27 December 2024, Friday
KSFE Galaxy Chits Banner 2

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന് ചരിത്ര തുടക്കം

Janayugom Webdesk
കോട്ടയം
April 1, 2023 11:30 pm

സംസ്ഥാന സർക്കാര്‍ സംഘടിപ്പിക്കുന്ന 603 ദിവസം നീളുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ആഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം വൈക്കം ബീച്ചിൽ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേർന്ന് നിർവഹിച്ചു.
വലിയകവലയില്‍ വൈക്കം തന്തൈ പെരിയോർ സ്മാരകത്തിലെ മഹാത്മാഗാന്ധി, പെരിയാർ, ടി കെ മാധവൻ, മന്നത്ത് പദ്മനാഭൻ എന്നിവരുടെയും കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദപ്പണിക്കർ, ആമചാടി തേവൻ, രാമൻ ഇളയത് തുടങ്ങിയ സത്യഗ്രഹികളുടെയും നവോത്ഥാന നായകരുടെയും പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപങ്ങളിലും ഇരു മുഖ്യമന്ത്രിമാരും പുഷ്പാർച്ചന നടത്തി. ഉദ്ഘാടന ചടങ്ങില്‍ സഹകരണ-രജിസ്ട്രേഷൻ മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിച്ചു. വൈക്കം സത്യഗ്രഹത്തിന്റെ പ്രൗഢിക്ക് ഒത്ത സ്മാരകം വൈക്കത്ത് സംസ്ഥാന സർക്കാർ തന്നെ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി ഉദ്ഘാടന സമ്മേളനത്തിൽ പ്രഖ്യാപിച്ചു.
ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് പുറത്തിറക്കുന്ന വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട പുസ്തകത്തിന്റെ മലയാളം, ഇംഗ്ലീഷ് പതിപ്പ് പ്രകാശനം എം കെ സ്റ്റാലിനു നൽകി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ശതാബ്ദി ലോഗോ പ്രകാശനം സി കെ ആശ എംഎൽഎയ്ക്കു നൽകി തമിഴ്‌നാട് മുഖ്യമന്ത്രി നിർവഹിച്ചു. ശതാബ്ദി ആഘോഷ രൂപരേഖ ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് അവതരിപ്പിച്ചു.
മന്ത്രിമാരായ സജി ചെറിയാൻ, കെ രാധാകൃഷ്ണൻ, കെ കൃഷ്ണൻകുട്ടി, ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ, സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, ലോക്‌സഭാംഗം ടി ആർ ബാലു, രാജ്യസഭാംഗങ്ങളായ ബിനോയ് വിശ്വം, ജോസ് കെ മാണി, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, കേരള നവോത്ഥാന സമിതി ജനറൽ സെക്രട്ടറി പി രാമഭദ്രൻ, മുൻരാജ്യസഭാംഗം കെ സോമപ്രസാദ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. 

ഇന്ത്യക്ക് വഴികാട്ടിയായ പോരാട്ടം: എം കെ സ്റ്റാലിന്‍

കോട്ടയം: വൈക്കത്ത് നടന്നത് ഇന്ത്യക്ക് വഴികാട്ടിയായ പോരാട്ടമാണെന്നും രാജ്യത്ത് പലയിടത്തും അയിത്ത വിരുദ്ധ സമരത്തിന് പ്രചോദനമായത് ഈ സത്യഗ്രഹ സമരമാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സത്യഗ്രഹം നടന്നത് കേരളത്തിലെങ്കിലും തമിഴ്‌നാട്ടിലും സാമൂഹിക മാറ്റത്തിന് വഴിതെളിക്കാൻ സമരത്തിനായെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞു.
തമിഴ്‌നാട്ടില്‍ നിയമസഭാ സമ്മേളനം നടക്കുകയാണ്. എങ്കിലും ചടങ്ങില്‍ പങ്കെടുക്കണമെന്ന അതിയായ ആഗ്രഹം ഉള്ളതുകൊണ്ടാണ് എത്തിയത്. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി കേരള-തമിഴ്‌നാട് സംസ്ഥാനങ്ങൾ ഒന്നിച്ച് ആഘോഷിക്കണമെന്ന ആഗ്രഹം താൻ പ്രകടിപ്പിച്ചിരുന്നു. നാഗർകോവിലിൽ തോൾ ശീലൈ സമരവുമായി ബന്ധപ്പെട്ട വാർഷികത്തിനെത്തിയ പിണറായി വിജയൻ വൈക്കം സത്യഗ്രഹശതാബ്ദി ആഘോഷപരിപാടിയിലേക്ക് തന്നെ സ്വാഗതം ചെയ്യുകയാണുണ്ടായതെന്നും സ്റ്റാലിൻ പറഞ്ഞു.
ശരീരം കൊണ്ട് താനും പിണറായി വിജയനും രണ്ടാണെങ്കിലും ചിന്തകൊണ്ട് ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടി സംഘടിപ്പിച്ച സംസ്ഥാന സർക്കാരിനെ തമിഴ് മക്കളുടെ പേരിൽ സ്റ്റാലിൻ നന്ദിയറിയിച്ചു. ജാതി-മത ശക്തികൾ വീണ്ടും ശക്തിയാർജിക്കുന്ന കാലഘട്ടത്തിൽ നമുക്ക് ഉത്തരവാദിത്തം കൂടുതലാണെന്നും പോരാട്ടത്തിന് വൈക്കം സത്യഗ്രഹം വെളിച്ചമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

വൈക്കം നവോത്ഥാന മുന്നേറ്റത്തിന് കളമൊരുക്കി: മുഖ്യമന്ത്രി

കോട്ടയം: പോരാട്ടത്തിൽ ഒന്നിച്ചു നിൽക്കുക എന്ന വലിയ മാതൃകയാണ് വൈക്കം സത്യഗ്രഹം മുന്നോട്ടുവച്ചതെന്നും തമിഴ്‌നാടും കേരളവും അതിൽ ഒരുമിച്ചു നിന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
ഒരുമിച്ച് ചേരേണ്ടതായ ആ മനസ് വരുംകാലത്തും ഉണ്ടാകും. അതു വലിയ സാഹോദര്യമായി ശക്തിപ്പെടും. ഇന്ത്യക്ക് തന്നെയുള്ള മാതൃകകൾ അത് ഉയർത്തിക്കാട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാമൂഹിക പരിഷ്കരണ നവോത്ഥാന ധാരയും ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനവും സമന്വയിച്ചു എന്നതാണ് വൈക്കം സത്യഗ്രഹത്തെ മറ്റു നവോത്ഥാന ധാരകളിൽ നിന്ന് വേറിട്ടു നിർത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും അയ്യൻകാളിയും ഉൾപ്പെടെയുള്ളവരുടെ ചൈതന്യവത്തായ സന്ദേശങ്ങളുടെ പ്രചോദനമില്ലായിരുന്നുവെങ്കിൽ വൈക്കം സത്യഗ്രഹം പോലൊരു പുരോഗമന മുന്നേറ്റമുണ്ടാകുമായിരുന്നില്ല. ക്ഷേത്ര പ്രവേശനം അടക്കമുള്ള നവോത്ഥാന മുന്നേറ്റങ്ങളിലേക്ക് വഴിതെളിച്ചത് വൈക്കം സത്യഗ്രഹത്തെ തുടർന്നു വന്ന സമര പരമ്പരകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആത്യന്തികമായി പുരോഗമന പരമായി മുന്നേറുക എന്നതാണ് സമരചരിത്രം. ഇതിന് ഉദാഹരണമാണ് ഇണ്ടംതുരുത്തി മനയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒറ്റയ്ക്ക് നിന്നല്ല പോരാട്ടം നടത്തേണ്ടത് എന്ന് വൈക്കം സത്യഗ്രഹം കാട്ടിത്തന്നു. വലിയ സാഹോദര്യമായി കേരള- തമിഴ്‌നാട് ബന്ധം ശക്തിപ്പെടണം എന്നും അദ്ദേഹം പറഞ്ഞു.

സത്യഗ്രഹകാലത്തെ ഒരുമ എന്നുമുണ്ടാകണം: കാനം 

കോട്ടയം: സവർണരെന്നോ അവർണരെന്നോ മുന്നാക്കക്കാരനെന്നോ പിന്നാക്കക്കാരനെന്നോ വ്യത്യാസമില്ലാതെ മനുഷ്യന്റെ വഴി നടക്കാനുള്ള അവകാശത്തിനായി എല്ലാവരും ചേർന്ന് പോരാട്ടം നടത്തിയതിന്റെ ഓർമ്മകളാണ് വൈക്കം സത്യഗ്രഹ ശതാബ്ദിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശതാബ്ദി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർത്തമാനകാല സാഹചര്യങ്ങളിലും ഒന്നിച്ചുള്ള പോരാട്ടം ഉയർന്നുവരേണ്ടതുണ്ട്. ദേശീയ നേതാക്കളുടെ സാന്നിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായെങ്കിലും സമൂഹത്തിൽ നിലനിന്ന അനീതിക്കെതിരെ മനുഷ്യർ ഒന്നിച്ചു എന്നതാണ് വൈക്കം സത്യഗ്രഹത്തിന്റെ പ്രത്യേകത. അന്ധവിശ്വാസത്തിനും ബ്രാഹ്മണ മേധാവിത്തത്തിനും എതിരെ പോരാടിയ പെരിയോരുടെ സാന്നിധ്യം കൊണ്ടും വൈക്കം സത്യഗ്രഹം ശ്രദ്ധേയമായി.
എന്നാലിന്ന് ചിലർ ചരിത്രം വളച്ചൊടിക്കുകയാണ്. ജാതി വ്യവസ്ഥയുടെയും മനുസ്മൃതിയുടെയും വക്താക്കൾ ഇന്ന് വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികം ആഘോഷമാക്കാൻ നടക്കുകയാണ്.
തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും ഗോപുരം ഇടിച്ച് ഏറെ ദൂരം മുന്നോട്ട് പോയിട്ടും മനുസ്മൃതിയുടെ കാലം തിരിച്ചെത്തിക്കാനാണ് ഇക്കൂട്ടരുടെ ശ്രമം. വർഗീയ വാദികളുടെ ഇത്തരം ശ്രമത്തിനെതിരെ എന്തുകൊണ്ട് ഒരുമിച്ചുകൂടാ? വർത്തമാനകാല പോരാട്ടത്തിലും വൈക്കം സത്യഗ്രഹ സ്മരണകൾ ഉണർവേകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

Eng­lish Sum­ma­ry; His­tor­i­cal begin­ning of Vaikom Satya­gra­ha cen­te­nary celebrations

You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.