10 January 2025, Friday
KSFE Galaxy Chits Banner 2

വെന്തുരുക്കിയ കറുത്തദിനം

അഡ്വ. വി ബി ബിനു
August 6, 2023 4:45 am

ദുരന്തസ്മരണകളിരമ്പുന്ന ഹിരോഷിമ ബോംബാക്രമണത്തിന്റെ 78-ാം വാര്‍ഷികദിനമാണ് ഇന്ന്. ജപ്പാന്‍ നഗരമായ ഹിരോഷിമയില്‍ മാനവചരിത്രത്തില്‍ ആദ്യമായി അമേരിക്ക അണുസ്ഫോടനം നടത്തിയ, കാലം മറക്കാത്ത കണ്ണീരിന്റെ വാര്‍ഷികദിനം കൂടിയാണ്. 1945 ഓഗസ്റ്റ് ആറിന് പുലര്‍ച്ചെ 8.15നാണ് ലിറ്റില്‍ ബോയ് എന്ന അണുബോംബ് ഹിരോഷിമയില്‍ സ്ഫോടനം നടത്തിയത്. മൂന്നുലക്ഷം ജനസംഖ്യയുള്ള ഹിരോഷിമയില്‍ സ്ഫോടനത്തില്‍ 1,40,000ത്തിലധികം ജനങ്ങളാണ് വെന്തുമരിച്ചത്. റേഡിയേഷൻ അതിപ്രസരത്തിൽ 3,90,000 മുതൽ 5,140,000 വരെ ആളുകൾക്ക് പിൽക്കാലത്ത് ജീവൻ നഷ്ടമായി. പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും അണുസ്ഫോടനത്തിന്റെ പാര്‍ശ്വഫലങ്ങളായി ലുക്കീമിയ പോലുള്ള കാന്‍സറും മാരകരോഗങ്ങളും പകര്‍ച്ചവ്യാധികളും ശേഷിച്ച ജനതയെ കാര്‍ന്ന് തിന്നുകൊണ്ടിരിക്കുന്നു. 1945 ജൂലൈ 25നാണ് അമേരിക്കൻ വ്യോമസേനയുടെ പസഫിക് മേഖലാ കമാൻഡർ ജനറലായ കാൾ സ്പാർട്സിന് ജപ്പാനിലെ രണ്ടു നഗരങ്ങളിൽ അണുബോംബ് പ്രയോഗിക്കാനുള്ള നിർദേശം ലഭിച്ചത്. 40,000ത്തോളം ജപ്പാന്‍ സൈനികർ ഉൾപ്പെടുന്ന സെക്കന്റ് ജനറൽ ആർമിയുടെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്ന, സമുദ്രത്തോട് ചേർന്ന് കിടക്കുന്ന ഹിരോഷിമാ നഗരത്തെയാണ് ആദ്യം തിരഞ്ഞെടുത്തത്. ജനറൽ പോൾടിബ്റ്റ്സ് പറപ്പിച്ച അമേരിക്കൻ വ്യോമസേനയുടെ ബി-29 ബോംബർ വിമാനമായ എനോള ഗേയിൽ നിന്നാണ് ബോംബ് പ്രയോഗിച്ചത്. ഹിരോഷിമയില്‍ ബോംബു വര്‍ഷിച്ച് മൂന്നാം നാള്‍ ഓഗസ്റ്റ് ഒമ്പതിന് രാവിലെ 10.55ന് അമേരിക്ക മറ്റാെരു ജപ്പാന്‍ നഗരമായ നാഗസാക്കിയില്‍ ഫാറ്റ്മാന്‍ എന്ന അണുബോബ് സ്ഫോടനം നടത്തി.

ഹിരോഷിമയില്‍ വര്‍ഷിച്ചതിനെക്കാള്‍ ഉഗ്രശേഷിയുള്ള അണുസ്ഫോടനമാണ് നടത്തിയതെങ്കിലും പ്രതികൂലകാലാവസ്ഥമൂലം സ്ഫോടനത്തിന്റെ ശക്തി ഫലവത്തായില്ല. 80,000 പേരാണ് നാഗസാക്കിയില്‍ വെന്തുമരിച്ചത്. 4630 കിലോടൺ ഭാരവും ഉഗ്ര സ്ഫോടക ശേഷിയുള്ള പ്ലൂട്ടോണിയം ബോംബാണ് നാഗസാക്കിയെ അഗ്നിക്കിരയാക്കിയത്. ബ്രിഗേഡിയർ ജനറൽ ചാൾസ് സ്വിനിയാണ് അമേരിക്കന്‍ വിമാനം പറപ്പിച്ചിരുന്നത്. കോക്കുറ നഗരത്തിലുള്ള ജപ്പാന്റെ ആയുധസംഭരണശാലയായിരുന്നു ലക്ഷ്യം. ഹിരോഷിമ നഗരത്തില്‍ വെന്തുവെണ്ണീറായ ജനതയ്ക്കു വേണ്ടി പണിതുയര്‍ത്തിയ സ്മാരകത്തിന്റെ കവാടത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു-“സമാധാനമായി വിശ്രമിക്കൂ ഇനിയെങ്കിലും തെറ്റ് ആവര്‍ത്തിക്കാതിരിക്കട്ടെ.” 2022 ഫെബ്രവരി 28ന് ആരംഭിച്ച റഷ്യ‑ഉക്രെയ്ന്‍ യുദ്ധം വീണ്ടുമൊരു ആണവയുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ ലോകത്ത് പടര്‍ത്തിയിരിക്കുകയണ്. റഷ്യ, ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ സൈനിക ബലവും ആണവശേഷിയുമുള്ള രാഷ്ട്രമണ്. ശാസ്ത്രസാങ്കേതിക രംഗത്തെ വളര്‍ച്ചയില്‍ ഹിരോഷിമയില്‍ വര്‍ഷിച്ച ലിറ്റില്‍ ബോയ് എന്ന അണുബോംബിനെക്കാള്‍ എത്രയോആയിരം മടങ്ങ് പ്രഹരശേഷിയുള്ള ഹൈഡ്രജന്‍ ബോബുകളും അണുസംയോജന ബോംബുകളും ലോകരാജ്യങ്ങളുടെ കൈവശമുണ്ട് എന്നുള്ളത് കൂടുതല്‍ ആശങ്ക ഉയര്‍ത്തുന്നതാണ്. ഒരു ലക്ഷത്തിലധികം സൈനികരെ ഉക്രെയ്ന്‍ എന്ന ചെറിയ രാഷ്ട്രത്തിന് ഈ യുദ്ധത്തില്‍ ബലികൊടുക്കേണ്ടിവന്നു. കണക്കുകള്‍ ഉദ്ധരിച്ച് മാധ്യമ ലോകം നമ്മുടെ മുമ്പില്‍ എത്തിച്ചത് 44 ദശലക്ഷം ജനസംഖ്യയുള്ള ഉക്രെയ്‌നില്‍ 14 ദശലക്ഷം പേര്‍ അഭയാര്‍ത്ഥികളായി എന്നാണ്. 1,40,000 കെട്ടിടങ്ങള്‍ തകര്‍ക്കപ്പെട്ടു. റഷ്യന്‍ ഭാഗത്തും നഷ്ടങ്ങളുടെ നീണ്ടകണക്കുകളാണുള്ളത്. ഒരു ലക്ഷത്തിലധികം റഷ്യന്‍ സൈനികര്‍ ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ നേതൃത്വത്തിലുള്ള സൈനികസഖ്യമായ നാറ്റോയുടെ വിപുലീകരണവും ഇടപെടലുകളുമാണ് യുദ്ധത്തിന് കാരണമായത്. ഇന്നും അവസാനിക്കാത്ത യുദ്ധം ലോകജനതയ്ക്കു മുമ്പില്‍ വലിയ ആശങ്കയായി തുടരുകയാണ്. യുദ്ധങ്ങളും സംഘര്‍ഷങ്ങളും സാമ്രാജ്യത്വശക്തികളുടെ സൃഷ്ടികളാണെന്ന് നാം തിരിച്ചറിയണം.


ഇതുകൂടി വായിക്കൂ: ഇസ്രയേല്‍ ഇന്ത്യയെ പഠിപ്പിക്കുന്നത്


അമേരിക്കയും റഷ്യയും ഫ്രാന്‍സും അടക്കമുള്ള രാഷ്ട്രങ്ങളുടെ പ്രധാന സാമ്പത്തിക അടിത്തറ ആയുധക്കച്ചവടമാണ്. കോടാനുകോടികള്‍ മുടക്കി അവര്‍ സൃഷ്ടിക്കുന്ന അത്യാധുനികമായ ആയുധങ്ങള്‍ വിറ്റഴിക്കേണ്ടത് അവരുടെ സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് ആവശ്യമാണ്. ലോകത്തെ ദരിദ്രരാഷ്ട്രങ്ങള്‍ പോലും സ്വന്തം പ്രതിരോധ ബജറ്റില്‍ വന്‍ തുകയാണ് ആയുധങ്ങള്‍ വാങ്ങിക്കൂട്ടുവാന്‍ വേണ്ടി ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാഷ്ട്രം ഇന്ത്യയാണെന്ന് നാം മറന്നുകൂടാ. പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ വിദേശയാത്രകളിലെല്ലാം പ്രത്യേകിച്ച് അമേരിക്ക, റഷ്യ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുമായി വന്‍ ആയുധക്കരാറുകളാണ് ഒപ്പുവച്ചിട്ടുള്ളത്. മനുഷ്യന്റെ ശാസ്ത്രീയ പുരോഗതികളെയെല്ലാം വിനാശകരമായി ദുരുപയോഗം ചെയ്യുന്നതിന്റെ പ്രതിരൂപമാണ് അണുസ്ഫോടനങ്ങളിലും യുദ്ധത്തിലും പ്രതിഫലിക്കുന്നത്. വിനാശകരമായ ആണവായുധങ്ങള്‍ കുറച്ചുകൊണ്ടുവരാന്‍ ലോകരാഷ്ട്രങ്ങള്‍ തയ്യാറാകണമെന്നാണ് ലോകത്താകമാനമുള്ള സമാധാന പ്രസ്ഥാനങ്ങള്‍ ഇന്ന് ആവശ്യപ്പെടുന്നത്. ‘യുദ്ധം മരണമാണ്, സമാധാനമാണ് ജീവിതം’ എന്ന സന്ദേശം പ്രസക്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.