3 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 3, 2025
March 31, 2025
March 30, 2025
March 29, 2025
March 27, 2025
March 26, 2025
March 11, 2025
March 7, 2025
March 3, 2025
February 5, 2025

അവധിക്കാലം: ഇനി കളിചിരികളുടെ ‘ലഹരി’

ശ്യാമ രാജീവ്
തിരുവനന്തപുരം
March 31, 2025 12:27 pm

കളിയും ചിരിയും ചിന്തകളും നിറച്ച് കൂട്ടിക്കൂട്ടത്തെത്തേടി മറ്റൊരു അവധിക്കാലം കൂടി എത്തി. ഇനിയുള്ള രണ്ട് മാസക്കാലം സമ്മര്‍ക്യാമ്പിലെ തിരക്കിലാകും കൂട്ടികള്‍. എല്ലാക്കൊല്ലത്തേയും പോലെ ജില്ലയില്‍ ഇത്തവണയും അവധിക്കാല ക്ലാസുകള്‍ക്ക് പഞ്ഞമില്ല. ഏതു തെരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പത്തിലാണ് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും. കുട്ടികള്‍ക്ക് ഇഷ്ടമുള്ളതെല്ലാം ഒരുകുടക്കീഴില്‍ അവധിക്കാല ക്യാമ്പുകളില്‍ നിന്നും ലഭിക്കും എന്നതാണ് പ്രധാന ആകര്‍ഷണം. ശിശുക്ഷേമ സമിതി, ജവഹര്‍ ബാലഭവന്‍, ഗുരുഗോപിനാഥ് നടന ഗ്രാമം തുടങ്ങി ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഏപ്രില്‍ ആദ്യവാരം മുതല്‍ അവധിക്കാല പരിശീലന ക്യാമ്പ് ആരംഭിക്കും.
ജവഹര്‍ ബാലഭവനില്‍ കളിമുറ്റം

കേരള സ്റ്റേറ്റ് ജവഹര്‍ ബാലഭവനില്‍ കളിമുറ്റം എന്ന പേരിലാണ് അവധിക്കാല പരിശീലന ക്യാമ്പ്. ഏപ്രില്‍ രണ്ട് മുതല്‍ ആരംഭിക്കുന്ന ക്യാമ്പിന്റെ പ്രവേശനോത്സവം ഏപ്രില്‍ ഒന്നിന് വൈകിട്ട് അഞ്ചിന് മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും. വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ മുഖ്യാതിഥിയാകും. സാംസ്കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ ഖൊബ്രഗഡെ, ജില്ലാ കളക്ടർ അനു കുമാരി, സാംസ്കാരിക വകുപ്പ് ജോയിൻ സെക്രട്ടറി രജനി എം, ദിവ്യ എസ് അയ്യർ തുടങ്ങിയവർ പങ്കെടുക്കും. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ, ജോൺ ബ്രിട്ടാസ് എംപി, എഴുത്തുകാരൻ വിനോദ് വൈശാഖി, നടി വിന്ദുജ മേനോൻ തുടങ്ങിയ പ്രമുഖർ കുട്ടികളുടെ ‘മുഖാമുഖം’ പരിപാടിയിൽ വിവിധ വിഷയങ്ങളിൽ സംവദിക്കും.

നാല് പാക്കേജുകളിലായാണ് ക്ലാസുകള്‍ നല്‍കുന്നത്. പാക്കേജ് ഒന്ന് ( നാല് മുതല്‍ ആറ് വയസ് വരെ ) — ചിത്രരചന, ലളിതഗാനം, നാടോടിനൃത്തം, മലയാള ഭാഷാ പരിചയം, സിനിമാറ്റിക് ഡാന്‍സ്. പാക്കേജ് രണ്ട് ( ആറ് വയസ് ) — മൂന്ന് വിഷയങ്ങള്‍ കുട്ടികള്‍ക്ക് തെരഞ്ഞെടുക്കാം. സ്പോക്കണ്‍ ഹിന്ദി, ലളിതഗാനം, തബല, നാടോടിനൃത്തം, സിനിമാറ്റിക് ഡാന്‍സ്, സ്പോക്കണ്‍ ഇംഗ്ലീഷ്, മലയാള ഭാഷാപരിചയം, ക്രാഫ്റ്റ്, കളരിപ്പയറ്റ്, നാടകം, ചിത്രരചന, ശില്പനിര്‍മ്മാണം, റോളര്‍ സ്ക്കേറ്റിങ്, യോഗ, കരാട്ടെ, അബാക്കസ്. പാക്കേജ് മൂന്ന് (ഏഴ് വയസ് ) മൂന്നു വിഷയങ്ങള്‍ തെരഞ്ഞെടുക്കാം. ശാസ്ത്രീയ സംഗീതം, ലളിതഗാനം, നാടോടിനൃത്തം, സിനിമാറ്റിക് ഡാന്‍സ്, സ്പോക്കണ്‍ ഇംഗ്ലീഷ്, മലയാള ഭാഷാപരിചയം, ക്രാഫ്റ്റ്, എംബ്രോയിഡറി, കളരിപ്പയറ്റ്, നാടകം, ചിത്രരചന, ശില്പനിര്‍മ്മാണം, റോളര്‍ സ്കേറ്റിങ്, തബല, ഹാര്‍മോണിയം, മൃദംഗം, യോഗ, ഭരതനാട്യം, സ്പോക്കണ്‍ ഹിന്ദി, കരാട്ടെ, അബാക്കസ്. പാക്കേജ് നാല് (എട്ട് മുതല്‍ 16 വരെ ) — കുട്ടികള്‍ക്ക് മൂന്ന് വിഷയങ്ങള്‍ തെരഞ്ഞെടുക്കാം. യോഗ , ലളിതഗാനം, ശാസ്ത്രീയ സംഗീതം, നാടോടിനൃത്തം, ഭരതനാട്യം, മോഹിനിയാട്ടം, സിനിമാറ്റിക് ഡാന്‍സ്, സ്പോക്കണ്‍ ഇംഗ്ലീഷ്, മലയാള ഭാഷാപരിചയം, ക്രാഫ്റ്റ്, എംബ്രോയിഡറി, കളരിപ്പയറ്റ്, നാടകം, ചിത്രരചന, ശില്പനിര്‍മ്മാണം, റോളര്‍ സ്ക്കേറ്റിങ്, തബല, ഹാര്‍മോണിയം, മൃദംഗം, വീണ, വയലിന്‍, കീബോര്‍ഡ്, ഗിത്താര്‍, സ്പോക്കണ്‍ ഹിന്ദി, കരാട്ടെ, അബാക്കസ്, ഇലക്ട്രോണിക്സ് ( 10 വയസ് മുതല്‍ ).
എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ 12.30 വരെയും ഉച്ചയ്ക്ക് 2.30 മുതല്‍ അഞ്ച് വരെയുള്ള രണ്ടു ബാച്ചുകള്‍ (ഒരു കുട്ടിക്ക് ആവശ്യമെങ്കില്‍ രണ്ട് ബാച്ചുകളിലും പ്രവേശനം നേടാം). സിറ്റിയും സമീപ പ്രദേശങ്ങളും ഉള്‍പ്പെടുത്തി വിപുലമായ വാഹന സൗകര്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് — ഫോണ്‍— 2316477, 8590774386.
ശിശുക്ഷേമ സമിതിയില്‍ കിളിക്കൂട്ടം

സംസ്ഥാന ശിശുക്ഷേമ സമിതി ‘കിളിക്കൂട്ടം’ എന്ന പേരിലാണ് ഏപ്രിൽ, മേയ് മാസങ്ങളിൽ മാനസികോല്ലാസ അവധിക്കാല കൂട്ടായ്മസംഘടിപ്പിക്കുന്നത്. തൈക്കാട് ആസ്ഥാനത്ത് സമീപം ഗവ. മോഡൽ എൽപി സ്കൂളിൽ പ്രത്യേക പ്രോഗ്രാം തയ്യാറാക്കിയാണ് ക്യാമ്പ് ഒരുക്കിയിട്ടുള്ളത്.
കുട്ടികളിലെ മാനസിക, ശാരീരിക ആരോഗ്യം പാരസ്പര്യ ബന്ധവും സൗഹാർദ്ദവും കരുതലും മെച്ചപ്പെടുത്തുന്നതിനോടൊപ്പം അവരുടെ അസാധാരണമായ കഴിവുകൾ മിനുസ പ്പെടുത്തി പ്രകടിപ്പിക്കാനുള്ള ഒരു വേദി കൂടി ഒരുക്കുകയാണ് ക്യാമ്പിലൂടെ സമിതി ലക്ഷ്യമിടുന്നത്. ‘സ്നേഹ സൗഹൃദ ബാല്യം’ എന്നതാണ് ഏപ്രിൽ മൂന്ന് മുതൽ മേയ് 25 വരെ നീളുന്ന കിളിക്കൂട്ടം ക്യാമ്പിന്റെ സന്ദേശം. വിവിധ പാഠ്യേതര വിഷയങ്ങൾക്കു പുറമേ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനായി അഭിനയം, സംഗീതം, നൃത്തം, ചിത്രരചന, വാദ്യോപകരണങ്ങൾ, ശാസ്ത്രം, ഫിലിം എഡിറ്റിങ്, റോബോട്ടിക്ക്, കരാട്ടെ ഇവയിൽ പരിശീലനവും അറിവും കൂടാതെ വിശിഷ്ട വ്യക്തികളുമായി സംവാദം, വിനോദ യാത്ര, ഭാഷാ അറിവ്, പ്രകൃതി അറിവ്, പുസ്ത‌ക പരിചയം ഇവയെല്ലാം ക്യാമ്പിന്റെ ഭാഗമായിരിക്കും.
കളിയിടങ്ങളുടെ ശോഷണവും കളിയിടങ്ങളിൽ നിന്നുള്ള കുട്ടികളുടെ അകൽച്ചയും മറികടക്കാൻ രസകരവും പ്രചോദകവുമായ കായിക കളിയുത്സവം ഇത്തവണത്തെ ക്യാമ്പിന്റെ സവിശേഷതയാണ്.
ഒമ്പത് മുതൽ 16 വയസ് വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം, സമിതി സംരക്ഷണയിലുള്ള കുട്ടികളും ക്യാമ്പിന്റെ ഭാഗമായിരിക്കും. എട്ട് വിഷയങ്ങളിലാണ് തുടർ ക്ലാസുകൾ നടത്തുന്നത്. ശാരീരികവും മാനസികവും ഭാവനാപരവുമായ കലയും സംഗീതവും കായികവുമായ ഇനങ്ങളാണ് പാഠ്യവിഷയങ്ങളും അറിവരങ്ങും. രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ച് വരെയാണ് ക്യാമ്പ് സമയം. ഉച്ചയ്ക്ക് 12.30 വരെ ക്ലാസുകൾ നടക്കും.
നാടകം, നൃത്തം, ചിത്രരചന, സംഗീതം, വയലിൻ, ഗിത്താർ കീബോർഡ്, സ്പോക്കൺ ഇംഗ്ലീഷ്, കരാട്ടെ (മാർഷ്യൽ ആർട്‌സ്) എന്നിവയാണ് പഠന ഇനങ്ങൾ. എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷം അറിവും വിനോദവും കായിക കലയും പ്രവൃത്തിയും സമന്വയിക്കുന്ന വിവിധങ്ങളായ മേഖലകളെ രസകരമായി കുട്ടികൾ സമീപിക്കുന്ന പരിപാടികളായിരിക്കും.
അറിവരങ്ങിൽ ഉച്ചയ്ക്കുശേഷം : കഥ, കവിത, മാജിക്, ഭാഷ (അമൃതം മലയാളം) നാടൻ പാട്ടുകൾ (ചൊല്ലി പഠനം), ശാസ്ത്രം, ജീവിതം, കാർഷികം — അതിജീവനം, ഗണിതം-രസിതം, തൊഴിലറിവ്, ഒറിഗാമി, വേസ്റ്റ് മാനേജ്‌മെന്റ് എന്നിവയും മോട്ടിവേഷൻ ക്ലാസുകൾ എന്നിങ്ങനെ വിദഗ്‌ധർ ഏറ്റവും ലളിതവും രസകരവുമായി കുട്ടികൾക്കൊപ്പം ആടിപ്പാടി സംവദിക്കും. നവലോകത്തിന്റെ വിസ്മയ വാതായന കാഴ്‌ച എന്ന നിലയിൽ കോഡിങ് ആന്റ് റോബോട്ടിക്സസ്, ഗണിത ശാസ്ത്രം (ഗണിതം രസിതം) സ്പീച്ച് തെറാപ്പി എന്നിവ കളിയും പഠനവും പ്രവൃത്തിയുമാകും. ആഴ്‌ചയിൽ ഒരിക്കൽ ആരോഗ്യ പരിപാലനവും ആഹാര അറിവും സംബന്ധിച്ച ബോധവൽക്കരണം ഉണ്ടായിരിക്കും .
മലയാളം പള്ളിക്കൂടം

മാതൃഭാഷയില്‍ സാമൂഹ്യ വിഷയങ്ങളും നാടന്‍കളികളും നൈപുണ്യ വികസന പരിപാടികളുമായി മലയാളം പള്ളിക്കൂടത്തിന്റെ അവധിക്കാല ക്ലാസുകള്‍ ഏപ്രില്‍ ആറിന് ആരംഭിക്കും. തൈക്കാട് ഗവ. മോഡല്‍ എച്ച്എസ്എല്‍പി സ്കൂളില്‍ ഞായറാഴ്ചകളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വകെയാണ് ക്ലാസ്. വട്ടപ്പറമ്പില്‍ പീതാംബരന്‍, ആര്‍ട്ടിസ്റ്റ് ഭട്ടതിരി, ഡോ. സി ആര്‍ പ്രസാദ്, ബിനു ബി (ക്രൈംബ്രാഞ്ച് എഎസ്ഐ), കാര്‍ട്ടൂണിസ്റ്റ് ടി കെ സുജിത്, സില്‍വി മാക്സിമേന (ഡഫ് എജ്യുക്കേറ്റര്‍) എന്‍ കെ സുനില്‍കുമാര്‍ (അധ്യാപകന്‍ ), ആമിന നജുമ, കെ എല്‍ കല , രഹിത കൃഷ്ണകുമാര്‍, സുബിന്‍, അര്‍ച്ചന പരമേശ്വരന്‍ ( ഗായിക ) അപര്‍ണ ശ്രീനാഥ് തുടങ്ങിയവര്‍ ക്ലാസുകള്‍ നയിക്കും. കേരള സര്‍വകലാശാല കേരള പഠനവിഭാഗ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് നാടന്‍ കളികള്‍ പരിശീലിപ്പിക്കുക. മേയ് 31 വരെയാണ് അവധിക്കാല ക്ലാസ്. കൂടുതല്‍ വിവരങ്ങ­ള്‍ www.­malayalampallikkoodam.com എന്ന വെബ്സൈറ്റില്‍. 9188863955 എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്ക് സന്ദേശമയക്കാം.

സെന്‍ട്രല്‍ ലൈബ്രറിയില്‍ സമ്മര്‍ സ്കൂള്‍

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ സമ്മർ സ്കൂൾ ഏപ്രില്‍ 22 മുതല്‍ മെയ് 21വരെ നടക്കും. ഏപ്രില്‍ രണ്ടിന് രജിസ്ട്രേഷന്‍ ആരംഭിക്കും. 300 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. രാവിലെ 10.30 മുതല്‍ 3.30 വരെയാണ് സമയം. ആറാം ക്ലാസ് മുതല്‍ 10-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. വിവിധ പരിശീന ക്ലാസുകള്‍, മത്സരങ്ങള്‍, കലാപരിപാടികള്‍, നാടകം പരിശീലനം, സംഗീതം , ചിത്രരചന തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ ക്ലാസുകള്‍ ഉണ്ടാകും. ഫോണ്‍: 9895322895, 0471 2322895.

ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ ‘കളിയും ചിരിയും’

ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ ‘കളിയും ചിരിയും’ അവധിക്കാല ക്യാമ്പ് ഏപ്രിൽ രണ്ടിന് ആരംഭിക്കും. രാവിലെ 9.30 മുതൽ വൈകിട്ട് നാല് വരെ നടനഗ്രാമം ക്യാമ്പസസിൽ ആണ് ക്യാമ്പ്.
കുട്ടികളിലെ സർഗാത്മക കഴിവുകൾ വികസിപ്പിക്കാനും മാനസിക വളർച്ചയും സൗഹാർദ്ദവും കരുതലും ഉറപ്പാക്കാൻ സഹായമാകും വിധത്തിലാണ് മേയ് 30 വരെ വേനൽ കൂട്ടായ്മ ഒരുക്കിയിരിക്കുന്നത്. ദൈനംദിന ക്യാമ്പിനൊപ്പം യോഗാ പരിശീലനം, വിശിഷ്ട വ്യക്തികളുമായുള്ള സംവാദം, അഭിമുഖം, ചലച്ചിത്ര പഠന ആസ്വാദന ക്യാമ്പ്, വിനോദയാത്ര, പുസ്തക പരിചയം തുടങ്ങിയവ നടക്കും. രണ്ടു മാസത്തെ ക്യാമ്പിന്റെ അവസാന ദിവസം കളിയരങ്ങ് എന്ന പേരിൽ ഒരു ദിവസത്തെ കലാ കായിക പരിപാടികൾ നടനഗ്രാമത്തിൽ സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2364771, 8547913916.
തൈക്കാട് മോ‍ഡലല്‍ സ്കൂളില്‍പരിശീലനം

തൈക്കാട് മോഡല്‍ സ്കൂളില്‍ ക്രിക്കറ്റ്, ഹോക്കി, ഫുട്ബോള്‍, ബാസ്ക്കറ്റ് ബോള്‍ എന്നിവയില്‍ അവധിക്കാല പരിശീലനം നല്‍കും. പ്രവേശനം സൗജന്യമാണ്. ഏപ്രില്‍ 30 വരെയാണ് ക്ലാസ്. ഫോണ്‍— 9495826539.

ചിത്തിര തിരുന്നാൾ സംഗീത നാട്യകലാ സഹകരണ പഠനകേന്ദ്രം

ചിത്തിര തിരുന്നാൾ സംഗീത നാട്യകലാ സഹകരണ പഠനകേന്ദ്രത്തിൽ അവധിക്കാല ക്ലാസുകൾ ആരംഭിച്ചു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി, വീണ, ശാസ്ത്രീയ സംഗീതം, വയലിൻ, ചിത്രരചന തുടങ്ങിയ ക്ലാസുകളുണ്ടാകും. ഇന്നുമുതല്‍ മേയ് 31 വരെയാണ് പരിശീലനം. തിങ്കള്‍ മുതല്‍ വെള്ളി വരെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയാണ് ക്ലാസ്. ഇഷ്ടമുള്ള മൂന്ന് വിഷയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുക്കാം. ഫോൺ: 9400461190.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.