
മഹാരാഷ്ട്രയിൽ ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന് രണ്ട് വയസുള്ള ഇരട്ട പെൺകുട്ടികളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഇതിന് ശേഷം യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. വാസീം ജില്ലയിലെ താമസക്കാരനായ രാഹുൽ ചവാൻ ആണ് അറസ്റ്റിലായത്. ഭാര്യക്കും രണ്ട് പെൺമക്കൾക്കുമൊപ്പം യാത്ര ചെയ്യുമ്പോഴാണ് രാഹുൽ ചവാനും ഭാര്യയും തമ്മിൽ വഴക്കുണ്ടായത്. വഴക്കിനിടെ ഭാര്യ മാതാപിതാക്കളുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. തുടർന്ന് ചവാൻ മക്കളുമായി ഒറ്റയ്ക്ക് യാത്ര തുടർന്നു.
കോപത്താൽ നിയന്ത്രണം നഷ്ടപ്പെട്ട ചവാൻ, ബുൽധാന ജില്ലയിലെ അഞ്ചാർവാഡിയിലെ വനമേഖലയിലേക്ക് ഇരട്ടക്കുഞ്ഞുങ്ങളെ കൊണ്ടുപോവുകയും അവിടെവെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം ചവാൻ നേരെ വാസീം പൊലീസ് സ്റ്റേഷനിലേക്ക് വാഹനമോടിച്ച് പോയി കുറ്റം സമ്മതിച്ച് കീഴടങ്ങുകയായിരുന്നു. ഇയാളുടെ മൊഴിയെ തുടർന്ന് പൊലീസ് സംഘം ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് തിരിക്കുകയും കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തുകയും ചെയ്തു. കുട്ടികളുടെ മൃതദേഹങ്ങൾ ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കാൻ ചവാൻ മൃതദേഹം തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ചോ എന്ന സംശയവും പൊലീസിനുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.