്നുണ്ടെന്നും ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തള്ളി സെബിയും രംഗത്ത് വന്നിരുന്നു. അഡാനി ഗ്രൂപ്പിന് എതിരായ ആരോപണങ്ങള്‍ കൃത്യമായി അന്വേഷിച്ചെന്നാണ് സെബി നല്‍കുന്ന വിശദീകരണം.

പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം

സെബി ചെയർപേഴ്സണെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. മാധവി ബുച്ച് രാജിവയ്ക്കണമെന്നും അന്വേഷണത്തിനായി സംയുക്ത പാർലമെന്ററി സമിതി രൂപീകരിക്കണമെന്നും വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ഓഹരി വിപണിയിലെ തട്ടിപ്പ് കാരണം നിക്ഷേപകരുടെ സമ്പാദ്യം നഷ്ടപ്പെട്ടാൽ ആര് ഉത്തരം പറയുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചോദിച്ചു. പ്രധാനമന്ത്രി പാർലമെന്ററി സമിതി അന്വേഷണത്തെ ഭയപ്പെട്ടത് എന്തുകൊണ്ടെന്ന് വ്യക്തമായെന്നും പുതിയ സാഹചര്യത്തിൽ വിഷയം സുപ്രീം കോടതി സ്വമേധയാ പരിശോധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

വെളിപ്പെടുത്തലിനെക്കുറിച്ച് സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്നും അല്ലെങ്കിൽ രാജ്യവ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം വെളിപ്പെടുത്തലുകളുടെ പേരില്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നായിരുന്നു കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന്റെ വിചിത്രമായ പ്രതികരണം. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തനായി ഒരു സംഘം ശ്രമിക്കുകയാണെന്നും സിങ് ആരോപിച്ചു.

Eng­lish Sum­ma­ry: Hin­den­burg Report; Adani shares fall, more rev­e­la­tions against Mad­habi Puri Buch

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.