
ഹിന്ദി ആധിപത്യം ഉറപ്പിക്കാനും അടിച്ചേല്പിക്കാനും കേന്ദ്രസര്‍ക്കാര്‍ പാഠപുസ്തകങ്ങളെയും ആയുധമാക്കുന്നു. നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങ് (എന്‍സിഇആര്‍ടി) പുതിയ ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങളില്‍ ഇംഗ്ലീഷ് ഭാഷയ്ക്ക് ഉള്‍പ്പെടെ ഹിന്ദി തലക്കെട്ടുകള്‍ നല്‍കിയത് വിവാദമുണ്ടായിരിക്കുകയാണ്. ഹിന്ദി സംസാരിക്കാത്ത തമിഴ്‌നാട് പോലുള്ള പ്രദേശങ്ങളില്‍ ഹിന്ദി അടിച്ചേല്പിക്കാനുള്ള ഗൂഢശ്രമമാണിതെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ത്രിഭാഷാ നയത്തിനെതിരെ തമിഴ്‌നാട് ശക്തമായ നിലപാട് സ്വകരിക്കുന്നതിനിടയിലാണ് ഈ സംഭവം എന്നതും ശ്രദ്ധേയം. ഇതുവരെ എന്‍സിഇആര്‍ടിയുടെ ഭാഷാ പഠന പുസ്തകങ്ങള്‍ക്ക് അതത് ഭാഷകളിലാണ് പേരുകള്‍ നല്‍കിയിരുന്നത്. കഴിഞ്ഞ വര്‍ഷം വരെ ആറാം ക്ലാസിലെയും ഏഴിലെയും പാഠപുസ്തകങ്ങള്‍ക്ക് ഹണിസര്‍ക്കിള്‍, ഹണികോംപ് എന്നീ പേരുകളാണ് കൊടുത്തിരുന്നത്. പുതിയ പുസ്തകങ്ങള്‍ക്ക് പൂര്‍വി (കിഴക്കന്‍) എന്നാണ് പേര്. ഹിന്ദുസ്ഥാനി സംഗീതത്തിലെ ഒരു രാഗത്തിന്റെ പേരും കൂടിയാണ് പൂര്‍വി. ഒന്ന്, രണ്ട് ക്ലാസുകളിലെ ഇംഗ്ലീഷ് പാഠപുസ്തകങ്ങളുടെ പേര് മൃദംഗ് എന്നും മൂന്ന്, നാല് ക്ലാസുകളിലെ ഇംഗ്ലീഷ് പാഠപുസ്തകങ്ങളുടെ പേര് സന്തൂര്‍ എന്നും പുനര്‍നാമകരണം ചെയ്തു. രണ്ടും സംഗീത ഉപകരണങ്ങളുടെ പേരുകളാണ്.
എന്‍സിഇആര്‍ടി ഡയറക്ടര്‍ ദിനേശ് പ്രസാദ് സക്ലാനി എഴുതിയ ആറാം ക്ലാസ് ഇംഗ്ലീഷ് ഭാഷാ പുസ്തകത്തിന്റെ ആമുഖത്തിലും അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ കീര്‍ത്തി കപൂറിന്റെ എബൗട്ട് ദി ബുക്ക് എന്ന ആമുഖഭാഗവും പൂര്‍വി എന്ന ഹിന്ദി പേര് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് വ്യക്തമാക്കുന്നില്ല.
പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്ന ഉന്നത സമിതി ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം, കല, ശാരീരിക വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്നീ വിഷയങ്ങള്‍ക്ക് ഇംഗ്ലീഷ്, ഹിന്ദി, ഉറുദു പതിപ്പുകളിലാണ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇവയെല്ലാം പരമ്പരാഗതമായി അതത് ഭാഷകളിലെ പേരുകളിലാണ് പ്രസിദ്ധീകരിച്ചുവരുന്നതെന്ന് എന്‍സിഇആര്‍ടിയില്‍ നിന്ന് വിരമിച്ച ഒരു പ്രൊഫസര്‍ പറഞ്ഞു. ആറാം ക്ലാസിലെ പഴയ കണക്ക് പുസ്തകത്തിന്റെ ഇംഗ്ലീഷ് മീഡിയം പതിപ്പിന് മാത്തമാറ്റിക്സ് എന്നും ഹിന്ദി പതിപ്പിന് ഗണിത് എന്നും ഉറുദു പതിപ്പിന് റിയാസി എന്നുമാണ് പേരിട്ടിരുന്നത്. പക്ഷെ, കഴിഞ്ഞ വര്‍ഷം എന്‍സിഇആര്‍ടി ഹിന്ദി, ഇംഗ്ലീഷ് പതിപ്പുകള്‍ക്ക് ഗണിതപ്രകാശ് എന്നാക്കി പേര് നല്‍കി. ചില ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങള്‍ ഹിന്ദി ആക്രമണത്തില്‍ നിന്ന് രക്ഷപെട്ടിട്ടുണ്ട്. ആറാം ക്ലാസിലെ പുതിയ സയന്‍സ് പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പിന് മുമ്പ് സയന്‍സ് എന്നായിരുന്നു പേരെങ്കില്‍ നിലവിലത് ക്യൂരിയോസിറ്റി എന്നാക്കി. ഹിന്ദി, ഉറുദു പതിപ്പുകള്‍ക്ക് ജിഗ്യാസ, തജാസസ് എന്നീ പേരുകളും നല്‍കി. ഹിന്ദി സംസാരിക്കാത്തവര്‍ക്കായി തന്ത്രപൂര്‍വം ഹിന്ദി പരിചയപ്പെടുത്തുകയാണ് എന്‍സിഇആര്‍ടി ചെയ്യുന്നതെന്നും ഇത് ഹിന്ദു ആധിപത്യം അടിച്ചേല്പിക്കലാണെന്നും ഡല്‍ഹി സര്‍വകലാശാല ചരിത്ര പ്രൊഫസര്‍ അപൂര്‍വാനന്ദ് ആരോപിച്ചു. ഈ നടപടിയില്‍ തമിഴ്‌നാടാണ് ശരിയെന്ന് തെളിയിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. പൂര്‍വി, സന്തൂര്‍ എന്നീ തലക്കെട്ടുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ജെഎന്‍യുവില്‍ നിന്ന് വിരമിച്ച ഭാഷാശാസ്ത്ര പ്രൊഫസര്‍ അന്‍വിത അബ്ബി പറഞ്ഞു. മാത്രമല്ല ഇംഗ്ലീഷ് പുസ്തകങ്ങളുടെ ഹിന്ദി തലക്കെട്ടുകള്‍ റോമന്‍ ലിപിയിലാണ് എഴുതിയിരിക്കുന്നതെന്നും ചൂണ്ടിക്കാണിച്ചു. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി 2023 മുതല്‍ എന്‍സിഇആര്‍ടി ഓരോ വര്‍ഷവും ഒന്ന് മുതലുള്ള പാഠപുസ്തകങ്ങള്‍ പരിഷ്കരിച്ച് പുറത്തിറക്കുകയാണ്. ഈ അധ്യയന വര്‍ഷം നാല്, അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ പുസ്തകങ്ങള്‍ പുറത്തിറക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.