
ലോക പ്രശസ്ത ഹിന്ദി പണ്ഡിതയും ലണ്ടന്‍ സ്കൂള്‍ ഓഫ് ഓറിയന്റല്‍ ആന്റ് ആഫ്രിക്കന്‍ സ്റ്റഡീസ് പ്രൊഫസറുമായ ഫ്രാന്‍സെസ്ക ഒര്‍സിനിയ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത് മോഡി സര്‍ക്കാര്‍ തടഞ്ഞു. അഞ്ച് വര്‍ഷത്തെ വിസാ കാലാവധി ഉള്ളപ്പോഴാണ് നടപടിയെന്ന് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയില്‍ അക്കാദമിക് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ശേഷമാണ് ഫ്രാന്‍സെസ്ക ഡല്‍ഹിയിലെത്തിയത്. എന്നാല്‍ വ്യക്തമായ കാരണം കൂടാതെ ഇമിഗ്രേഷന്‍ അധികൃതര്‍ തടയുകയായിരുന്നു. ഇറ്റലിയിലെ വെനീസ് സര്‍വകലാശാലയില്‍ നിന്ന് ഹിന്ദിയില്‍ ബിരുദാനന്തര ബിരുദം നേടിയ ഫ്രാന്‍സെസ‌്ക, ന്യൂഡല്‍ഹിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിന്ദിയിലും ജെഎന്‍യുവിലും പഠിച്ചു. ലണ്ടന്‍ സര്‍വകലാശാലയുടെ ഭാഗമായ എസ്ഒഎഎസില്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കി. ‘ദി ഹിന്ദി പബ്ലിക്‌സ്ഫിയര്‍ 1920–1940: ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഇന്‍ ദി ഏജ് ഓഫ് നാഷണലിസം’ എന്ന പുസ്തകമുള്‍പ്പെടെ ഒട്ടേറെ കൃതികളുടെയും രചയിതാവാണ്.
സമീപകാലത്ത് നിരവധി സന്നദ്ധപ്രവര്‍ത്തകര്‍ക്കും ഗവേഷകര്‍ക്കും കേന്ദ്രസര്‍ക്കാര്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. ഈ ഫെബ്രുവരിയില്‍ ഇന്ത്യന്‍ വംശജയായ ജാതിവിരുദ്ധ പ്രവര്‍ത്തക ക്ഷമ സാവന്തിന് ബംഗളൂരുവില്‍ താമസിക്കുന്ന അമ്മയെ കാണാന്‍ മൂന്ന് തവണ അടിയന്തര വിസ നിഷേധിച്ചു. 2013 മുതല്‍ 23 വരെ വാഷിങ്ടണിലെ സിയാറ്റില്‍ സിറ്റി കൗണ്‍സില്‍ അംഗമായിരുന്നു ഇവര്‍. 2020ലെ പൗരത്വഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ ഇവര്‍ കൗണ്‍സിലില്‍ പ്രമേയം പാസാക്കിയിരുന്നു.
ജനുവരിയില്‍ സ്വീഡിഷ് ഇന്ത്യന്‍ വംശജനായ പ്രൊഫസര്‍ അശോക് സ്വെയിന്റെ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ പദവി റദ്ദാക്കിയ നടപടിയില്‍ ഏറെ പ്രതിഷേധം ഉയര്‍ന്നിരുന്നു. 2024 ഫെബ്രുവരിയില്‍ ഇന്ത്യന്‍ വംശജയും ബ്രിട്ടീഷ് എഴുത്തുകാരിയും ആര്‍എസ്എസിന്റെ കടുത്ത വിമര്‍ശകയും ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ സര്‍വകലാശാല പ്രൊഫസറുമായ നിതാഷ കൗളിനും കേന്ദ്രം വിലക്കേര്‍പ്പെടുത്തി. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ച് യൂണൈറ്റഡ് സ്റ്റേറ്റ്സ് ഹൗസ് കമ്മിറ്റി ഓണ്‍ ഫോറിന്‍ അഫയേഴ്സിന് അവര്‍ മൊഴി നല്‍കിയിരുന്നു.
2022 ഓഗസ്റ്റില്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകന്‍ അംദഗ് സിങ് പഞ്ചാബിലെ കുടുംബ വീട് സന്ദര്‍ശിക്കുന്നത് കേന്ദ്രം വിലക്കി. ഇന്ത്യ ബേണിങ് എന്ന ഡോക്യുമെന്ററിയില്‍ രാജ്യത്തെ മതേതരത്വം ചോദ്യം ചെയ്തതാണ് കേന്ദ്രത്തെ ചൊടിപ്പിച്ചത്. 2022 മാര്‍ച്ചില്‍ ബ്രിട്ടന്‍ ആസ്ഥാനമായുള്ള നരവംശ ശാസ്ത്രജ്ഞ ഫിലിപ്പോ ഒസെല്ലയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ തടഞ്ഞു. അതേവര്‍ഷം തന്നെ ബ്രിട്ടീഷ് ആര്‍ക്കിടെക്ചര്‍ പ്രൊഫ. ലിന്‍ഡ്‌സെ ബ്രെംനറെ ഒരു കാരണവുമില്ലാതെ നാടുകടത്തിയ നടപടിയുമുണ്ടായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.