7 March 2026, Saturday

ഇടമലക്കുടിയില്‍ ചരിത്ര മുന്നേറ്റം; ഇ ഹെല്‍ത്ത് യാഥാർത്ഥ്യമായി

Janayugom Webdesk
തിരുവനന്തപുരം
March 7, 2026 10:03 pm

ഇടുക്കി ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇ ഹെല്‍ത്ത് ടീം കഴിഞ്ഞദിവസം ഇടമലക്കുടിയിലെത്തി ഇ ഹെൽത്ത് സംവിധാനം ആരംഭിക്കുന്നതിന്റെ അവസാനവട്ട പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ജീവനക്കാർക്ക് പരിശീലനം നൽകി. ഏതാനും ആഴ്ചയ്ക്കുള്ളില്‍ ഇടമലക്കുടി ആശുപത്രി പേപ്പര്‍ രഹിത ആശുപത്രിയാകും. ആളുകള്‍ക്ക് യുഎച്ച്ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്തു. ഇത് സ്വപ്ന സാക്ഷാത്കാരമാണെന്നും മന്ത്രി പറഞ്ഞു. ഇടമലക്കുടിയില്‍ നിന്നുള്ളവര്‍ക്ക് അടിമാലി ആശുപത്രിയിലേക്കോ ജില്ലാ ആശുപത്രിയിലേക്കോ മെഡിക്കല്‍ കോളജിലേക്കോ മറ്റ് ആശുപത്രികളിലേക്കോ നേരിട്ട് ഇടമലക്കുടി ആരോഗ്യകേന്ദ്രത്തില്‍ നിന്ന് തന്നെ ഓൺലെൻ അപ്പോയ്‌മെന്റ് എടുക്കാം. ഇതിന്റെ അടിസ്ഥാനത്തില്‍ ആ ആശുപത്രികളില്‍ മുന്‍ഗണന ലഭ്യമാകുകയും ഡോക്ടറെ കാണാനും സാധിക്കും. ചികിത്സാ രേഖകള്‍ അവിടേക്ക് കൊണ്ടുപോകേണ്ടതില്ല. ചികിത്സാ വിവരങ്ങളെല്ലാം മെഡിക്കല്‍ കോളജിലും ജില്ലാ ആശുപത്രിയിലും ലഭ്യമാകും. 

ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ആരോഗ്യ കേന്ദ്രമോ ചികിത്സയോ ഇല്ലാതെ കാടിനുള്ളില്‍ കഴിയുകയായിരുന്നു ഒരു സമൂഹം. അവിടെ ചികിത്സയ്ക്ക് സ്ഥിരം സംവിധാനം ഒരുക്കുക എന്നുള്ളത് വെല്ലുവിളി നിറഞ്ഞതായിരുന്നു. ഏറ്റവും പ്രായോഗികമായ പരിഹാരം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സ്ഥിരം തസ്തികകള്‍ സൃഷ്ടിക്കുക എന്നുള്ളതായിരുന്നു. അങ്ങനെ ഇടമലക്കുടിയിലും ചട്ടമൂന്നാറിലും ഉള്‍പ്പെടെ തസ്തികകള്‍ സൃഷ്ടിച്ചു. ഇടമലക്കുടിയില്‍ ആരോഗ്യ കേന്ദ്രം നിര്‍മ്മിച്ചു. പലവിധ പ്രതിസന്ധികള്‍ പരിഹരിച്ചാണ് ആശുപത്രി യാഥാര്‍ത്ഥ്യമാക്കിയത്.

ആരോഗ്യ കേന്ദ്രത്തിന്റെ ഔപചാരിക ഉദ്ഘാടനത്തിന് ഇടമലക്കുടിയിൽ മന്ത്രി വീണാ ജോർജ് നേരിട്ടെത്തി. ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരുന്നു ആ യാത്രയെന്ന് മന്ത്രി ഓർമ്മിച്ചു. ഒരു നാട്, നിഷ്കളങ്കരായ മനുഷ്യര്‍, സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ചു എന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഇ ഹെൽത്ത് അഡീഷണൽ പ്രോജക്ട് ഡയറക്ടർ ഡോ. മഹേഷ്, ജോയിന്റ് ഡയറക്ടർമാരായ ഡോ. റോൺജൻ, അഖിലാ രാജ്, ഇടുക്കി ജില്ലാ പ്രൊജക്ട് എൻജിനീയർ ഷീനു തോമസ്, ടെക്‌നിക്കൽ സ്റ്റാഫ്‌ വിഷ്ണു എന്നിവരുടെ സംഘമാണ് ഇടമലക്കുടിയിൽ എത്തിയത്.

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.