
രാജ്യത്ത് വിവിധയിടങ്ങളില്‍ ക്രിസ്ത്യന്‍ പുരോഹിതര്‍ക്കെതിരെ ആക്രമണങ്ങളും മതപരിവര്‍ത്തന കുറ്റം ആരോപിച്ചുള്ള അറസ്റ്റും തുടരുന്നു. മഹാരാഷ്ട്രയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് കഴിഞ്ഞദിവസം അറസ്റ്റിലായ മലയാളി വൈദികനും ഭാര്യയ്ക്കും ഇന്നലെ ജാമ്യം ലഭിച്ചു. സിഎസ്ഐ ദക്ഷിണ കേരള മഹാ ഇടവക നാഗ്പൂര്‍ മിഷനിലെ പുരോഹിതന്‍ ഫാദര്‍ സുധീര്‍, ഭാര്യ ജാസ്മിന്‍ എന്നിവരായിരുന്നു അറസ്റ്റിലായത്. ഇവരെ കാണാന്‍ സ്റ്റേഷനിലെത്തിയവര്‍ക്കെതിരെയും കേസെടുത്തിരുന്നു. ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയില്‍ ബെനോഡ പൊലീസാണ് കേസെടുത്തത്. സംഭവത്തിൽ സഭാനേതൃത്വം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
അതിക്രമം നടത്തിയത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണെന്നും സുഹൃത്തായ പാസ്റ്ററുടെ വീട്ടില്‍ ക്രിസ്മസ് ആഘോഷിക്കാന്‍ പോയപ്പോഴായിരുന്നു ബജ്‌റംഗ്ദള്‍ സംഘം എത്തിയതെന്നും വൈദികന്റെ ഭാര്യ ജാസ്മിന്‍ പറഞ്ഞു. ഈ സംഘത്തില്‍ നിന്ന് നേരത്തെ വധഭീഷണി ഉള്‍പ്പെടെ നേരിട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഫാദര്‍ സുധീര്‍, ഭാര്യ ജാസ്മിന്‍, എന്നിവരെ കൂടാതെ ഇവരുടെ സഹായിയടക്കം 12 പേര്‍ക്കെതിരെയാണ് കേസ്. എഫ്ഐആറിന്റെ പകര്‍പ്പും ഇവര്‍ക്ക് നല്‍കിയിരുന്നില്ല.
തിരുവനന്തപുരം അമരവിള സ്വദേശിയായ സുധീര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി മഹാരാഷ്ട്രയിലാണ്. അറസ്റ്റിലായ ബാക്കി പത്തുപേരും മഹാരാഷ്ട്ര സ്വദേശികളാണ്. സമാന രീതിയിൽ, ഒക്ടോബറിൽ മധ്യപ്രദേശിൽ മലയിൻകീഴ് സ്വദേശിയായ ഫാദർ ഗോഡ്‌വിനെയും ജൂലൈയിൽ ഛത്തീസ്‌ഗഢിൽ രണ്ട് മലയാളി കന്യാസ്ത്രീകളെയും അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം ജമ്മുവിൽ മലയാളി വൈദികന് നേരെ ആക്രമണമുണ്ടായി. 13 വർഷമായി ജമ്മുവിൽ സ്ഥിരതാമസമാക്കിയ പാസ്റ്റർ ബേബി ജേക്കബിനും കുടുംബത്തിനും നേരെ ക്രിസ്മസ് തലേന്നാണ് ആക്രമണം ഉണ്ടായത്. നിർബന്ധിത മതപരിവർത്തനം നടത്തി എന്ന് ആരോപിച്ചായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം. വൈദികന്റെ പരാതിയിൽ പൊലീസ് കേസെടുത്തു.
മതപരിവര്‍ത്തനം ആരോപിച്ച് ഉത്തര്‍പ്രദേശിലും പാസ്റ്ററെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയിലായിരുന്നു നടപടി. പാസ്റ്റര്‍ ഡേവിഡ് ഗ്ലാഡിയോൺ, മകൻ അഭിഷേക് ഗ്ലാഡിയോൺ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കൂടാതെ കെ കെ ബംഗാലി എന്ന ജോഹാൻ വിശ്വാസ് എന്നയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മതപരിവര്‍ത്തനം ആരോപിച്ച് ഫത്തേപൂരിലെ പള്ളിക്ക് മുന്നില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം പ്രതിഷേധം നടത്തിയിരുന്നു. തുടര്‍ന്ന് പൊലീസെത്തി പാസ്റ്ററെയും മകനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സമീപകാലത്ത് ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ഹിന്ദുത്വസംഘടനകൾ വ്യാപക അക്രമമാണ് രാജ്യത്ത് അഴിച്ചുവിട്ടത്. വിവിധയിടങ്ങളിൽ ക്രൈസ്‌തവ വിശ്വാസികളെ ആക്രമിക്കുകയും ക്രിസ്‌മസ് അലങ്കാരങ്ങൾ നശിപ്പിക്കുകയും ചെയ്‌തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.