39 ഇനങ്ങളിലായി 24,000 കായിക താരങ്ങള്‍ പങ്കെടുക്കുന്ന കായികപൂരത്തിന് നാളെ തിരിതെളിയുമ്പോള്‍ ഒളിമ്പിക്സ് മാതൃകയില്‍ നടക്കുന്ന ചരിത്രത്തിലെ ആദ്യ സ്കൂള്‍ കായികമേളയ്ക്ക് കൂടിയാണ് തുടക്കമാകുന്നത്. കായിക മേളാ ചടങ്ങുകള്‍ക്ക് 3,500 വിദ്യാര്‍ത്ഥികള്‍ അണിനിരക്കുന്ന മാര്‍ച്ച് പാസ്റ്റോടെ തുടക്കമാകും.
കായിക മേളയുടെ ആദ്യദിനമായ നാളെ അത്‌ലറ്റിക്‌സ്, അത്‌ലറ്റിക്‌സ് (ഇന്‍ക്ലൂസീവ്), ബാഡ്മിന്റണ്‍, ഫുട്‌ബോള്‍, ത്രോബോള്‍ തുടങ്ങി 20 ഓളം മത്സരങ്ങള്‍ ഉണ്ടാകും. ഏഴാം തീയതി മുതല്‍ ട്രാക്ക് ഇന മത്സരങ്ങള്‍ ആരംഭിക്കുന്നതോടെ കായികമേളയുടെ ആവേശം ഇരട്ടിയാകും. മഹാരാജാസ് കോളജ് മൈതാനത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കാണികള്‍ക്ക് ഇരുന്ന് മത്സരം വീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍ തയ്യാറായി കഴിഞ്ഞു. വിജയികള്‍ക്ക് സമ്മാനത്തുക, മെഡല്‍, സര്‍ട്ടിഫിക്കറ്റ് എന്നിവക്കൊപ്പം കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള എവര്‍ റോളിങ് ട്രോഫിയും സമ്മാനിക്കും. ട്രോഫിയുമായി തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച പ്രയാണം വിവിധ ജില്ലകളിലൂടെ സഞ്ചരിച്ച് ഇന്ന് ഉച്ചയോടെ എറണാകുളം നഗരത്തില്‍ എത്തിച്ചേരും. ഉച്ചയ്ക്ക് 12ന് മറൈന്‍ ഡ്രൈവില്‍ തയാറാക്കിയ വേദിയില്‍ കപ്പ് എത്തിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്ന കുട്ടികളെ ഒലിവ് ഇല കിരീടമാണ് അണിയിക്കുന്നത്. മത്സരങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കായിക പ്രതിഭകള്‍ക്ക് പുറമേ 1562 സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളും അണ്ടര്‍ 14, 17, 19 കാറ്റഗറികളിലായി ഗള്‍ഫ് സ്‌കൂളുകളില്‍ നിന്നു 50 കുട്ടികളും പങ്കെടുക്കും. ആദ്യമായാണ് സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളെയും ഗള്‍ഫ് സ്കൂളുകളില്‍ നിന്നുള്ള കുട്ടികളെയും സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്കു ഒരുമിച്ചു പങ്കെടുപ്പിക്കുന്നത്.
മന്ത്രിമാരായ കെ രാജന്‍, ജി ആര്‍ അനില്‍, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, വി അബ്ദുറഹിമാന്‍, ആര്‍ ബിന്ദു, എം ബി രാജേഷ്, അഡ്വ. പി എ മുഹമ്മദ്ദ് റിയാസ്, ഒ ആര്‍ കേളു ജില്ലയിലെ എംഎല്‍എമാര്‍ , എംപിമാര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കും. എറണാകുളം മഹാരാജാസ് കോളജ് മൈതാനം പ്രധാനവേദിയായ കായികമേളയില്‍ റീജണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ കടവന്ത്ര, ജി എച്ച് എസ് എസ് പനമ്പള്ളി നഗര്‍, വെളി ഗ്രൗണ്ട് ഫോര്‍ട്ട് കൊച്ചി, പരേഡ് ഗ്രൗണ്ട് ഫോര്‍ട്ട് കൊച്ചി, കണ്ടെയ്‌നര്‍ റോഡ്, മഹാരാജാസ് കോളജ് സ്റ്റേഡിയം, സെന്റ് പീറ്റേഴ്‌സ് കോളജ് , സെന്റ് പീറ്റേഴ്‌സ് വി എച്ച് എസ് എസ് കോലഞ്ചേരി, സേക്രഡ് ഹാര്‍ട്ട് എച്ച് എസ് എസ് തേവര, എം ജി എം എച്ച് എസ് എസ് പുത്തന്‍കുരിശ്, ജി ബിഎച്ച്എസ്എസ് തൃപ്പൂണിത്തുറ, രാജീവ് ഗാന്ധി സ്റ്റേഡിയം തോപ്പുംപടി, ജി എച്ച് എസ്എസ്. കടയിരുപ്പ്, മുന്‍സിപ്പല്‍ ടൗണ്‍ഹാള്‍ കളമശ്ശേരി, എറണാകുളം ടൗണ്‍ഹാള്‍, സെന്റ്.പോള്‍സ് കോളജ് ഗ്രൗണ്ട് കളമശ്ശേരി, പാലസ് ഓവല്‍ ഗ്രൗണ്ട് തൃപ്പൂണിത്തുറ, എം എ കോളജ് കോതമംഗലം എന്നിവിടങ്ങളിലും മത്സരങ്ങള്‍ അരങ്ങേറും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.