17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 16, 2025
April 14, 2025
April 9, 2025
April 9, 2025
April 9, 2025
April 8, 2025
April 6, 2025
April 5, 2025
April 4, 2025
April 3, 2025

ചരിത്രം സിപിഐക്കൊപ്പം തന്നെ

അഡ്വ. കെ കെ സമദ്
October 16, 2024 4:30 am

ആൾക്കൂട്ടത്തിനിടയിൽനിന്ന് സൂത്രത്തിൽ ഓടിക്കയറി വന്ന് സദസ് കയ്യിലെടുക്കുന്നതല്ല കമ്മ്യൂണി­സവും മാർക്സിസവും. ലോകത്തെ നേർവഴിക്ക് നയിക്കാനുള്ള, അസമത്വങ്ങളില്ലാത്ത നവയുഗത്തിനായി പോരാടുന്നവർക്കുള്ള ഊർജത്തിന്റെ പേരാണത്. അതൊരു വീക്ഷണമാണ്, കാഴ്ചപ്പാടാണ്. നാളെ സംഭവിക്കാൻ പോവുന്നതിനെക്കുറിച്ച് ഇന്ന് തിരിച്ചറിയാനുള്ള ശേഷിയും യുക്തിയുമുണ്ടാക്കുന്ന ആഗോളതലത്തിലെ വിശാലമായ ആശയം. ശ്രദ്ധിക്കുന്നവർക്കറിയാം, ലോകത്തെവിടെയും ഇടതുപക്ഷം എന്നത് സാമ്രാജ്യത്വ, വർഗീയ, തീവ്രവാദ ചിന്തകർ ഭയത്തോടെ കാണുന്ന ഒന്നാണ്. ഇന്ത്യൻ സാഹചര്യത്തിലും പാർലമെന്റിലോ നിയമസഭകളിലോ സീറ്റുകളുടെ എണ്ണം കുറവാണെങ്കിലും ഇടതുപക്ഷമെന്നത് എല്ലാ പക്ഷങ്ങൾക്കും മേലെ ഉയരുന്ന ശരിയുടേയും നീതിയുടേയും ശബ്ദമാണ്. ആളുകൾ പ്രതീക്ഷ അർപ്പിക്കുന്ന പക്ഷമാണ് ഇടതുപക്ഷം. നിലപാടിലെ കാർക്കശ്യമാണ് അതിന്റെ തിളക്കം. പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടികളുടേത്. ചെറുതും വലുതുമായ ഏതു കാര്യങ്ങളിലും സുതാര്യവും സത്യസന്ധവുമായ നിലപാടുകളാണ് ഇടതുപക്ഷത്തിനുണ്ടാവേണ്ടത്. അതിന് എവിടെയൊക്കെ തകരാറു സംഭവിച്ചുവോ അവിടെയെല്ലാം ഇടതുപക്ഷം വിചാരണയ്ക്ക് വിധേയമായിട്ടുണ്ട്. രാജ്യത്ത് ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള മണ്ണാണ് കേരളം. അതുകൊണ്ടാണ് ഏതു പ്രതിസന്ധികളിലും തളരാതെ ജനങ്ങൾക്കൊപ്പം നിലനിൽക്കാൻ ഈ പക്ഷത്തിന് കഴിയുന്നത്. മതേതര, ജനാധിപത്യ മൂല്യങ്ങൾക്കനുസരിച്ച്, ധൈഷണികമായ ഇടതുചിന്തകളുടെ പ്രതിഫലനങ്ങൾ മലയാളിക്ക് പ്രിയപ്പെട്ടതാണ്.

അഴിമതിക്കെതിരായ, കയ്യേറ്റങ്ങൾക്കെതിരായ, മാഫിയകൾക്കെതിരായ, ജനവിരുദ്ധ സമീപനങ്ങൾക്കെതിരായ നിലപാടുകളാണ് ജനത്തെ പ്രസ്ഥാനത്തോട് അടുപ്പിച്ചത്. അതിൽ വെള്ളം ചേർക്കാതെ സൂക്ഷിക്കാൻ സിപിഐക്ക് എക്കാലത്തും സാധിച്ചിട്ടുണ്ട്. പരിശോധിച്ചാൽ, സിപിഐയുടെ നിലപാടുകൾ ശരിയായിരുന്നുവെന്ന് കാലം തെളിയിച്ച രാഷ്ട്രീയ കേരളത്തിലെ എത്രയോ സംഭവങ്ങൾ നമുക്ക് മുന്നിലുണ്ട്. 1964ലെ പിളർപ്പിനാധാരമായ കാരണങ്ങളിൽപ്പോലും സിപിഐയുടെ നിലപാട് ശരിയായിരുന്നുവെന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ പിന്നീട് അംഗീകരിച്ചതാണ്. സംഘപരിവാരത്തിന്റെ മുന്നേറ്റം തടയാൻ സ്വീകരിക്കേണ്ട രാഷ്ട്രീയ അടവുനയവുമായി ബന്ധപ്പെട്ട കാരണങ്ങളും പിളർപ്പിന് ആധാരമായിരുന്നു. അന്ന് തർക്കിച്ചവർ സിപിഐ എടുത്ത നിലപാടാണ് ശരിയെന്ന് പിന്നീട് അംഗീകരിച്ചത് പുതിയ കാലത്തിന്റെ രാഷ്ട്രീയമായി മുമ്പിലുണ്ട്. മുൻമുഖ്യമന്ത്രി കെ കരുണാകരൻ ഡിഐസി രൂപവൽക്കരിച്ച് ഇടതുമുന്നണിയിൽ അഭയം പ്രാപിക്കാൻ ശ്രമിച്ചപ്പോൾ കെ കരുണാകരന്റെ രാഷ്ട്രീയലക്ഷ്യം നേരത്തെ മനസിലാക്കി ആ “പൂതി” നാലായി മടക്കി പോക്കറ്റിലിടുന്നതാണ് നല്ലതെന്ന സിപിഐ നിലപാടിനെ അന്ന് രണ്ടാം സ്ഥാനത്തിന്റെ പേര് പറഞ്ഞ് ആക്ഷേപിച്ചിരുന്നു. എന്നാൽ കെ കരുണാകരൻ കോൺഗ്രസിലേക്ക് മടങ്ങിപ്പോയപ്പോൾ സിപിഐ നിലപാടിന് കേരള രാഷ്ട്രീയം കയ്യടിച്ചു. മാവോയിസ്റ്റ് വേട്ടയിലും പൊന്നാനിയിലെ ‘വേദി പങ്കിടൽ’ വിവാദത്തിലും സിപിഐയുടെ രാഷ്ട്രീയ നിലപാടുകളായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു. മന്ത്രിയായിരുന്ന തോമസ് ചാണ്ടിക്കെതിരെ ഉയർന്ന ആരോപണങ്ങളിലും പുതിയ വിവാദങ്ങളിലും സിപിഐ നിലപാടുകളുടെ “ശരിപക്ഷം” മലയാളികളുടെ മുമ്പിൽ സംശുദ്ധതയോടെ നിലനിൽക്കുന്നുണ്ട്. പി വി അൻവറിന്റെ രംഗപ്രവേശംപോലും അത്തരത്തിലുള്ള ഒരു ഗതികേടിലൂടെയായിരുന്നു എന്നത് കേരള രാഷ്ട്രീയത്തിന് മറക്കാനാവാത്തതാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയിൽ അൻവർ ഇടതു സ്ഥാനാർത്ഥിയായിരുന്നു.

ഈ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് സിപിഐ നേതാക്കൾക്കെതിരെ അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളുമായി അദ്ദേഹം വീണ്ടും രംഗത്തുവരുകയും മുന്നണി മര്യാദകളെ കാറ്റിൽപ്പറത്തുന്ന നിലപാടുകൾ സ്വീകരിക്കുകയും ചെയ്തു. ഇടതു മനസ് നഷ്ടപ്പെട്ട എംഎൽഎ ആണ് അൻവറെന്ന് അക്കാലത്ത് മലപ്പുറത്തെ എഐവൈഎഫ് പരസ്യമായ നിലപാടെടുത്തു. ഇപ്പോഴിതാ, ഇടതുമനസ് തൊട്ടുതീണ്ടിയിട്ടില്ലാത്ത അൻവർ പുറത്തേക്ക് പോവുന്നു. അതേസമയം, പൊന്നാനിയിലും നിലമ്പൂരിൽ രണ്ടുതവണയും അൻവർ മത്സരിച്ചപ്പോൾ രാഷ്ട്രീയമായ മര്യാദയുടെ പേരിൽ നിരുപാധികമായ പിന്തുണ നൽകിയിരുന്നുവെന്നത് വേറെ കാര്യം. 1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽപോലും സ്വതന്ത്ര സ്ഥാനാർത്ഥികൾ മന്ത്രിമാരായിരുന്നിട്ടുണ്ട്. സ്വതന്ത്ര പരിവേഷമുള്ളവരെ പിന്തുണയ്ക്കുക എന്നത് പുതിയ കാര്യമല്ല. എന്നാൽ ജനസംഖ്യാനുപാതികമായി ന്യൂനപക്ഷങ്ങൾ കൂടുതലുള്ള മലപ്പുറം പോലെയുള്ള ജില്ലകളിൽ രാഷ്ട്രീയ അടവുനയങ്ങളുടെ ഭാഗമായി ചിലരെ ഉയർത്തിക്കാട്ടുന്നത് അവർ ഇടതുപക്ഷ നിലപാടുകൾക്ക് ഗുണകരമാണെന്ന പൊതുധാരണയും അനുഭവങ്ങളും പശ്ചാത്തലമാക്കിയുള്ളതാണ്. എന്നാൽ ഇങ്ങനെ ഉയർത്തിക്കാട്ടുന്നവരുടെ പശ്ചാത്തലം പരിശോധിക്കപ്പെടാതെ പോവുന്നത് അപകടകരമാണ്. പലരും അത്തരത്തിലുള്ള പരിഗണനകൾ അർഹിക്കാത്തവരാണ് എന്നതും കഴിഞ്ഞകാല അനുഭവങ്ങൾ വ്യക്തമാക്കുന്നു. ഇടതുപക്ഷമെന്നത് വലതുപക്ഷത്തിന് എതിർവശമാണെന്ന് കരുതി കയറിവരുന്നവരാണ് ഇക്കൂട്ടർ. സമ്പത്തും അധികാരമോഹവുമാണ് മൂലധനം.

അവർക്ക് മുന്നണിയുടെ സാമാന്യമായ മര്യാദകളോ കീഴ്‌വഴക്കങ്ങളോ അറിയണമെന്നില്ല. ഇനി അറിഞ്ഞാലും അത് ബാധകമായി കരുതുകയുമില്ല. അതുകൊണ്ടാണ് പലപ്പോഴും “അക്ഷരാഭ്യാസമില്ലാത്തവനെ അധ്യാപകനാക്കിയ” അനുഭവം നേരിടേണ്ടി വരുന്നത്. ഇപ്പോഴിതാ അൻവറിന്റെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചിരിക്കുന്നു. അതാണ് ഈ പുത്തൻകൂറ്റുകാരന്റെ അരങ്ങിലെ ആട്ടം. വീരവാദം മുഴക്കി അൻവർ പുറത്തുപോവുന്നതിന് എത്രയോ മുമ്പുതന്നെ ഇടതു സ്വഭാവമില്ലാത്ത ‘വെറും മുതലാളി’ മാത്രമാണ് അൻവറെന്ന് സിപിഐ തിരിച്ചറിയുകയും പരസ്യമായി പറയുകയും ചെയ്തിരുന്നു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറനാട് മണ്ഡലത്തിൽ ഇടതുമുന്നണിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരായിട്ടായിരുന്നു പി വി അൻവർ ആദ്യം മത്സരിച്ചത്. അന്ന് സിപിഐ സ്ഥാനാർത്ഥി രണ്ടായിരത്തോളം വോട്ട് നേടിയപ്പോൾ അൻവർ രണ്ടാം സ്ഥാനക്കാരനായി. ഔദ്യോഗിക ഇടതു സ്ഥാനാർത്ഥിയുള്ള മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥി ഇത്രയധികം വോട്ടു നേടിയതിന് പിന്നിലെ രസതന്ത്രം രാഷ്ട്രീയം നിരീക്ഷിക്കുന്ന ആർക്കും വ്യക്തമാവും. 2014ല്‍ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഇടതു സ്ഥാനാർത്ഥി സത്യൻ മൊകേരിക്കെതിരായി അൻവർ മത്സരത്തിന് വന്നു. അന്ന് 37,000 വോട്ടുകൾ മാത്രം നേടി ഇടതുപക്ഷത്തിന്റെ വിജയം ഇല്ലാതാക്കി. സത്യൻ മൊകേരിയുടെ തോൽവി 25,000ത്തോളം വോട്ടിനായിരുന്നു. സിപിഐയുടെ നിലപാടുകളെ ചോദ്യം ചെയ്ത് രംഗത്തുവരുന്ന ഈ ‘സ്വതന്ത്ര പരിവേഷകൻ’ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആരുടെ നിർദേശപ്രകാരം മത്സരിച്ചാണ് ഇടതുപക്ഷത്തിന് നഷ്ടമുണ്ടാക്കിയത്. മാധ്യമങ്ങളുടെ ലൈംലൈറ്റിൽ നിൽക്കാൻ കേരളം ബഹുമാനിക്കുന്ന, കറകളഞ്ഞ രാഷ്ട്രീയ നേതാക്കൾക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയാണ് അൻവർ എക്കാലത്തും ചെയ്തിട്ടുള്ളത്. രാഷ്ട്രീയ കേരളം ആദരവോടെ കാണുന്ന സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന സി കെ ചന്ദ്രപ്പൻ അനധികൃതമായി സമ്പാദിച്ചു എന്ന ആരോപണം വരെ അൻവർ ഉന്നയിച്ചിരുന്നു. ഇടതുമുന്നണിയിലേക്ക് പ്രവേശിക്കാൻ അവസരം പാർത്തിരുന്ന അൻവറിന്റെ യഥാർത്ഥ മുഖം നേരത്തെ മനസിലാക്കിയതുകൊണ്ടാണ് “അടുപ്പിക്കരുത്” എന്ന സന്ദേശം അന്നുതന്നെ സിപിഐ നൽകിയത്. ആ നിലപാട് എത്രമാത്രം ശരിയാണെന്ന് ഇപ്പോഴിതാ കൂടുതൽ വ്യക്തമായിരിക്കുന്നു. അതും, എല്ലാവർക്കും കൃത്യമായി മനസിലാകത്തക്കവിധത്തിൽ. ആര് എപ്പോൾ എങ്ങനെ കയറിവന്നാലും ഇരിക്കാൻ കസേരയിട്ട് കൊടുക്കേണ്ടതല്ല ഇടതുപക്ഷത്തിന്റെ കോലായ എന്ന സിപിഐ നിലപാട് ഒരിക്കൽ‌ക്കൂടി കേരള രാഷ്ട്രീയം അംഗീകരിക്കുകയാണ്. നിലനില്പിന് വേണ്ടിയുള്ള “സ്വതന്ത്ര പരിവേദനങ്ങൾ” എത കരിവാരിത്തേക്കാൻ ശ്രമിച്ചാലും, ഇടതുപക്ഷത്തിന്റെ തെളിമ കരുത്തോടെ കാക്കാൻ സിപിഐ ഇവിടത്തന്നെയുണ്ടാവും, ആ ചരിത്രം സിപിഐക്കൊപ്പം തന്നെയാണ് ഇപ്പോഴുമുള്ളത്.

TOP NEWS

April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.