ഹോളി എത്തിയെന്ന് ഇത്തവണയും നാം അറിഞ്ഞത് ബിജെപി നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും വിദ്വേഷത്തിന്റെ കല്ലും ചെളിയും വാരിയെറിയുന്നത് കണ്ടപ്പോഴാണ്. ബാല്യകാലം മുതൽ കൊണ്ടാടുന്നതാണ് ഹോളി, നിറങ്ങളുടെ ആഘോഷം. അന്നൊക്കെ നിറങ്ങൾ പരസ്പരം വാരിയെറിഞ്ഞും പൂശിയും തൃപ്തി വരാത്തവരായിരുന്നു നാം. എന്നാൽ ഇന്ന് ഇതര വിഭാഗങ്ങളെ കടന്നാക്രമിച്ച് നിർവൃതി അടയുന്നതായിരിക്കുന്നു ആഘോഷമെന്നാണ് പുറത്തുവരുന്ന ഓരോ വാർത്തകളും. ഹോളിയെ മറ്റ് ഹിന്ദു ആചാരങ്ങളിൽ നിന്ന് വേറിട്ടുനിർത്തുന്നത് അതിൽ നിറങ്ങൾകൊണ്ടുള്ള ബലപ്രയോഗമുണ്ട് എന്നുള്ളതാണ്. നിറങ്ങൾ കൊണ്ട് മറ്റുള്ളവരെ കളിയാക്കുന്നത് അനുവദനീയമായിരുന്നു. തടയുകയോ എതിർക്കുകയോ ചെയ്യുന്നവരെയും കളിയാക്കുന്നു. ഹോളിയല്ലേ എന്നുപറഞ്ഞ് എല്ലാവരും അത് അവഗണിക്കുന്നു.
എന്നാൽ ഇപ്പോൾ അതിനെ ബിജെപി നേതാക്കളും അനുയായികളും തങ്ങളുടെ മുസ്ലിം വിരുദ്ധ മനോഭാവം പ്രകടിപ്പിക്കുന്നതിനും അവരെ അക്രമിക്കുന്നതിനുമുള്ള അവസരമാക്കുകയാണ്. ഹോളിക്കാലത്ത് അതൊരു കാരണമായി ഉപയോഗിക്കുന്നുവെങ്കിലും വർഷത്തിൽ എല്ലാ ദിവസവും തങ്ങളുടെ വിദ്വേഷം പ്രകടിപ്പിക്കുന്നതിന് അവർ എതിരാളികൾക്കുനേരെ കല്ലുകൾ എറിയുകയാണ്. ഹൈന്ദവാഘോഷങ്ങളുടെ കാലത്ത് ഇത് തീവ്രമാകുന്നുവെന്ന് മാത്രം. രാമനവമി, ദുർഗാ പൂജ, ശിവരാത്രി, ദീപാവലി ഏതുമാകട്ടെ, വ്യത്യസ്തമായ കാരണങ്ങൾ നിരത്തി അവർ മുസ്ലിങ്ങൾക്കെതിരെ വാക്കാലും ശാരീരികമായും അക്രമം അഴിച്ചുവിടുന്നു.
ഇപ്പോഴത്തെ പ്രത്യേകത ഇത് ബിജെപി പ്രവർത്തകരിൽ ഒതുങ്ങുന്നില്ല എന്നതാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥ വൃന്ദവും അവർക്കൊപ്പം ചേർന്നിരിക്കുന്നു. ഇക്കാര്യത്തിൽ രണ്ട് വിഭാഗവും പരസ്പരം മത്സരിക്കുന്നതുപോലെയാണ്. ഉത്തർപ്രദേശിലെ സംഭാൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ അഞ്ജു ചൗധരി മുസ്ലിങ്ങൾക്ക് നൽകിയ ഉപദേശം ഇതായിരുന്നു: വർഷത്തിൽ 52 വെള്ളിയാഴ്ചകളുണ്ട്. എന്നാൽ ഹോളി ഒരു ദിവസമേ വരുന്നുള്ളൂ. അതുകൊണ്ട് ഇത്തവണ വെള്ളിയാഴ്ചയാണ് ഹോളി എന്നതിനാൽ നിറങ്ങളോട് വിരോധമുള്ളവർ വീട്ടിൽത്തന്നെ കഴിയുക. അവിടെ വച്ച് വെള്ളിയാഴ്ച നമസ്കാരം നടത്തിയാൽ മതി എന്നായിരുന്നു അദ്ദേഹത്തിന്റെ തിട്ടൂരം. ഒരു പ്രകോപനവുമില്ലാതെയായിരുന്നു ഈ നിർദേശം പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നുണ്ടായത്.
ജുമാ നമസ്കാരം നടക്കുന്ന വെള്ളിയാഴ്ചയായിരുന്നു ഇത്തവണത്തെ ഹോളി. ഉച്ചയ്ക്കോ ഉച്ചകഴിഞ്ഞോ ആണ് ആ ദിവസം പ്രധാനമായും പ്രാർത്ഥന നടക്കാറുള്ളത്. ഇത് റംസാൻ മാസമാണെന്നതിനാൽ മുസ്ലിങ്ങൾക്ക് വെള്ളിയാഴ്ച പ്രാർത്ഥന കൂടുതൽ പ്രാധാന്യമുള്ളതാണ്. ജുമാ നമസ്കാര സമയത്ത് ഹോളി നിർത്തിവയ്ക്കണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടിരുന്നോ, ആരെങ്കിലും അത്തരമൊരു ആവശ്യം അധികൃതർക്ക് മുന്നിൽ ഉന്നയിച്ചിരുന്നോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം. പിന്നെന്തിനായിരുന്നു ഇത്തരമൊരു പ്രസ്താവനയുണ്ടായത്. അദ്ദേഹം പ്രകോപനം സൃഷ്ടിക്കുകയാണെന്ന് സംശയിച്ചാൽ തെറ്റാകുമെന്ന് തോന്നുന്നില്ല.
സർക്കാർ ഉദ്യോഗസ്ഥരെപ്പോലെയല്ല ബിജെപി പ്രവർത്തകരെപ്പോലെയാണ് ഈ ഉദ്യോഗസ്ഥർ അടുത്തകാലത്തായി പ്രവർത്തിക്കുന്നത്. ഇതേ അഞ്ജു ചൗധരിയാണ് ഒരു ഘോഷയാത്രയിൽ ഹനുമാൻ ഗദയും പിടിച്ച് നടക്കുന്നത് നാം കണ്ടത്. കൻവാരി യാത്രികരുടെ പാദങ്ങൾ തടവിക്കൊടുക്കുന്നതിന്റെയും പുഷ്പവൃഷ്ടി നടത്തുന്നതിന്റെയും ചിത്രങ്ങൾ സ്വയം പകർത്തി പ്രചരിപ്പിച്ച് അഭിമാനം കൊള്ളുന്നതും കണ്ടു. സംഭാലിലെ അസിസ്റ്റന്റ് കളക്ടറും പൊലീസ് മേധാവിയും കാലങ്ങള്‍കൊണ്ട് നഷ്ടപ്പെട്ട ക്ഷേത്രങ്ങൾ തേടി അലയുന്നതും അവ വൃത്തിയാക്കുന്നതും പുനരുജ്ജീവിപ്പിക്കാൻ എല്ലാവിധ ആചാരങ്ങളും നടത്തുന്നതിന്റെ വാർത്തകളും സമീപകാലത്ത് വായിക്കുന്നു.
എന്തെങ്കിലും സംഘർഷ സാധ്യതയുണ്ടെങ്കിൽ സമാധാന ഭംഗമുണ്ടാകാതിരിക്കുന്നതിന് പ്രവർത്തിക്കുക എന്നതാണ് ഉദ്യോഗസ്ഥരിൽ നിന്ന് പ്രതീക്ഷിക്കുന്ന ഉത്തരവാദിത്തം. സാധാരണ നിലയിൽ അധികൃതരും പൊലീസ് ഉദ്യോഗസ്ഥരും ആവേശം നിയന്ത്രിക്കുവാനാണ് ഹോളിക്ക് മുമ്പ് പൊതുജനങ്ങളോട് അഭ്യർത്ഥിക്കാറുള്ളത്. പ്രശ്നമുള്ളവരുടെ മേൽ നിറങ്ങൾ എറിയരുതെന്ന് നിർദേശിക്കുകയും ചെയ്യും. ഹോളി ആഘോഷിക്കുന്നവരുടെ അനിയന്ത്രിതമായ പെരുമാറ്റത്തിൽ അസ്വസ്ഥരാകാതെ, കൂട്ടായി ജുമാ നമസ്കാരം സമാധാനപരമായി നടക്കുന്നതിനുള്ള ക്രമീകരണങ്ങളും നടത്തും.
കാലം മാറിയിരിക്കുന്നു. ഉദ്യോഗസ്ഥരും ഹോളിയുടെ അവിഭാജ്യ ഭാഗമാകുകയും മോശം പെരുമാറ്റങ്ങളുണ്ടായാൽ സഹിച്ചുകൊള്ളണമെന്ന് ഉപദേശിക്കുകയും ചെയ്യുന്നു. ഇനി ഇതിനെക്കാൾ മോശമായ കാര്യങ്ങളുമുണ്ടായേക്കാം. പെരുന്നാൾ ആഘോഷിക്കുന്നതിൽ പ്രശ്നമുണ്ടെന്ന് ഹിന്ദുക്കൾ പറയാറുണ്ടെന്നും അതുകൊണ്ട് മുസ്ലിങ്ങൾ വീടിനുള്ളിൽ തന്നെ കഴിയണമെന്നും പറഞ്ഞേക്കാമെന്നതാണ് അത്. ജുമാ നമസ്കാരത്തെ പരാമർശിച്ചാണ് ചൗധരി ഹോളിയുടെ നിറങ്ങളോട് മുസ്ലിങ്ങൾക്ക് എതിർപ്പുണ്ടെന്ന് സൂചിപ്പിക്കുന്നത്. എന്നാൽ മുസ്ലിങ്ങളല്ലാത്തവർക്കും നിറത്തിലും ചെളിയിലും എതിർപ്പുണ്ടാകാം. ചിലർക്ക് നിറങ്ങളോട് അലർജിയുണ്ടാകാം, ചിലർക്ക് ഇഷ്ടപ്പെടണമെന്നില്ല. ഇത്തരക്കാർ മുസ്ലിങ്ങൾ ആയിരിക്കണമെന്നുമില്ല. ഇഷ്ടമില്ലാത്തവരിൽ എന്തിനാണ് നിറങ്ങൾ അടിച്ചേല്പിക്കുന്നത്!
ഇപ്പോൾ ഒരു പുതിയ വാദം ഉയർന്നുവരുന്നു: ഹോളി ആഘോഷിക്കുന്നവർക്ക് അവർ ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ അവകാശമുണ്ട്. അത് ഇഷ്ടപ്പെടാത്തവർ വീടിനുള്ളിൽ കഴിയണം. ചുരുക്കത്തിൽ, ബലപ്രയോഗവും ഗുണ്ടായിസവും നിയന്ത്രിക്കില്ലെന്നർത്ഥം. മറ്റുള്ളവരാണ് ഇത്തരം അക്രമങ്ങളിൽ നിന്ന് ഒഴിഞ്ഞുപോകേണ്ടത്. റോഡുകളും പൊതുവിടങ്ങളും ഹിന്ദുക്കളുടെതാണ്. മറ്റുള്ളവർ അതിൽ നിന്ന് സ്വയം അകന്നുനിൽക്കണം. സ്ത്രീകളെ റോഡിൽ നിന്ന് അകറ്റി നിർത്താൻ പറയുന്നത് പോലെയാണിത്. പുരുഷന്മാർ ശല്യപ്പെടുത്തുന്നതും പീഡിപ്പിക്കുന്നതും ബലാത്സംഗം ചെയ്യുന്നതും തടയാൻ കഴിയില്ല. അത് അവരുടെ സ്വഭാവമാണ്. അതിനെ എതിർക്കാനാവില്ലെന്നാണ് വാദം.
ചൗധരിയുടെ പ്രസ്താവന നമ്മെ ഞെട്ടിക്കുന്നതാണ്. സാധാരണ പരിഷ്കൃത സമൂഹത്തിൽ മുഖ്യമന്ത്രി അദ്ദേഹത്തെ ശാസിക്കണമായിരുന്നു. പക്ഷേ, മുഖ്യമന്ത്രി ബിജെപിക്കാരനായതിനാൽ അത് നടക്കില്ല. “വർഷത്തിലൊരിക്കലാണ് ഹോളി വരുന്നത്, എല്ലാ വെള്ളിയാഴ്ചയും ജുമാ പ്രാർത്ഥന നടത്തുന്നുണ്ട്. അതുകൊണ്ട് ജുമാ നമസ്കാരം മാറ്റിവയ്ക്കാം. ആർക്കെങ്കിലും ജുമാ നമസ്കാരം വേണമെങ്കിൽ വീട്ടില്‍ത്തന്നെ ചെയ്യാവുന്നതാണ്. അവർക്ക് പള്ളിയിൽ പോകേണ്ട ആവശ്യമില്ല. പള്ളിയിൽ പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് നിറങ്ങൾ പ്രശ്നമാകരുത്” എന്ന് തന്റെ ഉദ്യോഗസ്ഥനെ ന്യായീകരിക്കുകയായിരുന്നു ആദിത്യനാഥ്. മുഖ്യമന്ത്രിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു മന്ത്രി “ഹോളി ആഘോഷങ്ങളും ജുമാ നമസ്കാരവും (വെള്ളിയാഴ്ച പ്രാർത്ഥന) കണക്കിലെടുത്ത് ഭരണകൂടം ജാഗ്രതയിലാണ്, എന്നാൽ ചിലർക്ക് എതിർപ്പുണ്ട്. അത്തരക്കാരോട്, അവരുടെ സ്ത്രീകൾ (മുസ്ലിം സ്ത്രീകളെ പരാമർശിച്ച്) ഹിജാബ് ധരിക്കുന്നതുപോലെ, പള്ളികൾ ടാർപോളിൻ ഉപയോഗിച്ച് മൂടുന്നതുപോലെ, സ്വന്തമായി ടാർപോളിൻ കൊണ്ട് ഒരു ഹിജാബ് ഉണ്ടാക്കി ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കാം. ഒരു അസൗകര്യവും നേരിടേണ്ടിവരില്ല, സുഖമായി നിസ്കരിക്കാനും കഴിയും” എന്നാണ് പ്രസ്താവിച്ചത്.
ഈ പ്രസ്താവനകൾ ശ്രദ്ധാപൂർവം വായിക്കുകയും നിരീക്ഷിക്കുകയും വേണം. മുസ്ലിങ്ങളെ പരിഹസിക്കുകയും അപമാനിക്കുകയുമാണവർ. മുസ്ലിങ്ങൾക്ക് പ്രതികരിക്കാൻ കഴിയില്ലെന്നും എല്ലാ ഹിന്ദുക്കളും ഈ വിദ്വേഷത്തെ അംഗീകരിക്കുന്നുവെന്നുമുള്ള ധാരണയോടെയാണ് ഇതെല്ലാം ചെയ്യുന്നത്. തെരുവിലെ ഒരു സാധാരണക്കാരനല്ല, മറിച്ച് സംസ്ഥാന നേതാക്കളും രാഷ്ട്രീയ മേലാളന്മാരും പാെലീസും സർക്കാർ ഉദ്യോഗസ്ഥരുമാണ് ഈ വാക്കാൽ അക്രമം നടത്തുന്നത്. മുസ്ലിങ്ങൾ ഉൾപ്പെടെ എല്ലാ ജനങ്ങളെയും സംരക്ഷിക്കാൻ ഭരണഘടന അവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും മുസ്ലിങ്ങളെ തങ്ങളുടെ പ്രജകളായും രണ്ടാംതരം പൗരന്മാരായും കണക്കാക്കുന്നു. ഈ വിദ്വേഷ പ്രചരണം മുസ്ലിങ്ങളെ പൊതു ഇടങ്ങളിൽ നിന്ന് സ്വയം മാറാൻ പ്രേരിപ്പിക്കുന്നു. ഇത് യഥാർത്ഥ ഹിന്ദുക്കളെയാണ് ലജ്ജിപ്പിക്കേണ്ടത്.
(ദ വയർ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.