ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുണർത്തി കുരുത്തോലകളേന്തി ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആഘോഷിക്കും.
യേശു ക്രിസ്തുവിന്റെ സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളായ പീഡാനുഭവവാരത്തിന് തുടക്കം കുറിക്കുന്നതാണ് ഓശാന ഞായർ. വലിയനോമ്പിന്റെ അവസാന വാരത്തിലേക്കാണ് ക്രൈസ്തവർ കടക്കുന്നത്. ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും ഉയിർപ്പിന്റെയും സ്മരണകൾ പുതുക്കുന്ന വിശുദ്ധവാരാചരണത്തിനു ക്രൈസ്തവ ദേവാലയങ്ങളെല്ലാം ഒരുങ്ങിക്കഴിഞ്ഞു. ഇന്നു മുതൽ ഈസ്റ്റർ ഞായർ വരെ ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷകൾ നടക്കും. ഇന്നു പള്ളികളിൽ കുരുത്തോല വെഞ്ചിരിപ്പ്, പ്രദക്ഷിണം, ദിവ്യബലി എന്നിവയുണ്ടാകും. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ തോപ്പിൽ മേരി ക്വീൻ പള്ളിയിൽ ഓശാന ഞായർ തിരുക്കർമങ്ങൾക്കു മുഖ്യകാർമികത്വം വഹിക്കും. രാവിലെ 6.30നാണ് ശുശ്രൂഷകൾ ആരംഭിക്കുക. എറണാകുളം സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ ഇന്നു രാവിലെ ഏഴിനാരംഭിക്കുന്ന ഓശാന ശുശ്രൂഷകളിൽ വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ കാർമികനാകും.
കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പഴമ്പിള്ളിച്ചാൽ സെന്റ്. മേരീസ് പള്ളിയിൽ രാവിലെ ഏഴിന് ഓശാന ഞായർ തിരുക്കർമങ്ങളിൽ കാർമികനാകും. ഫോർട്ട്കൊച്ചി സാന്താക്രൂസ് കത്തീഡ്രൽ ബസിലിക്കയിൽ രാവിലെ ഏഴിന് ആഘോഷമായ കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, ദിവ്യബലി എന്നിവ നടക്കും. പെസഹാവ്യാഴാഴ്ച ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷ, ദിവ്യബലി, പൂർണദിന ആരാധന എന്നിവയുണ്ടാകും. കാക്കനാട് സെൻറ്. ഫ്രാൻസിസ് അസീസി പള്ളിയിലെ ശുശ്രൂഷകളിൽ മാർ തട്ടിൽ കർമികത്വം വഹിക്കും. അന്നു വൈകുന്നേരം അഞ്ചിനാണ് എറണാകുളം സെൻറ്. ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ പെസഹാ ശുശ്രൂഷകൾ ആരംഭിക്കുക. ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ കാർമികനാകും. ഫോർട്ട്കൊച്ചി സാന്താക്രൂസ് ബസിലിക്കയിൽ രാവിലെ ആറിന് പെസഹാ ശുശ്രൂഷകൾ ആരംഭിക്കും. സീറോ മലബാർ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വിശുദ്ധവാരത്തിലെ എല്ലാ ദിവസവും രാവിലെ എഴിന് ശുശ്രൂഷകൾ ആരംഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.