22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 19, 2024
November 19, 2024
November 9, 2024
October 18, 2024
July 24, 2024
July 12, 2024
June 30, 2024
April 15, 2024
March 27, 2024
March 21, 2024

കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ അഴിമതിയില്‍ മുങ്ങി

സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന് ഒരുവര്‍ഷത്തിനിടെ 1,15,203 പരാതികള്‍ 
Janayugom Webdesk
ന്യൂഡല്‍ഹി
August 20, 2023 7:52 pm

രാജ്യത്ത് ഏറ്റവുമധികം അഴിമതി നടക്കുന്നത് ആഭ്യന്തര-റയില്‍വേ വകുപ്പുകളില്ലെന്ന് കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ (സിവിസി). 2022 ല്‍ മാത്രം 1,15,203 അഴിമതി സംബന്ധിച്ച പരാതികള്‍ ലഭിച്ചുവെന്നും സിവിസി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തര- റയില്‍വേ വകുപ്പിന് പുറമെ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെയും ആയിരക്കണക്കിന് പരാതികള്‍ ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസം സിവിസി പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് പ്രധാന വകുപ്പുകളില്‍ നടക്കുന്ന അഴിമതി സംബന്ധിച്ച പരാതികളുടെ നിജസ്ഥിതി വെളിച്ചത്ത് വന്നത്. പരാതികളില്‍ 85,437 എണ്ണം തീര്‍പ്പ് കല്‍പ്പിച്ചതായും, 29,766 പരാതികള്‍ തീര്‍പ്പ് കല്‍പ്പിക്കാനുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 22,034 എണ്ണം മൂന്നുമാസമായി തീര്‍പ്പാകാതെ ഇരിക്കുകയുമാണ്.
2022 ല്‍ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ നടത്തിയ അഴിമതി സംബന്ധിച്ച് 46,643 പരാതികള്‍ ലഭിച്ചു. 10,580 എണ്ണം റയില്‍വേ മന്ത്രാലയം ഉദ്യോഗസ്ഥര്‍ നടത്തിയ അഴിമതി സംബന്ധിച്ചുള്ളതാണ്. ബാങ്ക് ജീവനക്കാരുടെ അഴിമതി കണക്കില്‍ 8,129 പരാതികളും ലഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിനെതിരെ ലഭിച്ച 23,919 പരാതികളില്‍ തീര്‍പ്പ് കല്‍പ്പിച്ചതായും 22,724 എണ്ണം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
19,198 കേസുകള്‍ മൂന്നുമാസത്തിലധികമായി തുറന്ന് നോക്കിയിട്ടേയില്ല. റയില്‍വേ മന്ത്രാലയത്തില്‍ ലഭിച്ച 9,663 എണ്ണം തീര്‍പ്പ് കല്‍പ്പിക്കാന്‍ സാധിച്ചു. ശേഷിക്കുന്ന 917 എണ്ണം തീര്‍പ്പ് കല്‍പ്പിക്കാനുണ്ട്. ബാങ്കുകളെ സംബന്ധിച്ച് ലഭിച്ച 7,752 പരാതികളില്‍ പരിഹാരം കാണാന്‍ സാധിച്ചു. അവശേഷിക്കുന്ന 367 പരാതികളില്‍ തീരുമാനമായിട്ടില്ല. ഡല്‍ഹി നാഷണല്‍ ക്യാപിറ്റല്‍ ടെറിടറി, നഗര വികസന മന്ത്രാലയം, ഡല്‍ഹി ഡവലപ്പ്മെന്റ് അതോറിട്ടി, ഡല്‍ഹി മെട്രോ റയില്‍, ഹിന്ദുസ്ഥാന്‍ പ്രീഫാബ് തുടങ്ങിയ സുപ്രദാന വകുപ്പുകളിലും അഴിമതി സംബന്ധിച്ച് പരാതികള്‍ ലഭിച്ചു. ഖനി മന്ത്രാലയം, തൊഴില്‍, പെട്രോളിയം മന്ത്രാലയം തുടങ്ങിയ അനുബന്ധ വകുപ്പുകളിലും അഴിമതി നടന്നു.
ലഭിക്കുന്ന പരാതികളില്‍ മൂന്നുമാസത്തിനകം പരിശോധന നടത്തി തീര്‍പ്പ് കല്‍പ്പിക്കണമെന്ന് ചീഫ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി സിവിസി വൃത്തങ്ങള്‍ അറിയിച്ചു. അഴിമതി രഹിത ഭരണം വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മോഡി സര്‍ക്കാരിന് കീഴിലാണ് അഴിമതി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. നേരത്തെ കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി സിഎജി റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

Eng­lish Sum­ma­ry: Home min­istry offi­cials most cor­rupt, fol­lowed by rail­ways, banks
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.