കാതൽ ദി കോർ എന്ന ചിത്രത്തിലൂടെ മികച്ച കഥാകൃത്തെന്ന സംസ്ഥാന അവാർഡ് നേടിയ ആദർശ് സുകുമാരന്‍ പ്രേകേഷകരുടെ മനസില്‍ ഇതിനോടകം തന്നെ ഇടം നേടിക്കഴിഞ്ഞു. വ്യത്യസ്ത രീതികളിലുള്ള ചിത്രങ്ങളാണ് ആദർശിന്റെ തുലികയിലൂടെ തിയേറ്ററുകളിലെത്തിയത്. യുവത്വത്തിന്റെ വീറും വാശിയും തീപാറുന്ന സംഘട്ടന രംഗങ്ങളുമെല്ലാം നിറഞ്ഞ ആക്ഷൻ ത്രില്ലറായ ‘ആർഡിഎക്സ്’ ആദർശും ഷബാസ് റഷീദും ചേർന്ന് തിരക്കഥ എഴുതിയതാണ്. നർമ്മ മുഹൂർത്തങ്ങളും ഇമോഷനുമെല്ലാം ഒരുപോലെ ചേർന്ന ‘നെയ്മറി‘ന് ആദർശും പോൾസണും ചേർന്നാണ് തിരക്കഥ എഴുതിയത്. സ്വവർഗ പ്രണയം പറഞ്ഞ ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ‘കാതൽ ദി കോർ’ ആദർശും സുഹൃത്ത് പോൾസൺ സ്കറിയയുമായി ചേർന്നായിരുന്നു തിരക്കഥ ഒരുക്കിയത്. ഒരേ വർഷത്തിൽ ഇറങ്ങിയ മൂന്ന് ചിത്രങ്ങളും സൂപ്പർ ഹിറ്റാവുകയും പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്തു. തിരക്കഥാകൃത്ത് ആദർശ് സുകുമാരൻ സംസാരിക്കുന്നു.
? എഴുതിയ മൂന്ന് സിനിമകൾ അവയെല്ലാം സൂപ്പർഹിറ്റ്
എഴുതിയ മൂന്ന് സിനിമകളും സൂപ്പർഹിറ്റായതിൽ വളരെ സന്തോഷം. നെയ്മറെന്ന ചിത്രം ഇറങ്ങി ഇത്ര നാൾ പിന്നിട്ടിട്ടും ചാനലിലൂടെ ഒരോ വീടുകളിലെത്തുമ്പോഴും വീണ്ടും വീണ്ടും ചിത്രം കാണുകയും മികച്ച അഭിപ്രായങ്ങൾ പറയുന്നതും വളരെ സന്തോഷം നൽകുന്നതാണ്. ടെലിവിഷനിൽ മികച്ച ടിആർപി റേറ്റിങ്ങാണ് നിയ്മറിന് ലഭിച്ചത്. എല്ലാത്തരം പ്രേക്ഷകരും ആർഡിഎക്സ് സ്വീകരിച്ചതും കാതലിന്റെ ഒടിടി റേറ്റിങ്ങുമെല്ലാം മികച്ചതാക്കിയതുമെല്ലാം ഇരട്ടി മധുരം നൽകുന്നു.
? അവാർഡ് ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നോ
സത്യത്തിൽ അങ്ങനെയൊരു ചിന്ത തന്നെ ഉണ്ടായിരുന്നില്ല. അവാർഡ് ലഭിക്കുന്നതിന് മുമ്പ് തന്നെ സിനിമകൾ നല്ലതാണെന്ന് പ്രേക്ഷകരുടെ വിലയിരുത്തലുകളും, റിവ്യൂകളും പുറത്ത് വന്നത് വലിയ അംഗീകാരമായാണ് ഞാൻ കണ്ടത്. ഒരു അവാർഡ് ലഭിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. പിന്നീട് ഞങ്ങളുടെ പ്രതീക്ഷകൾക്കപ്പുറം നാലോളം അവാർഡുകൾ തേടിവന്നു. കാതൽ എന്ന ചിത്രത്തിന് കഥക്ക് സംസ്ഥാന അവാർഡ് കൂടി ലഭിച്ചപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷമായിരുന്നു. മാത്രവുമല്ല കാതൽ ചിത്രത്തിന്റെ സബ്ജക്ട് പ്രേക്ഷകർ അംഗീകരിച്ചതിനും ചിത്രം ഏറ്റെടുത്തിനും പ്രേക്ഷകരോട് നന്ദി പറയാൻ ഈവേള ഉപയോഗിക്കുകയാണ്. ഒപ്പം അവാർഡ് ജൂറിയോടും. വ്യത്യസ്തമായ ഒരു സബ്ജക്ട് എഴുതാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കാണുന്നു.
? അഭിനയവും എഴുത്തും
രണ്ടും ഒരുപോലെ കൊണ്ടുപോകണമെന്നാണ് ആഗ്രഹം. നിലവിൽ എഴുത്തിന്റെ തിരക്കുകളിലാണ്. ടർബോയിലാണ് അവസാനമായി അഭിനയിച്ചത്. അടുത്ത് തുടങ്ങാനിരിക്കുന്ന ഒരു ചിത്രത്തിൽ ഒരു വേഷം ചെയ്യുന്നുണ്ട്.
? കാതൽ ടീമിലൂടെ വീണ്ടും ഒരു സിനിമ
കാതൽ ടീം വീണ്ടും പുതിയ ചിത്രവുമായി എന്ന രീതിയിലുള്ള പ്ലാനൊന്നും ഒഫീഷ്യലായി വന്നിട്ടില്ല. സമൂഹമാധ്യമങ്ങളിലെ ചർച്ചകളെല്ലാം റൂമറുകൾ മാത്രമാണ്.
? മമ്മൂട്ടി, സൂര്യ എന്നിവരുമായുള്ള അടുപ്പം
വലിയൊരു അംഗീകാരവും അനുഗ്രഹവുമായിട്ടാണ് മമ്മൂക്കയുമായും സൂര്യ സാറുമായുള്ള ബന്ധത്തെ കാണുന്നത്. നമ്മൾ സ്ക്രീനിൽ മാത്രം അല്ലെങ്കിൽ ഞാൻ അത്രയധികം ആരാധിച്ചിരുന്നവരുമായി ഇത്രയും അടുത്ത് ഇടപഴകാൻ പറ്റുക, ഏത് സമയത്തും അവരെ കാണാനുള്ള അവസരം ലഭിക്കുക, ഒരു മെസേജ് അയച്ചാൽ അവരിൽ നിന്നും സ്നേഹത്തോടെ മറുപടിലഭിക്കുക ഇവയെല്ലാം എത്ര വലിയ ഭാഗ്യമാണ്. സിനിമയെ ചെറുപ്പം മുതൽ തന്നെ സ്വപ്നം കണ്ട എന്നെ സംബന്ധിച്ച് വലിയൊരു കാര്യമായിട്ടാണ് ഞാൻ ഇത്തരം ബന്ധങ്ങളെ കാണുന്നത്. അവയെല്ലാം ഞാൻ വളരെ പവിത്രമായി കൊണ്ടു നടക്കുന്നു. ഇരുവരെയും അത്രമാത്രം ഞാൻ ബഹുമാനിക്കുകയും ചെയ്യുന്നു.
? സ്വന്തം സംവിധാനത്തിലൊരു സിനിമ
സ്വപ്നങ്ങളിലെ ഒന്നാണ് സ്വന്തം സംവിധാനത്തിലൊരു സിനിമയെന്നത്. ഉറപ്പായും ഞാൻ ഭാവിയിൽ സിനിമ സംവിധാനം ചെയ്യും. അധികം താമസിയാതെ ചെയ്യാൻ കഴിയണേ എന്നൊരു ആഗ്രഹവുമുണ്ട്. ഇത് ഞാൻ ചെയ്താൽ നന്നാവുമെന്ന ഒരു കഥവന്നാൽ ഉറപ്പായും ആ ചിത്രം ഞാൻ സംവിധാനം ചെയ്യും.
?പുതിയ പ്രൊജക്ടുകൾ
വരാനിരിക്കുന്ന പ്രൊജക്ടുകളെക്കുറിച്ച് റിവീൽ ചെയ്യാൻ പറ്റുന്ന ഒരു സാഹചര്യമല്ല നിലവിൽ. ആ ചിത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം വൈകാതെ തന്നെ പ്രേക്ഷകരിലേക്കെത്തുമെന്ന പ്രതീക്ഷയിലാണ് ഞാൻ. ആ കൂട്ടത്തിൽ വലിയ പ്രൊജക്ടുകളുമുണ്ട്. ശുഭ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. അതുമായി ബന്ധപ്പെട്ട വർക്കുകൾ പുരോഗമിക്കുന്നുണ്ട്. അവ ഉടൻ നിങ്ങളിലേക്കെത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.