19 January 2026, Monday

Related news

January 16, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026
January 5, 2026

ഹോളീവുഡ് നടനും വ്യവസായിയുമായ തോമസ് ബെര്‍ളി അന്തരിച്ചു

Janayugom Webdesk
കൊച്ചി
December 17, 2024 10:27 am

ഹോളിവുഡ് സിനിമാ ലോകത്തേക്ക് എത്തിയ അപൂര്‍വം മലയാളികളിലൊരാളായിരുന്ന തോമസ് ബെര്‍ളി ഓര്‍മയായി. 1950കളിലാണ് തിരക്കഥയിലൂടെയും അഭിനയത്തിലൂടെയുമൊക്കം അദ്ദേഹം ഹോളിവുഡിലെത്തിയത്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സിനിമ പഠിക്കാന്‍ അമേരിക്കയിലേക്കു പോയ കലാകാരനാണ് തോമസ് ബെര്‍ളി. 1954ല്‍ അദ്ദേഹം ഹോളിവുഡ് സിനിമയില്‍ അഭിനയിക്കുകയും ഇംഗ്ലീഷ് സിനിമകള്‍ക്കു വേണ്ടി തിരക്കഥയെഴുതി. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലായിരുന്നു സിനിമാ പഠനം. പഠനകാലത്ത് തോമസ് ബെര്‍ളി എഴുതിയ ഒരു തിരക്കഥ കിങ് ബ്രദേഴ്‌സ് എന്ന കമ്പനി സിനിമയാക്കി. അക്കാലത്ത് അതിന് 2500 ഡോളര്‍ അദ്ദേഹത്തിനു ലഭിച്ചു. പിന്നീട് 15 വര്‍ഷക്കാലം അമേരിക്കയിലെ ടെലിവിഷന്‍-സിനിമ കമ്പനികളില്‍ പ്രവര്‍ത്തിച്ചു. ഇക്കാലത്താണ് ഹോളിവുഡ് സിനിമകളില്‍ അഭിനയിച്ചത്. നിരവധി തിരക്കഥകളുമെഴുതി.

തിരമാല എന്ന ചിത്രത്തില്‍ അഭിനയിച്ചു. ആ സിനിമയില്‍ തോമസ് ബെര്‍ളി നായകനായിരുന്നു. പ്രമുഖ നടന്‍ സത്യനായിരുന്നു ആ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തിയത്. പടം ഹിറ്റായെങ്കിലും സിനിമയ്ക്കു പിന്നാലെ പോകാന്‍ വീട്ടുകാര്‍ അദ്ദേഹത്തെ അനുവദിച്ചില്ല.
കൊച്ചിയിലെ കുരിശിങ്കല്‍ തറവാട്ടിലെ അംഗമായിരുന്ന അദ്ദേഹത്തിന് വീട്ടുകാര്‍ പറയുന്നത് കേള്‍ക്കേണ്ടി വന്നു. വീട്ടുകാരുടെ നിര്‍ബന്ധത്തിന് പഠനം തുടര്‍ന്നു. സിനിമ മാത്രമേ പഠിക്കൂ എന്ന് ശഠിച്ച അദ്ദേഹം അങ്ങനെയാണ് അമേരിക്കയില്‍ പഠനത്തിന് എത്തിയത്.

അമേരിക്കയില്‍നിന്ന് മടങ്ങി 10 വര്‍ഷത്തിനു ശേഷം ബെര്‍ളി വീണ്ടും മലയാള സിനിമയിലെത്തി. ‘ഇത് മനുഷ്യനോ’ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. കെ പി ഉമ്മറായിരുന്നു ആ ചിത്രത്തില്‍ നായകന്‍. 12 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒരു സിനിമ സംവിധാനം ചെയ്തു. ‘വെള്ളരിക്കാപ്പട്ടണം’ എന്ന ചിത്രമാണത്. പ്രേംനസീര്‍ അഭിനയിച്ച മുഴുനീള ഹാസ്യചിത്രം. ഇതിലെ പാട്ടുകള്‍ക്ക് ഈണം നല്‍കിയതും തോമസ് ബെര്‍ളി തന്നെയായിരുന്നു. സിനിമയും അതിലെ പാട്ടുകളും ഹിറ്റായിരുന്നു. ‘ഹോളിവുഡ് ഒരു മരീചിക’ എന്ന പേരില്‍ അദ്ദേഹത്തിന്റെ സിനിമാ ജീവിതം പുസ്തകമായി പുറത്തിറങ്ങിയിട്ടുണ്ട്. അതുള്‍പ്പെടെ നാല് പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.