അവധി ദിവസങ്ങൾ ഒന്നിച്ച് എത്തിയതോടെ ട്രെയിൻ ടിക്കറ്റിനായി നെട്ടോട്ടമോടി യാത്രക്കാർ. കേരളത്തിന്റെ വിവിധ സ്റ്റേഷനുകളിൽ നിന്ന് യാത്ര ചെയ്യുന്നവരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്നവരുമാണ് ടിക്കറ്റിനായി വലഞ്ഞത്. അവധി ദിവസം മുന്നിൽകണ്ട് ആഴ്ചകൾക്ക് മുമ്പേ ആവശ്യക്കാർ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അവധിക്ക് ദിവസങ്ങൾക്ക് തൊട്ടുമുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാനെത്തിയവരാണ് വലഞ്ഞത്. ഉത്സവ സീസണില്‍ ആവശ്യത്തിന് പ്രത്യേക ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നാമമാത്രമായിരുന്നു അത്. തെക്കൻ കേരളത്തിലും മലബാർ ഭാഗത്തേക്കുമെല്ലാം സർവീസ് നടത്തുന്ന ട്രെയിനുകളിൽ വെയിറ്റിങ് ലിസ്റ്റ് തന്നെ മൂവായിരം കടന്നിരുന്നു. തിങ്കളാഴ്ച വിഷുവായിരുന്നതിനാൽ ശനിയും ഞായറും പൂർണമായും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്തുപോയി.
ദക്ഷിണറെയിൽവേയില്‍ നിന്ന് കൊല്ലത്തേക്ക് മാത്രമായി കേരളത്തിന്റെ സ്പെഷ്യൽ ട്രെയിൻ ഒതുങ്ങി. അവിടെ നിന്ന് കന്യാകുമാരി, പോതന്നൂർ എന്നിവിടങ്ങളിലേക്ക് മറ്റ് ട്രെയിനുകൾ സർവീസ് നടത്തിയത് യാത്രക്കാർക്ക് ആശ്വാസമായി. എന്നാൽ തിരക്ക് മറികടക്കാൻ പ്രാപ്തമായില്ല അത്.
മലബാർ ഭാഗത്തെ അപേക്ഷിച്ച് കൂടുതൽ ആളുകൾ ട്രെയിൻ ബുക്ക് ചെയ്തത് തെക്കൻ കേരളത്തിലേക്കാണ്. കൂടുതൽ ആളുകൾ വെയിറ്റിങ് ലിസ്റ്റിൽപ്പെട്ടിരിക്കുന്നതും ഈ ഭാഗത്തേയ്ക്കുള്ള ട്രെയിനുകളിലാണ്.
ഐആർടിസി വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം ടിക്കറ്റ് കാൻസൽ ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞതോടെ ടിക്കറ്റ് ഉറപ്പിക്കാനും സാധിക്കാത്ത അവസ്ഥയാണ്. ദിവസേന സർവീസ് നടത്തുന്ന തിരുവനന്തപുരം മെയിൽ, തിരുവനന്തപുരം സൂപ്പർഫാസ്റ്റ്, ആലപ്പി എക്സ്പ്രസ്, കൊല്ലം എക്സ്പ്രസ് എന്നീ ട്രെയിനുകളിലായി മാത്രം 2,200ലധികം ടിക്കറ്റുകൾക്ക് വേണ്ടി യാത്രക്കാർ കാത്തിരിക്കുകയാണ്. ഈ ട്രെയിനുകളിൽ സ്ലീപ്പർ മാത്രം ആയിരത്തിന് മുകളിലാണ് വെയിറ്റിങ് ലിസ്റ്റ്. അതേസമയം കോളടിച്ചത് കെഎസ്ആർടിസി പ്രത്യേക സർവീസുകൾക്കാണ്. ശനി, ഞായർ ദിവങ്ങളിൽ ദീർഘദൂര ബസുകളിലൂടെ ടിക്കറ്റുകളിൽ ഏറിയ പങ്കും ബുക്ക് ചെയ്തുകഴിഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.