18 February 2026, Wednesday

ഹോളിവുഡ് നടനും ഓസ്കർ ജേതാവുമായ ജീൻ ഹാക്ക്മാനെയും ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തി; വളർത്തുനായയുടെ ജഡവും വീടിനുള്ളിൽ കണ്ടെത്തി

Janayugom Webdesk
ന്യൂയോർക്ക്
February 27, 2025 8:48 pm

പ്രശസ്ത ഹോളിവുഡ് നടനും ഓസ്കർ ജേതാവുമായ ജീൻ ഹാക്ക്മാനെയും ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തി. ജീൻ ഹാക്ക്മാൻ (95), ഭാര്യ ബെറ്റ്സി അരക്കാവ (63) എന്നിവരെ അമേരിക്കയിലെ ന്യൂ മെക്സിക്കോയിലെ സാന്റാ ഫെയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ വളർത്തുനായയും വീടിനുള്ളിൽ ചത്ത നിലയിലാണ്. മരണ കാരണം വ്യക്തമല്ല. നൂറിലേറെ കഥാപാത്രങ്ങളെ അനശ്വരനാക്കിയ, രണ്ടുതവണ ഓസ്‌കര്‍ അവാര്‍ഡ് നേടിയ നടനാണ് ജീന്‍ ഹാക്ക്മാന്‍. 

1930‑ല്‍ കാലിഫോര്‍ണിയയില്‍ ജനിച്ച അദ്ദേഹം 16-ാം വയസ്സില്‍ സൈന്യത്തില്‍ ചേര്‍ന്നു. നാലരവര്‍ഷത്തെ സൈനികജീവിതത്തിന് ശേഷം ന്യൂയോര്‍ക്കില്‍ താമസിക്കുന്നതിനിടെയാണ് അഭിനയം പഠിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് കാലിഫോര്‍ണിയയിലെ ‘പസദേന പ്ലേഹൗസില്‍’ ചേര്‍ന്ന് അഭിനയം പഠിച്ചു. 1967 ൽ പുറത്തിറങ്ങിയ ബോണി ആൻഡ് ക്ലൈഡ് എന്ന സിനിമയിലൂടെയാണ് ജീൻ ഹാക്ക്മാന്‍ ശ്രദ്ധേയനായത്. ആറുപതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തില്‍ 2 അക്കാദമി അവാര്‍ഡ്, ബാഫ്റ്റ, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ നേടിയ അതുല്യപ്രതിഭയാണ് 95 കാരനായ ജീൻ ഹാക്മാന്‍. സൂപ്പർമാൻ, ഫ്രഞ്ച് കണക്ഷൻ, അൺഫൊർഗിവൻ, മിസിസിപ്പി ബേണിങ്, ബോണി ആൻഡ് ക്ലൈഡ്, റൺഎവേ ജൂറി തുടങ്ങിയവയാണ് ജീനിന്റെ പ്രശസ്ത സിനിമകൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.