
മൂന്ന് കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടി അച്ഛനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് മക്കളെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവള്ളൂർ പൊത്താതുർപേട്ട സ്വദേശിയായ സ്കൂൾ ലാബ് അസിസ്റ്റന്റ് ഇ പി ഗണേശൻ (56) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മക്കളായ മോഹൻരാജ് (26), ഹരിഹരൻ (27) എന്നിവരെയും പാമ്പിനെ എത്തിച്ചുനൽകിയ നാല് സഹായികളെയും പൊലീസ് പിടികൂടി.
കഴിഞ്ഞ ഒക്ടോബർ 22നാണ് ഗണേശനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉറക്കത്തിനിടെ പാമ്പ് കടിയേറ്റതാണെന്ന മക്കളുടെ മൊഴി ആദ്യഘട്ടത്തിൽ ബന്ധുക്കളും നാട്ടുകാരും വിശ്വസിച്ചിരുന്നു. എന്നാൽ ഗണേശന്റെ പേരിൽ വരുമാനത്തേക്കാൾ വലിയ തുക പ്രീമിയമായി അടയ്ക്കുന്ന മൂന്ന് കോടിയുടെ ഇൻഷുറൻസ് പോളിസികൾ ഉണ്ടായിരുന്നത് ഇൻഷുറൻസ് കമ്പനിയുടെ സംശയത്തിന് ഇടയാക്കി. കമ്പനിയുടെ പരാതിയിൽ പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് നാടിനെ നടുക്കിയ കൊലപാതക വിവരം പുറത്തുവന്നത്.
ഗണേശനെ കൊല്ലാൻ മക്കൾ ഇതിനു മുൻപും ശ്രമിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഒരാഴ്ച മുൻപ് മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ചെങ്കിലും നാട്ടുകാർ ആശുപത്രിയിലെത്തിച്ചതിനാൽ ഗണേശൻ രക്ഷപ്പെട്ടിരുന്നു. ഇതോടെ രണ്ടാം തവണ കൂടുതൽ വിഷമുള്ള വെള്ളിക്കെട്ടൻ പാമ്പിനെ എത്തിച്ച് ഉറങ്ങിക്കിടന്ന ഗണേശന്റെ കഴുത്തിൽ തന്നെ കടിപ്പിക്കുകയായിരുന്നു. മരണം ഉറപ്പാക്കാൻ ആശുപത്രിയിലെത്തിക്കുന്നത് വൈകിപ്പിക്കുകയും പാമ്പ് അബദ്ധത്തിൽ കയറിയതാണെന്ന് വരുത്താൻ അതിനെ തല്ലിക്കൊല്ലുകയും ചെയ്തു. കടബാധ്യതകൾ തീർക്കാനും ആഡംബര ജീവിതം നയിക്കാനുമാണ് ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്തതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.