22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

August 12, 2024
August 11, 2024
August 10, 2024
August 10, 2024
July 15, 2024
July 2, 2024
January 3, 2024
August 31, 2023
August 28, 2023
August 25, 2023

വീണ്ടും ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തല്‍: അഡാനിയെ രക്ഷിക്കാന്‍ സെബി ഇടപെട്ടു

Janayugom Webdesk
ന്യൂഡല്‍ഹി
July 2, 2024 11:09 pm

അഡാനി ഗ്രൂപ്പിനെതിരായ ഗുരുതര സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളില്‍ ഓഹരി വിപണി നിയന്ത്രണ അതോറിട്ടിയായ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഇടപെടല്‍ നടത്തിയെന്ന് ആരോപണം. യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ സെബി പുറപ്പെടുവിച്ച കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടിയിലാണ് പുതിയ ആരോപണങ്ങളും ഇതോടൊപ്പം വെളിപ്പെടുത്തലുകളും ഉണ്ടായിരിക്കുന്നത്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിക്കുന്നതാണെന്നും ആരോപിച്ചാണ് ഹിന്‍ഡന്‍ബര്‍ഗിന് സെബി ഷോകോസ് നോട്ടീസ് നല്‍കിയത്. 46 പേജുകളുള്ള നോട്ടീസിന് 21 ദിവസത്തിനകം മറുപടി നല്‍കാന്‍ സെബി ആവശ്യപ്പെട്ടു. എന്നാല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമില്ലാത്ത തങ്ങള്‍ക്കെതിരെ സെബിയുടെ നടപടി അസംബന്ധമാണെന്നും രാജ്യത്തെ ഏറ്റവും ശക്തരായ വ്യക്തികൾ നടത്തുന്ന അഴിമതിയും വഞ്ചനയും തുറന്നുകാട്ടുന്നവരെ നിശബ്ദരാക്കാനും ഭയപ്പെടുത്താനുമുള്ള ശ്രമമാണിതെന്നും ഹിന്‍ഡന്‍ബര്‍ഗ് മറുപടിയില്‍ കുറ്റപ്പെടുത്തി. 

അഡാനി ഗ്രൂപ്പിന്റെ ഓഹരികളെ നിര്‍ണായക സമയത്ത് ‘രക്ഷിക്കാന്‍’ ബ്രോക്കര്‍മാരുടെ മേല്‍ വാങ്ങല്‍ സമ്മര്‍ദം ചെലുത്തിയെന്നതാണ് സെബിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തിയിരിക്കുന്ന പ്രധാന ആരോപണം. ഇന്ത്യയിലെ നിക്ഷേപകര്‍ക്ക് തട്ടിപ്പുകാരില്‍ നിന്ന് ഒരു സംരക്ഷണവും ലഭിക്കില്ലെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ സെബി നല്‍കുന്ന സന്ദേശമെന്നും ഹിന്‍ഡന്‍ബര്‍ഗ് പറയുന്നു.
കാരണം കാണിക്കല്‍ നോട്ടീസിലും തങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ തെറ്റായ ഒരു വിവരങ്ങളും സെബിക്ക് ചൂണ്ടിക്കാട്ടാനായിട്ടില്ല. തങ്ങളുന്നയിച്ച ഗുരുതര ആരോപണങ്ങള്‍ക്കൊന്നും അഡാനി ഗ്രൂപ്പ് ഇതുവരെ കൃത്യമായ മറുപടി നല്‍കിയിട്ടില്ല. അഡാനി ഗ്രൂപ്പിനെതിരായ ഡിആര്‍ഐ അന്വേഷണം, വിവിധ മാധ്യമങ്ങളുടെ കണ്ടെത്തലുകള്‍, അഡാനിയെ വിമർശിച്ച പാർലമെന്റ് അംഗങ്ങളെ പുറത്താക്കിയ നടപടി, മാധ്യമപ്രവർത്തകര്‍ക്കെതിരായ അറസ്റ്റ് തുടങ്ങിയവയും ഹിൻഡൻബർഗ് മറുപടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരിയെ ഗൗതം അഡാനി 2022ല്‍ രണ്ട് തവണ സന്ദര്‍ശിച്ചതായും ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച സെബി ഉദ്യോഗസ്ഥരുടെ പേരുകള്‍ ആവശ്യപ്പെട്ട് സെബിക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കുമെന്നും ഹിന്‍ഡന്‍ബര്‍ഗ് ബ്ലോഗ് പോസ്റ്റില്‍ അറിയിച്ചു. സെബി ഉദ്യോഗസ്ഥര്‍ അഡാനി ഗ്രൂപ്പ് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയുടെയും ഫോണ്‍കാളുകളുടെയും വിവരങ്ങള്‍ ലഭ്യമാക്കണമെന്നും ഹിന്‍ഡന്‍ബര്‍ഗ് ആവശ്യപ്പെടും.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്

2023 ജനുവരി 24നാണ് ഹിൻഡൻബർഗ് റിസർച്ച് അഡാനിക്കെതിരെ വന്‍ ആരോപണങ്ങളുമായി അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. കൃത്രിമമായി ഓഹരി വില പെരുപ്പിച്ച് കാട്ടിയെന്നും ഇത്തരത്തില്‍ സ്വന്തമാക്കിയ ഓഹരികള്‍ ഈടായി നല്‍കി വായ്പയെടുത്തെന്നും കടലാസ് കമ്പനികളിലേക്ക് പണം തിരിമറി നടത്തിയെന്നും അടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ റിപ്പോർട്ടിലുണ്ടായിരുന്നു.
റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് പിന്നാലെ അഡാനി ഗ്രൂപ്പിന്റെ 10 ലിസ്റ്റഡ് കമ്പനികളുടെ മൂല്യത്തില്‍ 15,000 കോടി ഡോളറിന്റെ ഇടിവുണ്ടായി. തുടർന്ന് സംഭവത്തിൽ അന്വേഷണം നടത്താൻ സെബിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍ അഡാനിയെ വെള്ളപൂശുന്നതായിരുന്നു സെബിയുടെ അന്വേഷണ റിപ്പോര്‍ട്ട്.

Eng­lish Sum­ma­ry: Hin­den­burg rev­e­la­tions again: SEBI inter­vened to save Adani

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.