
തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. തൂത്തുക്കുടി സ്വദേശിയായ കെവിൻ കുമാറിനെയാണ് (25) തിരുനെൽവേലിയിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട കെവിൻ ദലിത് വിഭാഗക്കാരനായിരുന്നു. ചെന്നൈയിലുള്ള ഐ.ടി സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു കെവിൻ. കെ.ടി.സി നഗറിലെ ഒരു സ്വാകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന തന്റെ സ്കൂൾ സഹപാഠിയുമായി കെവിൻ പ്രണയത്തിലായിരുന്നു.
കെവിനുമായുള്ള വിവാഹത്തെ എതിർത്ത് വീട്ടുകാര്‍ രംഗത്ത് നിന്നിരുന്നു. ഞാറാഴ്ച പെൺസുഹൃത്തിനെ കാണാൻ ആശുപത്രി പരിസരത്തെത്തിയ കെവിനെ, പെൺകുട്ടിയുടെ സഹോദരൻ സുർജിത് സംസാരിക്കാനെന്ന വ്യാജേന പിടിച്ചുകൊണ്ടുപോവുകയും സംസാരത്തിനിടയിൽ രോഷാകുലനായ സഹോദരൻ സുർജിത് കെവിനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു.
സംഭവസ്ഥലത്ത് നിന്നും സുർജിത് ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പാളയം കോട്ടൈ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. പൊലീസ് കെവിന്റെ മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി തിരുനെൽവേലിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കേസിൽ അന്വേഷണം ആരംഭച്ചതായി പൊലീസ് പറഞ്ഞു. കൊലപാതകം നടന്ന സ്ഥലത്തുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും.
കൊലപാതകം പെൺകുട്ടിയുടെ കുടുംബത്തിന്റെ ദുരഭിമാനം കൊണ്ടാണെന്ന് കെവിന്റെ ബന്ധുക്കൾ ആരോപിച്ചു. സഹോദരൻ സുർജിത്തിനെതിരെ മാത്രമല്ല, തമിഴ്നാട് പൊലീസിൽ സേവനമനുഷ്ഠിക്കുന്ന മാതാപിതാക്കൾക്കെതിരെയും കേസ് എടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.